പുതിയ സർക്കാർ, സച്ചിന്മയാ..ചിന്മയാ…

Posted by & filed under മുംബൈ ജാലകം.

മഹ്രാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിന്റെ ലഹളയും കോൺഗ്രസ്സ്-എൻസിപി മന്ത്രിസഭ രൂപീകരിയ്ക്കലുമായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി ഇവിടത്തെ ഏറ്റവും വലിയ സംഭവവികാസങ്ങൾ. മുംബെയിൽ  അശോക് ചവാൻ പുതിയ മുഖ്യമന്ത്രിയായും ഛഗൻ  ബുജ്ബൽ ഡെപ്യൂട്ടിയുമായി നവംബർ ആദ്യവാരത്തിൽ പുതിയ മന്ത്രി നിലവിൽ വരുന്നതിനു മുൻപായി അരങ്ങേറിയ നാടകങ്ങൾ സത്യപ്രതിജ്ഞ മറാഠിയിൽ പറയാത്തതിനെത്തുടർന്നുണ്ടായ കയ്യാംകളി തുടങ്ങി രാഷ്ട്രീയ രംഗം സജീവമായിത്തന്നെയിരുന്നു.  രണ്ടാഴ്ച്ചയിലധികം നീണ്ടു നിന്ന ഉദ്വേഗജനകമായ മന്ത്രിസഭാരൂപീകരണത്തിനു ശേഷം വാക്കു തർക്കങ്ങൾക്കു അങ്ങിനെ ഒരു വിരാമമായി.

മുംബൈ എന്നും രാജ്യത്തിന്റെ വിവിധ കോണുകളിലെ ജനങ്ങൾക്കു ഒരാകർഷണകേന്ദ്രം തന്നെയായിരുന്നു. പണം ഉണ്ടാക്കാനായി മാത്രമല്ല ഇവിടെയെത്താൻ പലരും വെമ്പിയതു.പിന്നെയോ ? മനസ്സിനെ നിറം പിടിപ്പിച്ച സിനിമകളിലെ നായികാ നായകന്മാരെ ഒന്നു കാണുക പലരുടെയും ജീവിതാഭിലാഷമായി മാറിയ കാലമുണ്ടായിരുന്നു. അൽ‌പ്പം കൂടി ധൈര്യ ശാലികളായ ചിലർ ബോളിവൂഡിന്റെ ഭാഗമായിത്തീരാനാണു കൊതിച്ചതു അതിനു വേണ്ടി അതിയായി പരിശ്രമിച്ച പലരും അത്യുന്നത നിലയിലെത്തിയ കഥകൾ പലതും ബോളിവൂഡിനു പറയാനുണ്ടാകും. പക്ഷേ കായികതാരങ്ങളേയും മറ്റും ആദരിയ്ക്കുകയെന്നതല്ലാതെ അതിരു കവിഞ്ഞ ആരാധന വളരെ ചുരുക്കം തന്നെയായിരുന്നു. അതിനു മാറ്റം വന്നതു ക്രിക്കറ്റിന്റെ ജനപ്രിയത തന്നെയായിരുന്നു. പറയത്തക്ക സാങ്കേതിക അറിവില്ലാത്ത സാധാരണക്കാരനു പോലും ആസ്വദിയ്ക്കാനാവുന്ന ഈ കളി ആ ഗോള തലത്തിലും രാജ്യത്തിനുള്ളിലും  സൃഷ്ടിച്ച കോളിളക്കങ്ങൾ കുറച്ചൊന്നുമല്ല.  