അമ്മേ…ജഗദംബികേ…മൂകാംബികേ….

Posted by & filed under Yathravivaranangal.

അവിചാരിതമായിതാ ഒരിയ്ക്കൽക്കൂടി മൂകാംബികയിലേയ്ക്കൊരു ക്ഷണം .അത്ഭുതം തോന്നി.രണ്ടുവർഷം മുൻപാണു ആദ്യമായി മൂകാംബികയിൽ‌ പോയതു . അന്നനുഭവിച്ച അനിർവചനീയമായ ആനന്ദം ഇനിയും എന്നെ വിട്ടു പിരിഞ്ഞില്ല. മറ്റു രണ്ടു കുടുംബ സുഹൃത്തുക്കൾക്കൊപ്പം ഞങ്ങളും കുടുംബ സമേതം തന്നെയാണു അന്നു പോയതു. പലരും പറഞ്ഞും കേട്ടുമുള്ള അറിവു മാത്രമേ ഉണ്ടായിരുന്നുള്ളൂ, എനിയ്ക്കു. സന്നിധാനത്തിലെത്തിയപ്പോൾ കിട്ടിയ അസാധാരണമായ മാനസികമ്സ്സ്യ്സ് ഉണർവു  ഒരു പുതിയ അനുഭവമായി മാറി. ഒരു പാടു മുൻപു തന്നെ ഇവിടെ  വരേണ്ടിയതായിരുന്നെന്ന  തോന്നലിനൊപ്പം തന്നെ ധാരാളമായി വന്നിട്ടുള്ള സ്ഥലമെന്ന തോന്നലും ഉണ്ടായി. അന്നു തൊഴലും കൂടെ വന്നിരുന്ന ഒരു ബന്ധുവിന്റെ കുട്ടിയുടെ എഴുത്തിനിരുത്തലും ഉണ്ടായി. വൈകീട്ടു തൊഴുതു വന്ന ശേഷം സരസ്വതീ മണ്ഡപത്തിലിരുന്നു ഞങ്ങളുടെ കൂടെ വന്നിരുന്ന കലാമണ്ഡലം ഗിരീശൻ കീർത്തനങ്ങളാലാപിയ്ക്കുന്ന നേരത്തു കയ്യിലിരുന്ന ഒരു തുണ്ടു കടലാസ്സിൽ നിമിഷങ്ങൾ കൊണ്ടൊരു ശ്ലോകം തീർത്തതും ഗിരീശൻ തന്നെ അതു അവിടെ പാടിയതും അവാച്യമായ അനുഭൂതി നേടിത്തന്നു. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ആദ്യമായി എഴുതിയതു അന്നായിരുന്നു.കുട്ടികളും മീഡിയ ഫീൽഡിലായതിനാൽ വളരെ ഭക്തിപൂർവ്വം പ്രാർത്ഥിച്ചു സംതൃപ്തരായി.തിരിച്ചു  വന്നപ്പോൾ ദേവിയുടെ ദർശനത്താലുള്ള നവോന്മേഷം കൂടുതൽ കൂടുതൽ എഴുതാനായി എന്നെ പ്രേരിപ്പിയ്ക്കുകയും അതുവരെയുണ്ടായിരുന്ന മടി കളഞ്ഞു ഞാൻ തുടങ്ങി വച്ചിരുന്ന എന്റെ ബ്ളോഗ് ആയ www.jyothirmayam.com സമ്പന്നമാക്കാനും എനിയ്ക്കു കഴിഞ്ഞു. ആത്മവിശ്വാസം വീണ്ടെടുക്കൽ വഴി മുന്നോട്ടു പോകാനുള്ള ത്വര അതു വരെ അറിയാത്ത പല വാതിലുകളും എനിയ്ക്കു തുറന്നു തന്നു. കേട്ടിട്ടുണ്ടു, മൂകാംബികയിൽ ദേവി വിളിച്ചാൽ മാത്രമേ പോകാനൊക്കൂ എന്നു. എന്റെ കാര്യത്തിൽ സംശയമില്ല, അനുഭവത്തിൽ നിന്നും മനസ്സിലായി.ഇഷ്ടപ്പെട്ട ജോലി കിട്ടാനായി കുട്ടികളുടെ പേരിൽ എന്തു വഴിപാടു ചെയ്യണമെന്ന ചോദ്യത്തിനു അതിനായി പ്രാർത്ഥിച്ചാൽ മാത്രം മതിയെന്നായിരുന്നു പൂജാരിയുടെ മറുപടി. എല്ലാ കടാക്ഷത്തിനും ദേവിയെ അനുസ്മരിച്ചിരിയ്ക്കുമ്പോൾ ഇതാ വരുന്നു വീണ്ടും വിളി. എങ്ങിനെ അത്ഭുതപ്പെടാതിരിയ്ക്കും?കഴിഞ്ഞ പ്രാവശ്യം വാഹനം ബുക്കു ചെയ്തു റോഡു വഴിയാണു മുംബൈയിൽ നിന്നും മൂകാംബികയ്ക്കു പോയതു. ബുദ്ധിമുട്ടു കുറയ്ക്കാനായി ഇത്തവണ റെയിൽ വഴിയാണു ടിക്കറ്റെടുത്തതു. മത്സ്യഗന്ധ എക്സ്പ്രസ്സിൽ. ആകപ്പാടെ 25 പേർ.മുംബൈ ലോകമാന്യ തിലക് ടെർമിനസ്സിൽ നിന്നും ഉച്ചയ്ക്കു 2മണിയോടെ പുറപ്പെടുന്ന മത്സ്യഗന്ധ ഭട്ക്കലിനും കുന്ദാപുരത്തിനും ഇടയിലുള്ള വളരെ  ചെറിയ സ്റ്റേഷൻ ആയ ബൈന്ദൂർ മൂകാംബികറോഡിൽ രാവിലെ 5.25നു എത്തേണ്ടതിനു പകരം വൈകി എത്തിയതു  7 മണിയോടെയാണു.മറ്റു ചില ബന്ധുക്കൾ നേരിയ്ട്ടും മൂകാംബികയിലേയ്ക്കു നാട്ടിൽ നിന്നുമെത്തി.നേരത്തെ തന്നെ  താമസസ്ഥലം, അവിടെയെത്താൻ വാഹനം എന്നിവയൊക്കെ ബുക്കു ചെയ്തിരുന്നു. ബൈന്ദൂർ –മൂകാംബികാറോഡിൽ വണ്ടിയിറങ്ങൂമ്പോൾ വാഹനം റെഡി. ഏതാണ്ടു 45 മിനിറ്റു നേരത്തെ യാത്രയ്ക്കുശേഷം മൂകാംബികയിൽ ഗസ്റ്റുഹൌസിൽ എത്തി. പ്രഭാതപരിപാടികളും കുളിയും കഴിഞ്ഞതും നേരെ അമ്പലത്തിലേയ്ക്കു.

