
മുറുകെപ്പിടിയ്ക്കായ്ക, വേദനിച്ചിടും കൈക-
ളറിയൂ എന്നും ബന്ധനങ്ങൾ വേദന മാത്രം
അയഞ്ഞു പോകേണ്ട നിൻ കൈകളിന്നറിയുക
അകന്നേ പോകാനതു കാരണമായീടുന്നു
കരഞ്ഞു പിറക്കുന്നു ഭൂവിതിൽ നാമെന്നാലോ
കരയാൻ മാത്രം പിറക്കുന്നതെന്തിനാണാവോ?
ചിരിയ്ക്കാൻ, നടക്കുവാൻ , നിവർന്നു നിൽക്കാൻ പിന്നെ-
നിനക്കായ് നീ താൻ തീർത്ത വഴിത്താരകൾ താണ്ടാൻ
ഒടുക്കം കുറ്റം പറഞ്ഞീടുവാൻ വിധി തന്നെ-
പ്പതുക്കെപ്പലവട്ടം, വഴിതെറ്റിടും നേരം
ഒരു വേള ചിന്തിച്ചാൽ സ്വാതന്ത്ര്യം നിൻ ജന്മത്താൽ,
അതിനപ്പുറം ബന്ധനങ്ങൾ ബന്ധത്താലേകി
ഇടവിട്ടായ് നീ കണ്ണുനീരിനോടൊപ്പം ചില
മധുര നിമിഷവും പങ്കിട്ടെന്നാകിൽക്കൂടി
മനുഷ്യാ ദു:ഖം തന്നെ ജീവിതസ്ഥായീ ഭാവ-
മറിക, കഷായത്തിൻ മേമ്പൊടിയായിച്ചേർക്കും
ഒരു കൊച്ചു ശർക്ക ക്കഷണം സുഖമത്രേ
കുടിയ്ക്കാം കഷായങ്ങൾ മധുരം നുണയാനായ്.
One Comment
കവിത വായിച്ചു..
ഇനിയുമെഴുതുക…ആശംസകള്‍
സസ്നേഹം
Post a Comment