കൂട്ടായ്മയ്ക്കൊപ്പം വ്യക്തിഗതമായ സാമർത്ഥ്യം കളിയുടെ ഗതിയെ സാരമായി ബാധിയ്ക്കുന്നുവെന്ന കാരണമായിരിയ്ക്കാം  കളിയിൽ കൂടുതൽ തിളങ്ങുന്നവർ ശ്രദ്ധിയ്ക്കപ്പെടാനും ആരാധിയ്ക്കപ്പെടുവാനും കാരണം.  പല രാഷ്ട്രങ്ങൾ തമ്മിലുള്ള പോരാട്ടംതത്സമയം പ്രക്ഷേപണം  ചെയ്യുന്നതു കാണുന്നതു വഴി മത്സരത്തിനു അതിരു കവിഞ്ഞ പ്രാമുഖ്യവും നൽകി.നമ്മുടെ ദേശീയ ഗെയിം ആയ ഹോക്കി പോലും പിന്നിലേയ്ക്കു മാറ്റപ്പെട്ടു. മറ്റേതു കളിയേക്കാളും ക്രിക്കറ്റിനു ആരാധകർ കൂടിയപ്പോൾ കളിക്കാരേയും  അവർ ആരാധിയ്ക്കാൻ തുടങ്ങി. കഴിഞ്ഞ ഏതാനും ദശകത്തിലെ ഈ വ്യതിയാനങ്ങൾ നമുക്ക് ചുറ്റും നോക്കിയാൽ കാണാം. ഇന്ത്യ കണ്ട, ലോകം കണ്ട അത്തരമൊരു ആരാദ്ധ്യ പുരുഷനാണു  അപൂർവ പ്രതിഭയായ  സച്ചിൻ രമേഷ് ടെൻഡുൽകർ. തന്റെ മേഖലയിൽ 20 വർഷം പിന്നിടുന്ന സച്ചിനെക്കുറിച്ചു മാത്രമേ മാധ്യമങ്ങൾക്കു കഴിഞ്ഞ കുറച്ചു ദിവസമായി പറയാനുള്ളൂ . ക്രിക്കറ്റ് രംഗത്തു തന്നെ ആരാദ്ധ്യരായവർ ഇന്ത്യയിലും വിദേശത്തും ഏറെയുണ്ടെങ്കിലും ഇത്രയേറെ ആരാധിയ്ക്കപ്പെട്ട ഒരു വ്യക്തി വേറെ കാണുമെന്നു തോന്നുന്നില്ല.എത്ര പറഞ്ഞാലും താരതമ്യ പഠനങ്ങൾ നടത്തിയാലും അവർക്കു മതിയാവുന്നില്ല,.ദിനപ്പത്രങ്ങളിലും ആഴ്ച്ചപ്പതിപ്പുകളിലും മാസികകളിലും സച്ചിൻ നിറഞ്ഞു നിൽക്കുന്നു. പ്രമുഖവ്യക്തികളുടെ സച്ചിനെക്കുറിച്ചുള്ള വിലയിരുത്തലും സച്ചിന്റെ നീണ്ട ഇരുപതു വർഷക്കാലത്തിന്നിടയിലെ സേവനത്തിന്നിടയിലെ സംഭവവികാസങ്ങളും  കൊണ്ടു വായനക്കാരന്റെ മനസ്സു നിറഞ്ഞ ഒരു സമയമായിരുന്നു കഴിഞ്ഞ ഒരാഴ്ച്ചക്കാലം. ഒരു പക്ഷേ  സിനിമാനടന്മാരൊഴികെ ജനം ഇത്ര കണ്ടു സ്നേഹിച്ച ഒരു വ്യക്തി മുംബെയിൽ ഉണ്ടാകില്ല.