നഗ്നപാദയായി അമ്പലത്തിലേയ്ക്കു നടക്കുന്ന സമയം മനസ്സിൽ പല ചിന്തകളും കടന്നു കൂടി. സന്നിധാനത്തിലെത്താനും ദേവിയെ കാണാനും തിടുക്കമായി. തൊട്ടടുത്തു തന്നെയുള്ള പഞ്ചമുഖഗണപതികോവിലിൽ തൊഴുത ശേഷമാണു മൂകാംബികയെ തൊഴാൻ പോയതു. റോഡിൽ നിറയെ പശുക്കൾ. പൂക്കളും പൂജാദ്രവ്യങ്ങളും വിൽക്കുന്നവരുടെ  നിരന്തരമായ വിളി. പടിഞ്ഞാറെ ഗോപുരത്തിലൂടെ കടന്നു മെറ്റൽ ഡോറിലൂടെ അകത്തു കടന്നു ചുറ്റമ്പലത്തിലെത്തി.നടയ്ക്കൽ നിന്നു തൊഴുതു.അകത്തു വളരേ ശാന്തമായ അന്തരീക്ഷം.അൽ‌പ്പം തിരക്കുള്ളതിനാൽ ലൈനിൽ അൽ‌പ്പനേരം നിന്നാണു  അകത്തു കടന്നതു. നടയ്ക്കു നേരെ നിന്നു തൊഴുന്ന സമയത്തു മനസ്സിനെ ഏകാഗ്രമാക്കാൻ വ്യഥാ ശ്രമിച്ചു. എന്താണു പ്രാർത്ഥിയ്ക്കേണ്ടതെന്നറിയുന്നില്ല. കണ്ണടച്ചു കൈ കൂപ്പാനേ കഴിഞ്ഞുള്ളൂ. അദ്വൈതാചാര്യൻ കൺകുളിർക്കേകണ്ടു സായൂജ്യമടഞ്ഞ ശക്തിസ്വരൂപിണി.(ഇന്നും ഇവിടുത്തെ പൂജയും അനുഷ്ഠാനങ്ങളും ആദി ശങ്കരൻ നിശ്ചയിച്ചു വച്ചതു തന്നെ.)ശംഖചക്രാഭയാഭീഷ്ട ഹസ്തയും പത്മാസനസ്ഥിതയുമായ പരബ്രഹ്മസ്വരൂപിണി. ജാതി മത ഭേദമെന്യേ ദശലക്ഷ്ങ്ങൾ അറിവിന്റെ വെട്ടത്തിലേയ്ക്കു കുട്ടികളെ ഹരിശ്രീ കുറിയ്പ്പിയ്ക്കാനായെത്തുന്ന  ദിവ്യ സന്നിധി. രോമകൂപങ്ങൾ എഴുന്നേറ്റു നിന്നു. ദേവിയുടെ മുഖത്തെ ഭാവം അളക്കാനാവുന്നില്ല. ബ്രാഹ്മിയും, വൈഷ്ണവിയും, ശാംഭവിയും, കുമാരിയും, ഇന്ദ്രാണിയും, വാരാഹിയും, ഭദ്രയും, വീരഭദ്രനും, ഗണപതിയും മൂകാസുര നിഗ്രഹത്തിനായി തങ്ങളുടെ ശക്തികളെ ഏകീകരിച്ചപ്പോഴുണ്ടായ ശക്തിസ്വരൂപിണി. വിശ്വജനനി.ആമുഖത്തു ഇല്ലാത്ത ഭാവങ്ങൾ എന്തുണ്ടു? മുന്നിലായി കോലമഹർഷി പൂജിച്ചിരുന്ന സ്വയംഭൂലിംഗത്തേയും മനസ്സിൽ കണ്ടു തൊഴാൻ മറന്നില്ല. അറിയാവുന്ന സരസ്വതീ സ്തോത്രങ്ങളും ഉരുവിട്ടു.എന്തെല്ലാമോ വികാരങ്ങൾ മനസ്സിനെ കീഴടക്കിയ പ്രതീതി. അറിയാതെ ഒരു  തണുപ്പു മനസ്സിലേയ്ക്കു അരിച്ചിറങ്ങിവരുന്നതുപോലെ. നാലമ്പലത്തിണ്ണയിൽ കയറിനിന്നു വീണ്ടും അല്പനേരം ധ്യാനിച്ചു. തൊഴുതു നിന്നിരുന്ന ഒരു ഭക്തൻ വളരെ ദയവോടെ മതിയാവോളം തൊഴാനായി സ്ഥലം മാറിത്തന്നു. ചുറ്റമ്പലത്തിലെ ശങ്കരപീഠത്തിനു മുന്നിൽ  ആദിശങ്കരനെ അനുസ്മരിച്ചു വണങ്ങി. നമസ്ക്കരിച്ചശേഷം മറ്റു ദേവന്മാരായ അറുമുഖൻ, പാർത്ഥേശ്വരൻ, നഞ്ജുണ്ഡേശ്വരൻ, പഞ്ചമുഖ ഗണപതി, ഹനുമാൻ, വീരഭദ്രൻ, ഗോവർദ്ധനോദ്ധാരിയായ കൃഷ്ണൻ എന്നിവരേയും തൊഴുത ശേഷം സരസ്വതീ മണ്ഡപത്തിലിരുന്നു അൽ‌പ്പനേരം പ്രാർത്ഥിച്ചു. പ്രഭാതഭക്ഷണശേഷം കുടജാദ്രി കയറാനായിരുന്നു പ്ളാൻ.

കുടജാദ്രി

മൃതസഞ്ജീവനികൊണ്ടുവരാനായി പോയ ഹനുമാൻ, മരുന്നുകൾ തിരിച്ചറിയാനാകാതെ മലയുമെടുത്തു മടങ്ങുന്ന നേരത്തു മലയുടെ കഷ്ണങ്ങൾ വീണുണ്ടായതാണു കുടജാദ്രിയെന്നു പറയപ്പെടുന്നു. ഇതു സമുദ്ര നിരപ്പിൽ നിന്നും 4500 അടി ഉയരത്തിലാണു സ്ഥിതി ചെയ്യുന്നതു.കുടജാദ്രിയെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടു. എല്ലാവരുടെയും മനസ്സിനെ സ്വാധീനിച്ച കുടജാദ്രിയിൽ…എന്നു തുടങ്ങുന്ന ഗാനം  കേൾക്കാത്തവരുണ്ടാകില്ല. വളരെയേറെ മോഹിച്ചെങ്കിലും കഴിഞ്ഞ പ്രാവശ്യം നടക്കാതെ പോയ ഒരാഗ്രഹമായിരുന്നു കുടജാദ്രിയിൽ പോകൽ.  കൊല്ലൂരിൽ നിന്നും  നോക്കിയാൽ ഏത്താണ്ടു 25 കിലോമീറ്റർ അകലെയായി തലയുയർത്തി നിൽക്കുന്ന കുടജാദ്രിയുടെ മനോമോഹനമായ ദൃശ്യം കാണാനാകും.കരൻ കട്ടെ അല്ലെങ്കിൽ നാഗോഡ് വരെ വേണമെങ്കിൽ ബസ്സിൽ പോകാമെങ്കിലും ഞങ്ങൾ മൂകാംബികയിൽ നിന്നു തന്നെ ജീപ് ഏർപ്പാടു ചെയ്യുകയാണുണ്ടായതു. നാഗ്ഗോഡയിൽ ഒരു ചെറിയ ചെക്ക് പോസ്റ്റ് ഉണ്ടു. ഇനിയങ്ങോട്ടു വഴി അൽ‌പ്പം മോശം തന്നെ. എത്തിച്ചേരുന്നതു പുൽത്തകിടികളും മേടുകളും നിറഞ്ഞ പ്രദേശങ്ങളിലാണു. ഇന്ത്യയിൽ ഇത്രയും നല്ല മെഡോസ്  ഉണ്ടെന്നതു തന്നെ ഒരു പുതിയ അറിവായിരുന്നു. ഒരു വശം പുൽത്തകിടികൾ നിറഞ്ഞ മേട , മറു വശം അഗാധമായ മലയിടുക്കുകൾ. താഴ്വാരങ്ങൾ. അകലെ കുടജാദ്രി മാടി വിളിയ്ക്കുന്നു. പോകുന്ന വഴിയിൽ കാട്ടുപോത്തുകളെയും പുലിയേയുമൊക്കെ കാണാറുണ്ടെന്നു ഡ്രൈവർ പറഞ്ഞെങ്കിലും ഒന്നും കണ്ടില്ല. പച്ചപ്പുല്ലുമൂടിയ സമതലങ്ങൾ കാൻ വാസു പോലെ പരന്നു കിടക്കുന്ന ഈ പ്രദേശം മനസ്സിൽ എത്ര ഒപ്പിയെടുത്താലും മതി വരില്ല. ജീപ്പിൽ നിന്നും ഇറങ്ങി അവിടെയെല്ലാം നടക്കുവാനാണു തോന്നിയതു.  