നവംബർ അവസാനമാകാറായല്ലോ? കഴിഞ്ഞ വർഷത്തിന്റെ ഭീകരമായ സ്മരണകൾ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ ഓരോ മുംബൈറ്റിയുടെ മനസ്സിലും അസ്വസ്ഥതകൾ നിറയ്ക്കുന്നു.  പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, സ്വയം അതിനു സാക്ഷിയായാവർ, തുടങ്ങിയവർക്കെല്ലാം നവംബർ 26ന്റെ ഓർമ്മകൾ നടുക്കുന്നവ മാത്രം. ഭയം വിതച്ച ഒരു വർഷം പൂർത്തിയാവുകയാണു. ഇക്കഴിഞ്ഞ ഒരു വർഷവും കസബ് എന്ന ഒരു ഭീകരനിൽ നിന്നും അടർത്തിയെടുത്ത വിവരങ്ങളും മറ്റു തരത്തിൽ ശേഖരിച്ച വിവരങ്ങളും ഒന്നും തന്നെ ഒരു വ്യക്തമായ ചിത്രം നമുക്കു തന്നിട്ടില്ലെങ്കിലും വളരെയേറെ ആസൂത്രിതമായ ഒരു ആക്രമണമാണിതെന്നറിയാൻ കഴിഞ്ഞിട്ടുണ്ടു. ..ഇത്ര ദിവസങ്ങൾ കഴിഞ്ഞിട്ടും മുംബൈറ്റിയുടെ മനസ്സിൽ നിന്നും  ഭയം വിട്ടു മാറിയിട്ടില്ല..ഏതു സമയവും ഇത്തരമൊരു ആക്രമണം ഇനിയുമുണ്ടാവാമെന്നാണു അവരുടെ വിശ്വാസം .നഷ്ടങ്ങളുടെ കണക്കു ഇനിയും കൂട്ടിക്കഴിഞ്ഞിട്ടില്ല, അവർ. കഴിഞ്ഞ നവംബർ 26 മുതൽ 29 വരെ നടന്ന ഭീകരരുടെ താണ്ഡവത്തിൽ 173 പേരാണു കൊല്ലപ്പെട്ടത്.സൌത്തു മുംബെയിലും, ഛത്രപതി ശിവജി ടെർമിനസ്(വി.ടി), ഒബെറോയ് ട്രിഡെന്റ്,ടാജ് ഹോട്ടൽ, ലിപോൾഡ് കഫേ,കാമ ഹോസ്പിറ്റൽ, നരിമാൻ ഹൌസ് തുടങ്ങിയ സ്ഥലങ്ങളിലും നടന്ന അതിവിദഗ്ദ്ധമായി ആസൂത്രിതം ചെയ്ത ആ അക്രമണങ്ങൾ മുംബെയുടെ ഹൃദയത്തിൽ ഉണ്ടാക്കിയ പരിക്കുകൾ അത്ര പെട്ടെന്നൊന്നും ഉണങ്ങില്ല  .ഭീകരരിൽ ആകപ്പാടെ പിടി കൂടപ്പെട്ട കസബ് പാക്കിസ്ഥാനിയാണെന്നു തെളിഞ്ഞിട്ടുണ്ടു. കസബിന്റെ വിചാരണ കഴിഞ്ഞ മെയ് മാസത്തിൽ തുടങ്ങിയെങ്കിലും ഇനിയും പലതെളിവുകളും  അപൂർണ്ണമായതിനാൽ എവിടെയുമെത്താതെ  നിൽക്കുന്നു. ഇപ്പോഴിതാ മറ്റൊരു കണ്ണികൂടി-ഡേവിഡ് ഹെഡ്ലി. അമേരിയ്ക്കയിൽ അറ്സ്റ്റു ചെയ്യപ്പെട്ട ഡേവിഡ് ഹെഡ് ലി പലപ്രാവശ്യമായി ഇന്ത്യയിൽ വന്നതും മുംബെയിൽ ഓഫീസ് സെറ്റപ് ചെയ്തതും റിക്രൂറ്റ്മെന്റ് നടത്തിയതുമെല്ലാം സംശയാതീതമായി തെളിഞ്ഞിട്ടുണ്ടു. ഇന്ത്യയിലെ പല ബോളീവുഡ് താരങ്ങളുമായി ഇദ്ദേഹത്തിനുള്ള സമ്പർക്കവും ഇപ്പോൾ അന്വേഷിച്ചു വരുന്നു. ഡേവിഡ് ഹെഡ് ലിയുടെ യഥാർത്ഥനാമം ദാവൂദ്  ഗിലാനി എന്നാണെന്നും ഇയാൾ മുൻപു അമേരിയ്ക്കയിൽ ഡ്രഗ് ട്രാഫിക്കിംഗ് കുറ്റത്തിനു ശിക്ഷിയ്ക്കപ്പെട്ടു 15 മാസത്തോളം ജയിൽ വാസം അനുഭവിച്ച ആളാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ടു.ഇതാണ് ഇപ്പോഴത്തെ ഏറ്റവും സെൻസേഷണലായ വാർത്ത..അതിനൊപ്പം തന്നെ ആക്രമണം കഴിഞ്ഞു ഒരു വർഷം തികയുവാൻ വരുന്നു. അന്നത്തെ രംഗം മനസ്സിലോർക്കുന്ന ഏതൊരാൾക്കും മനസ്സിൽ ഭയം അരിച്ചെത്തുന്നതിനാൽ ഈശ്വരനെ വിളിയ്ക്കാനേ നേരമുണ്ടാകൂ………സച്ചിന്മയത്തിൽ നിന്നും ചിന്മയത്തിലേയ്ക്കു…….

2 Responses to “പുതിയ സർക്കാർ, സച്ചിന്മയാ..ചിന്മയാ…”

  1. Suhas

    നമ്മുടെ ദേശീയ ഗെയിം ആയ ഫുട്ബോൾ പോലും പിന്നിലേയ്ക്കു മാറ്റപ്പെട്ടു.

    Hockey alle?

  2. Jyothi

    kshamiykkumallO? hockey thanne.football dEshapriya game maathram

Leave a Reply

Your email address will not be published. Required fields are marked *