ഏതാണ്ടു 8 കിലോമീറ്ററോളം കഴിഞ്ഞപ്പോൾ ഒരു തുറന്ന സ്ഥലത്തെത്തി. ഇവിടെ ആൾത്താമസം ഉണ്ടു. ഒരു ചെറിയ ചായക്കടയും കണ്ടു. ഞങ്ങളുടെ ഡ്രൈവർ താഴെയിറങ്ങി, ജീപ്പിന്റെ മുൻ വശത്തെ ഗ്ളാസ് ഉയർത്തി വച്ചു. പൊടി പടലം വന്നു മൂടി ഗ്ളാസിൽക്കൂടി ഒന്നും കാണാനാവതെ വരും. ഇനിയങ്ങോട്ടു വഴി ഏതാണ്ടു പത്തു കിലോമീറ്റർ കാണും, തീരെ മോശം, അതിദുർഘടമാണു താനും. കയറാൻ ഒരു മണിക്കൂറെങ്കിലും സമയമെടുക്കും.അത്ര പതുക്കെയേ മുന്നോട്ടു പോകാനാവൂ.മന:പൂർവ്വമായി വഴി നന്നാക്കാതിരിയ്ക്കുകയാണു കർണ്ണാടക സർക്കാർ. കാരണം പിന്നെ സിവിലൈസേഷൻ കൂടുതലാവുകയും പവിത്രമായ ഈ സ്ഥലത്തിന്റെ നൈർമ്മല്യം നഷ്ടപ്പെടുകയും ചെയ്യുമെന്ന ഭയത്താൽ. ഒരു സിഗററ്റും വലിച്ചൂതി ഉഷാറായി സീറ്റിലിരുന്ന ഡ്രൈവർ ഏതോ കന്നഡ പാട്ടു പാടാൻ തുടങ്ങി. വഴി മുന്നോട്ടു പോകുംതോറും കൂടുതൽ ക്കൂടുതൽ മോശമായി.ഡ്രൈവർ വാചാലനായി. കഴിഞ്ഞ 22 വർഷമായി ഈ റൂട്ടിൽ വണ്ടി ഓടിയ്ക്കുന്നു. മുകളിലേയ്ക്കു ദുഷ്ക്കരമായ കേറ്റം, 48 ഹെയർപിൻ വളവുകൾ. ഒരു വശത്തു മലയും മറുവശത്തു അഗാധതയും. കുലുങ്ങിക്കുലുങ്ങിയാണു യാത്ര. കുടജാദ്രിയ്ക്കു പുറപ്പെടുമ്പോൾ തന്നെ പലരും പറഞ്ഞിരുന്നു, ഭക്ഷണം മിതമായി കഴിച്ചാൽ മതി,ഛർദ്ദിയ്ക്കാൻ തോന്നിയെന്നു വരുമെന്നു. ചിലരൊക്കെ സംശയം പറഞ്ഞെങ്കിലും ആരും ഛർദ്ദിയ്ക്കയുണ്ടായില്ല ഭാഗ്യത്തിനു. ചുറ്റും മനോഹരമായ ദൃശ്യങ്ങൾ, പക്ഷേ ആസ്വദിയ്ക്കാനുള്ള മനസ്ഥിതിയിലായിരുന്നില്ല പലരും. ചില സ്ഥലങ്ങളിൽ ഹെയർപിൻ വളവിന്റെ വീതി കുറവു ശരിയ്ക്കും ഭയപ്പെടുത്തി. പലപ്പോഴും ഇത്തരം യാത്രകളിൽ കുട്ടികളും സ്ത്രീകളും കരയാറുണ്ടത്രെ! തൊട്ടു പുറകിലായി വന്നിരുന്ന മറ്റൊരു ജീപ്പിന്റെ ചലനം കണ്ടപ്പോഴാണു ശരിയ്ക്കും കാര്യം മനസ്സിലായതു. എന്തായാലും കുഴപ്പമൊന്നും കൂടാതെ ഞങ്ങൾ മുകളിലെത്തിയപ്പോൾ ഞങ്ങളുടെ കൂടെയുള്ളവർ വന്നിരുന്ന മറ്റു രണ്ടു ജീപ്പുകളും അവിടെ എത്ത്ക്കഴിഞ്ഞിരുന്നു.

ഞങ്ങളുടെ ജീപ്പു പാർക്കു ചെയ്തതു ഒരൽ‌പ്പം മുകളിലിലായി മൂലസ്ഥാനത്തെ അമ്പലത്തിനുതൊട്ടായാണു. അഡിഗകളുടെ ഭവനവും അതിനോടു ചേർന്നുള്ള  രണ്ടുക്ഷേത്രങ്ങളും തൊട്ടുള്ള തണുപ്പേറിയ വെള്ളമുള്ള കൊച്ചു കുളവും മറക്കാനാവാത്ത കാഴ്ച്ചയാണു. കുറേ വെള്ളമെടുത്തു തലയിലും മുഖത്തുമൊഴിച്ചു. ഒരു നവോന്മേഷം വന്നപോലെ. അമ്പലത്തിൽ തൊഴുതു. ഇനി മുകളിലേയ്ക്കു കയറ്റം നടന്നു കയറണം. ഒന്നര മണിക്കൂർ സമയമെടുക്കുമെന്നാണു പറഞ്ഞതു. ഉത്സാഹത്തോടെ ഞങ്ങൾ കയറ്റം തുടങ്ങി.ചുറ്റുമുള്ള ഹരിതാഭ നിറഞ്ഞ ദൃശ്യങ്ങൾ കയറ്റത്തിന്റെ ആയാസം കുറച്ചു തന്നു.പലയിടത്തും കാട്ടുപുഷ്പ്പങ്ങൾ ഗന്ധം പരത്തി നിൽക്കുന്നു. അത്യന്തം ദുഷ്കരമായ കയറ്റം അരമണിക്കൂറിലധികം കയറിയ ശേഷം ഞങ്ങൾക്കു തിരിച്ചിറങ്ങേണ്ടി വന്നു. കൂട്ടത്തിൽ കുട്ടികളും ഇനിയും മുകളിലേയ്ക്കു കയറാൻ ബുദ്ധിമുട്ടുന്നവരും ഉണ്ടായിരുന്നു. മുകളിൽ കോലമഹർഷി തപം ചെയ്ത സ്ഥലവും ശ്രീ ശങ്കരാചാര്യർ പരമോന്നത സമാധിയിൽ ലയിച്ചു സർവജ്ഞപീഠം കയറിയ കരിങ്കൽ മണ്ഡപവും ഗണപതി ഗുഹയും ചിത്രമൂലയും അംബാവനവും  ഒക്കെ മനസ്സിൽ സ്വപ്നമായി മാറി. കുടജാദ്രിയുടെ ഉത്തുംഗതയിൽ കാണാനാകുന്ന സൂര്യോദയവും സൂര്യാസ്തമനവും ഒരിയ്ക്കലും മറക്കാനാവാത്ത സ്വർഗ്ഗീയ ദൃശ്യങ്ങളാണെന്നു വായിച്ചിട്ടുണ്ടു. പച്ചപ്പട്ടു പുതച്ച വനത്തിന്റെ നിബിഡതയിൽ പ്രകൃതിയുടെ മുഴുവൻ സൌന്ദര്യവും ആവാഹിച്ചു തപോധനന്മാർ ഈ ശൃംഗത്തിൽ കഠിന തപം ചെയ്തിരുന്നു. പ്രകൃതിയിൽ വിലയം പ്രാപിച്ചു , അനന്തതയുടെ ആഴമറിഞ്ഞു, മനസ്സിനെ സ്വച്ഛമാക്കി , ആത്മബോധത്തിന്റെ ശൃംഗം കൂടി അവർ കീഴടക്കി. മനസ്സിൽ ഈ വിചാരങ്ങൾ നിറഞ്ഞു നിന്നപ്പോൾ അലൌകികമായ എന്തോ ഒരു വികാരം ആകെ മൂടുന്നതായി തോന്നി…അമ്മേ…മൂകാംബികേ…

ജീപ്പു നിർത്തിയ സ്ഥലത്തിനു തൊട്ടുള്ള പുരോഹിതഭവനത്തിൽൽ നിന്നും കിട്ടിയ ചൂടുള്ള ഉപ്പുമാവും ചായയും ആതിഥേയത്വവും മറക്കാനാവില്ല. അല്ലാതെ മറ്റു ഭക്ഷണമൊന്നും അവിടെ കിട്ടുകയുമില്ല. എല്ലാവർക്കും മല കയറിയതിനാലാവാം, നല്ല വിശപ്പു.  കൈ കഴുകാനായി പുറകു  വശത്തു ചെന്നപ്പോൾ വെള്ളം കുത്തിയൊലിയ്ക്കുന്ന ശബ്ദം. വീടിന്റെ ചുമരിനു തൊട്ടുപുറകിൽ ഒരു ചെറിയ ഉറവ താഴേയ്ക്കു പതിയ്ക്കുന്ന ശബ്ദമാണു കേട്ടതു. കൈയിൽ എടുത്തപ്പോൾ നല്ല തണുപ്പു.  ഗംഗയുടെ പവിത്രത കൈയിൽ നിറഞ്ഞ പ്രതീതി. അന്തരീക്ഷത്തിനു നല്ല തണുപ്പു.തിരിച്ചു ജീപ്പിൽ കയറുമ്പോൾ എല്ലാവരുടേയും മനസ്സിൽ ഇനിയും എന്നാണിങ്ങോട്ടു വരാനാകുകയെന്ന ചോദ്യമായിരുന്നു. ഒരു രസത്തിനായി ഹെയർപിൻ വളവുകൾ  എണ്ണിയെണ്ണി ഞങ്ങൾ താഴെയെത്തി.അൽ‌പ്പം വിശ്രമിച്ചശേഷം കുളിച്ചു അമ്പലത്തിലെത്തി.

അമ്പലത്തിൽ തൊഴലും പ്രധാന വഴിപാടുകളിലൊന്നായ കുടുംബപൂജയിൽ ഭാഗഭാക്കാവുകയും ചെയ്തശേഷം കത്തിച്ചു വച്ച നിലവിളക്കുമായി തിരുനടയിൽ പ്രത്യേകമായ പൂജയും നടത്തി പുറത്തു വന്നപ്പോൾ സരസ്വതീമണ്ഡപത്തിൽ കദരീഗോപാലനാഥിന്റെ സക്സോഫോൺ കച്ചേരി തകർത്തു നടക്കുന്നു. തൊട്ടരികേയിരുന്നു ഒന്നര മണിക്കൂർ നേരം കച്ചേരി ആസ്വദിച്ചു. മഹാഭാഗ്യമായി തോന്നി. ഞങ്ങളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ ആരാധകരും ഉണ്ടായിരുന്നു. 20 നിലയിലായി കത്തിച്ചു വച്ചിരിയ്ക്കുന്ന ദീപസ്തംഭത്തിലെ നിറതിരികളുടെ അഭൌമികമായ  സുവർണ്ണവെളിച്ചത്തിൽവെട്ടിത്തിളങ്ങുന്ന കൊടിമരക്കീഴിൽ ദേവിയെ പുറത്തെ ശീവേലിയ്ക്കു എഴുന്നളളിയ്ക്കുന്ന സമയത്തു കൂടെ അമ്പലത്തിനു ചുറ്റും ഭക്തജനങ്ങൾ പ്രദക്ഷിണം നടത്തുന്നു..  ഈ സമയത്താണു ഗായകർ സാധാരണയായി പാടാറുള്ളതു, ദേവിയെ സരസ്വതീരൂപത്തിൽ പൂജ ചെയ്യുന്ന സമയവും അപ്പോഴാണു. രാത്രിപ്പൂജയ്ക്കുശേഷം കഷായസേവ കഴിഞ്ഞു അമ്പലത്തിലെ തന്നെ വഴിപാടൂട്ട്  അത്താഴമായി  കഴിച്ചപ്പോൾ അവാച്യമായ സന്തോഷം തോന്നി. ഞങ്ങളുടെ കൂട്ടത്തിൽ വന്ന  ഒരു ഗുജറാത്തി പയ്യനു ഈ അനുഭവം എത്രയും ഹൃദ്യമായി ത്തോന്നി. ഒരു വട്ടം കൂടി ക്യൂവിൽ പോയി നിൽക്കാൻ തോന്നുന്നുവെന്നു പറഞ്ഞപ്പോൾ അത്ഭുതം തോന്നി. പുറത്തു തകൃതിയായ മഴ. ഇടിയും കൂടെ. അസ്ബറ്റോസ് ഷീറ്റുകളിൽ താളലയത്തിൽ മഴയുടെ സംഗീതം. ആ മഴയിൽ കുതിർന്നു ഞങ്ങൾ  ഗസ്റ്റ് ഹൌസിൽ തിരിച്ചെത്തി.  ഇലെക്ട്രിസിറ്റി പോയിരിയ്ക്കുന്നു.  അൽ‌പ്പനേരം വർത്തമാനം പറഞ്ഞിരുന്നപ്പോൾ കറണ്ടു വന്നു. എല്ലാവരും നേരത്തേ കിടന്നു . നാളെ രാവിലെ തൊഴലും കുട്ടിയെ എഴുത്തിനിരുത്തലും സൌപർണ്ണികാദർശനവും ആണ് . അതിരറ്റ ആകാക്ഷയോടെയാണു ഞങ്ങളെല്ലാം ഉറങ്ങാൻ കിടന്നതു.

രാവിലെ 5 മണിയ്ക്കെഴുന്നേറ്റ് കുളിച്ചു താഴെ വന്നപ്പോഴാണറിഞ്ഞതു, പലരും രാവിലെ കുളിയ്ക്കാനായി സൌപർണ്ണികയിൽ പോയെന്നു. കടുത്ത ഇച്ഛാഭംഗം തോന്നി. അമ്പലത്തിൽ പോയി കുറെയേറെ നേരം തൊഴുതു നിന്നു . കണ്ണിൽ വെള്ളം നിറഞ്ഞു. സായൂജ്യം കിട്ടിയപോലെ.  സരസ്വതീ മണ്ഡപത്തിൽ തിരക്കു കൂടുന്നതിനു മുൻപേ തന്നെ സുഹൃത്തിന്റെ കുട്ടിയുടെ എഴുത്തിനിരുത്തൽ നടത്തി.തുടർന്നു ഞങ്ങളുടെ കൂടെ വന്നിരുന്ന പലരും കീർത്തനങ്ങളും, കഥകളിപ്പദവും പാടി. ഓടക്കുഴലിലൂടെയും ദേവിയെ സ്തുതിച്ചു.കുട്ടികൾ ആരോ ഡാൻസ് ചെയ്തു. ഞങ്ങൾ സ്ത്രീകൾ 10-12 പേർ ചേർന്നു ഒരു  മോഹം തോന്നിയതിനാൽ ഒരു സരസ്വതീ വന്ദനം പാടി കൈകൊട്ടിക്കളിച്ചു. അതിനു കഴിഞ്ഞതിൽ സന്തൊഷം തോന്നി. സരസ്വതീ മണ്ഡപത്തിലിരുന്നു ഒരു  ശ്ളോകവും കീർത്തനവും എഴുതി സ്വയം വായിച്ചപ്പോൾ എനിയ്ക്കു എന്തെന്നില്ലാത്ത ഒരു ആത്മ സംതൃപ്തി കിട്ടി.. ഒരിയ്ക്കൽക്കൂടി തൊഴുതു നമസ്കരിച്ച ശേഷം പുറത്തു  കടന്നു, ഭക്ഷണം കഴിച്ചു സൌപർണ്ണിക കാണാൻ ഞങ്ങൾ തയ്യാറെടുത്തു.

സൌപർണ്ണിക

പറഞ്ഞുകേട്ടിട്ടുണ്ടു, ആദ്യമായി മൂകാംബികയിൽ വരുന്നവർ സൌപർണ്ണികയിൽ ചെന്നു സ്നാനം ചെയ്തു വേണം അമ്പലത്തിൽ ദർശനം നടത്താനെന്നു. രണ്ടുപ്രാവശ്യവും അതുണ്ടായില്ല. പക്ഷേ എന്തായാലും ഇത്തവണ സൌപർണ്ണികയിലൊന്നിറങ്ങണമെന്നു തന്നെ തീരുമാനിച്ചു. മഹാവിഷ്ണുവിന്റെ വാഹനമായ സുപർണ്ണനെന്ന ഗരുഡൻ തപസ്സു ചെയ്ത സ്ഥലത്തിനടുത്തുകൂടി ഒഴുകുന്ന നദിയായതിനാലാണിതിനു സൌപർണ്ണികയെന്നു പേരു കിട്ടിയതത്രേ! കുടജാദ്രിയുടെ നിബിഡതയിൽ നിന്നുമുത്ഭവിച്ചു താഴ്വാരങ്ങളിലൂടെ ഒഴുകിയെത്തുന്ന ഈ നദിയിലെ വെള്ളത്തിൽ പല ഔഷധഗുണങ്ങളുമുള്ളതായി കണക്കാക്കപ്പെടുന്നു. നദിയിൽ വെള്ളം  തീരെ കുറവു.പ്ക്ഷേ കണ്ണീരു പോലെ തെളിഞ്ഞ വെള്ളം. നല്ല തണുപ്പും. ചെറിയ പാറക്കഷ്ണങ്ങൾ വെള്ളത്തിൽ സ്പഷ്ടമായി കാണാം. മത്സ്യങ്ങളും ഉണ്ടു. അൽ‌പ്പം മാറി കുറച്ചു കൂടി ആഴമുള്ള ഭാഗത്താണു ആൾക്കാർ കുളിയ്ക്കുന്നതു. വെള്ളത്തിലിറങ്ങി കുറേ ദൂരം നടന്നു. ചരലും പാറക്കഷ്ണങ്ങളും  കാലടികളെ കിക്കിളിപ്പെടുത്തി. ചിലയിടങ്ങളിൽ വഴുക്കലും. നദീതീരം മരങ്ങളാൽ സമൃദ്ധം. വെള്ളത്തിനടിയിൽ നിന്നും പാറക്കെട്ടുകൾ തലയുയർത്തിനിൽക്കുന്നു. ഇതു വരെ മനസ്സിൽ കണ്ടിരുന്നതു കൂലം കുത്തിയൊഴുകുന്ന ജലപ്രവാഹത്തോടുകൂടിയ സൌപർണ്ണികാ നദിയായിരുന്നു. നദിയുടെ ശാന്തമായ ഈ മുഖം പുതുമ നൽകി. കുട്ടികൾക്കു ഭയമെന്യേ ഇറങ്ങി വെള്ളത്തിൽ കളിയ്ക്കാനായി. ഇനിയൊരിയ്ക്കൽ നദിയിൽ നിറയെ വെള്ളമുള്ള സമയത്തു വരണമെന്നുണ്ടു. നദീതീരത്തു ഗണപതിയുടെ അമ്പലം. കുറച്ചു മാറി ഒരു ശ്രീകൃഷ്ണക്ഷേത്രവുമുണ്ടു. തിരികെ വന്നു ഭക്ഷണം കഴിച്ചു ഞങ്ങൾ മടക്കയാത്രയ്ക്കു തയ്യാറെടുത്തു.

ഭക്തിയാൽ മനസ്സും, മല കയറ്റത്തിനാൽ തനുവും, കോരിച്ചൊരിയുന്ന മഴയാൽ തലയും  സൌപർണ്ണികാനദിയിലെ വെള്ളത്തിൽ കാൽ‌പ്പാദങ്ങളും സായൂജ്യമടഞ്ഞ യാത്രയായിരുന്നു ഇതു. ആത്മവിശ്വാസം പതിന്മടങ്ങു വർദ്ധിച്ചതു പോലെ. ഒരു നവോന്മേഷത്തോടെ ബൈന്ദൂർ സ്റ്റേഷനിലേയ്ക്കായി ജീപ്പിൽ കയറുമ്പോൾ വിളിയ്ക്കാതിരിയ്ക്കാനായില്ല…അമ്മേ…ജഗദ്ധാത്രീ….മൂകാംബികേ….നിന്റെ അടുത്ത വിളിയ്ക്കായി ഞാൻ കാത്തിരിയ്ക്കുന്നു.

7 Responses to “അമ്മേ…ജഗദംബികേ…മൂകാംബികേ….”

 1. Venmaranallure

  വായനക്കാരെ കൂടെകൊണ്ടുപോകുന്ന ശൈലിയിലെഴുതുന്ന വിവരണങ്ങള്‍ നന്നായിരിക്കുന്നു. എല്ലാം ശേഖരിക്കപ്പെട്ട് ഒരു പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടുകാണാന്‍ ആഗ്രഹിക്കുന്നു.

 2. jyo

  ഒരിക്കല്‍ മോന്റെ 12th exam കഴിഞ്ഞ ഉടനെ ഞങ്ങള്‍ മൂകാംബികക്ഷേത്രദര്‍ശനം നടത്തിയിരുന്നു.പിന്നിട് തരപ്പെട്ടില്ല.വായിച്ചപ്പോള്‍ കണ്ട പോലെ തോന്നി.

 3. ജ്യോതിര്‍മയി

  ഓപ്പോളേ, നന്ദി യാത്രാവിവരണത്തിന്. വൈകാതെ പോണം തൊഴാന്‍…..

 4. Pradeep

  http://www.orkut.co.in/Main#CommMsgs?cmm=59877237&tid=5377721941402050019

  യാത്രാവിവരണം നന്നായിട്ടുണ്ട്, ഇവിടെ കൂടി ഒന്ന് പോസ്റ്റ് ചെയ്യാമോ ?

  ആ ടോപ്പിക്കില്‍ കുറേയേറെ നല്ല യാത്രാവിവരണങ്ങള്‍ ഉണ്ട്.

 5. Babu Chandran

  ഇതു വരെ പോകാന്‍ കഴിഞ്ഞിട്ടില്ല.ഇനി എന്നാണ് സാധിക്കുന്നതെന്നും അറിയില്ല.എന്തായാലും യാത്രാ വിവരണം വളരെ ഇഷ്ടമായി.

 6. Rahul

  ഈ യാത്രാ വിവരണം നോക്കിയാണ് ഞാനും എന്‍റെ ഫ്രെണ്ട്സും കഴിഞ്ഞ 21നു മൂകാംബിക ദര്സനം പ്ലാന്‍ ചെയ്തത് . വളരെ സഹായകരമായിരുന്നു. 21നു വൈകുന്നേരം ഞങ്ങള്‍ അവിടെ എത്തി റൂം എടുത്തു , കുളിച്ചു ദേവിയെ കാണാന്‍ പോയി . പിറ്റേന്ന് രാവിലെ 4 മണിക്ക് എഴുന്നേറ്റു സൌപര്‍ണികയില്‍ കുളിക്കാന്‍ പോയി അത് കഴിഞ്ഞു ദേവിയെ 5 മണിക്ക് തൊഴുതു 6 മണി ആയപ്പോള്‍ അവിടെ നിന്നും പുറപ്പെടുന്ന ksrtc ബസില്‍ കയറി . കുടജാദ്രിയുടെ അടിവാരത്ത് ഇറങ്ങി അവിടെ നിന്നു 13 km ഉണ്ട് സര്‍വജ്ഞ പീടത്ത്തിലേക്ക് 5 km നടന്നപ്പോള്‍ മലയാളിയായ തങ്കപ്പന്‍ ചേട്ടന്റെ കട കണ്ടു അവിടെ നിന്നു പുട്ടും കടലയും കഴിച്ചു. വനത്തിനുള്ളില്‍ അത് ഒരു അത്ഭുതമായി തോന്നി. അവിടെ നിന്നും നടന്നു അങ്ങനെ 5 മണിക്കൂര്‍ നടന്നു എല്ലാ സ്ഥലവും കണ്ടു. സര്‍വജ്ഞ പീഠം കയറിയ കല്‍ മണ്ഡപത്തില്‍ കുറേ നേരം ഇരുന്നു ദേവിയെ പ്രാര്‍ത്ഥിച്ചു , അവിടെ നിന്നും സൌപര്‍ണിക ഉത്ഭവിക്കുന്ന സ്ഥലം കാണാന്‍ പോയി, അവിടെ നിന്നു മതി വരുവോളം വെള്ളം കുടിച്ചു അതിനു മരുന്നുകളുടെ ചുവ ഉണ്ടെന്നു തോന്നി . അങ്ങനെ എല്ലാ ഇടവും കണ്ടു. പലരും ജീപ്പില്‍ വരുന്നത് കണ്ടു അവരില്‍ പലരും കുറച്ചു കയറി തിരിച്ചിറങ്ങുന്ന കാഴ്ച കാണേണ്ടി വന്നു. ജീപ്പില്‍ പോയാല്‍ ഒന്നര മണിക്കൂര്‍ നടന്നാല്‍ മതി എന്നാല്‍ ഞങ്ങള്‍ അടിവാരത്ത് നിന്നും നടന്നു തുടങ്ങിയപ്പോള്‍ കുറച്ചു കഷ്ട്ടപാടു തോന്നി എന്നാല്‍ സര്‍വജ്ഞ പീഠം കയറിയ കല്‍ മണ്ഡപം കാണണമെന്ന വാശി ആയിരുന്നു ഞങ്ങള്‍ക്ക് അങ്ങനെ ഞങ്ങള്‍ 6 പേര്‍ എല്ലാം കണ്ടു തൃപ്തമായ മനസോടു കൂടി കുടജാദ്രി ഇറങ്ങി അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ടോട്ടല്‍ 26 km ഞങ്ങള്‍ നടന്നു. പിറ്റേന്ന് കാല്‍ ഭയങ്കര വേദന ആയിരുന്നു പക്ഷെ അതൊക്കെ ഞങ്ങളുടെ സന്തോഷത്തില്‍ അലിഞ്ഞു പോയിരുന്നു.

 7. Jyothi

  രാഹുൽ,തീർച്ചയായും ഈ അനുഭൂതി മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും. ഈ യാത്രാവിവരണം അലമെങ്കുലും സഹായജനകമായെന്നറിഞ്ഞു സന്തോഷിയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *