പാർവതീപരിഭവം

Posted by & filed under കവിത.

 

ആതിര വന്നെത്തുവാനില്ലൊട്ടു നാളെന്നാലീ-

യാർദ്രമാം പരിഭവത്തിൻ കഥ കേൾക്കാത്തവർ

ഏറെയുണ്ടാവാം, ചൊല്ലാം ഭക്തിസാന്ദ്രമായ് ശിവ-

പാർവതീ സല്ലാപത്തിൻ രസവുമറിഞ്ഞിടാം

പരമേശ്വരൻ , രുദ്രൻ ,സൃഷ്ടി-സംഹാര-സ്ഥിതി

ത്രിമൂർത്തികളിലൊന്നെന്നറിഞ്ഞീടുന്നു നമ്മൾ

താണ്ഡവം നടത്തിടും സംഹാരരൂപം അതി-

മോഹന, മറിവാർക്കാ പ്രേമവായ്പ്പൊന്നിൻ മുഖം.

മേരു മന്ദാരം പൂകി യാഹ്ലാദിച്ചിടാനൊരു

നാളിലാ ദേവൻ തുനിഞ്ഞിറങ്ങീ, യതു നേരം

ദേവി പോയല്ലോ കുളിച്ചീടുവാൻ ,കൂടെപ്പോകാൻ,

കോപമേറി ദേവന്നു,  വൈകിയെന്നോർത്തായിടാം.

പാർവണേന്ദുവാം ദേവിയെത്തുവാൻ നിന്നീടാതെ

യേറിടും കോപാൽ പരമേശ്വരൻ നടകൊണ്ടു

കൂടെയപ്സര-ഗന്ധർവാദികൾ    മനസ്സിലാ-

ദേവി തൻ ദേഷ്യം നിനച്ചാധിയാൽ നടന്നല്ലോ?

മേരു മന്ദാരം പൂകി ശാന്തനായ് ചിന്തിച്ചൊരാ-

ദേവനു മനസ്താപമുദിച്ചാ,നുടനെ പോയ്

ദേവിയെക്കൂട്ടി ശ്ശീഘ്രമെത്താനായരുൾ ചെയ്തു

വാഹകനാകും നന്ദിയുടനെപുറപ്പെട്ടു

സ്നാനവും കഴിഞ്ഞൊട്ടു തയ്യാറായെത്തും നേര-

മാരെയും കാണാഞ്ഞതി ക്രുദ്ധയായ് മരുവുന്ന

ദേവി തൻ ചാരേയെത്തി നന്ദിതാനറിയിച്ചു

ദേവദേവൻ തന്നാജ്ഞ,യുടനെപ്പുറപ്പെടാൻ

കണ്ണുകൾ ചുവന്നൊട്ടു ,പൊങ്ങിടും വ്യസനത്തെ

നന്നായിയമർത്തീട്ടു ചൊല്ലിനാൻ ശ്രീപാർവ്വതി:

‘ഇല്ല, ഞാൻ വരുന്നില്ല, തെല്ലുമേയെനിയ്ക്കായി

നിന്നിടാൻ കഴിഞ്ഞില്ല, തെല്ലുമില്ലല്ലോ സ്നേഹം

എന്തിനായ് വരണം ഞാൻ ,ചെന്നു നീ പറഞ്ഞീടൂ

വല്ലഭനെന്നെ വേണ്ടെന്നാകിൽ ഞാൻ വരുന്നില്ല

അല്ലെന്നാകിലുമറിഞ്ഞീടുന്നു ചിലനേര-

മെന്തു ഞാൻ പറകിലുമില്ല തെല്ലുമേ വില

ചെന്നു നീ പറയുക, തയ്യാറല്ലിനിയും ഞാൻ

ചൊല്ലുവാൻ കഴിയില്ല യെപ്പോഴെന്നതും കേൾക്ക!

സമയമെടുത്തിടുമിനിയും ,നീ പോയിടൂ,

കരുണ തെല്ലും വേണ്ടെന്നോതിടൂ,അറിവു ഞാൻ“

ധർമ്മസങ്കടം പൂണ്ടു നന്ദിയുമുടനെ പോയ്

ധർമ്മരക്ഷകൻ തന്നോടോതിനാൻ യഥാവിധി.

കടുത്ത വ്യസനവും ദേഷ്യവും പരിഭവ-

മൊഴുകും വാക്കിൽ പരമേശ്വരൻ വിഷണ്ണനായ്

പലവട്ടവും കണ്ടിട്ടുണ്ടു ദേവി തൻ വാശി

പറയാതറിഞ്ഞിടാം ,പറഞ്ഞാൽ ഫലമില്ല

പറഞ്ഞു ദേവൻ,“ നന്ദീ, യവിടെപ്പോകൂ വീണ്ടും

പറയും നേരം വരെ ക്കാത്തു നീ നിന്നീടുക

വരിക യവൾക്കൊപ്പം മാത്രമേ, നേരം നിന-

ക്കവിടെക്കുറയേറെ വന്നിടാമെന്നാകിലും.”

തിരികെപ്പുറപ്പെട്ട നന്ദിയെക്കളിയാക്കി

ച്ചിരിച്ചാർ ഗന്ധർവ്വരുമപ്സരമണികളും

ഒരു കൊച്ചു കൌതുകം വിടർന്നാരവർക്കുള്ളിൽ

പരമേശ്വര-ദേവീപിണക്കം ദർശിച്ചിടാൻ

ചെറുതായ് ക്കത്തും പരിഭവത്തിൻ തീനാളത്തി-

ന്നെരിതീയിലായെണ്ണയൊഴിച്ചു രസിയ്ക്കുവാൻ.

അതിമോദത്താൽ ദേവി തൻ രൂപം ധരിച്ചല്ലോ

ഒരു സുന്ദരിയാകുമപ്സരസ്ത്രീ,  നന്നായി

അതു നേരത്താ നന്ദി തൻ രൂപമായ് വന്നല്ലോ

അതി കോമളനാകുമൊരു ഗന്ധർവൻ മുദാ.

പതിയെപ്പരമേശസാമീപ്യമണഞ്ഞിതു

കരുതി തവ പത്നി പാർവതിയെന്നീശനും

കുതുകാൽ അടുത്തായിട്ടിരുത്തീ, പലവിധ

കുശലപ്രശ്നങ്ങളിൽ മുഴുകീ മഹേശനും

അതുനേരമാമുന്നിലെത്തിയൊട്ടതിശയം

ഇനിയുമൊരു ദേവി,യൊപ്പമുണ്ടല്ലോ നന്ദി

കഠിനം പരുഷമാം വാക്കുകൾ പൊഴിച്ചിട്ടു

പറഞ്ഞു, പുതിയതായ് വന്നവൾ ,സാക്ഷാൽ ദേവി,

“അരികേയിരിപ്പിവളാരഹോ, പറയുക,

ശരിയായവൾ ഞാൻ താൻ, പറയാം തെളിവുകൾ.”

മടിച്ചെങ്കിലുംചൊല്ലിയപ്സര, തമാശയ്ക്കായ്

“ശരിയ്ക്കുള്ളവൾ ഞാൻ താൻ ,നന്ദിയുമിതാണല്ലോ?“

മനക്കണ്ണിനാലെല്ലാം കാണുവാൻ കഴിവുള്ളോർ

ശരിയ്ക്കും കളി കണ്ടു, രസിച്ചു, ക്ഷമിച്ചെല്ലാം

കൊടുത്തു മാപ്പു  ഗന്ധർവർക്കു,മപ്സരകൾക്കും

തികച്ചും മറന്നല്ലോ പാർവതി, പരിഭവം.

6 Responses to “പാർവതീപരിഭവം”

 1. unni

  ‘paribhavam’ nannayittund….. 🙂

 2. Chandramohan

  Nannayi tto..

 3. ladukuttan

  paribhavannaegilum sangathi kollam…

 4. Venmaranallure

  പുരാണകഥകളെ സുഗമമായ ശൈലിയില്‍ , കാലത്തിനൊത്ത് പ്രസക്തമായവിധം, അവതരിപ്പിക്കുന്ന രീതി തികച്ചും അഭിനന്ദനീയം. മനോഹരമായിരിക്കുന്നു.

 5. Bhagavathy

  മനോഹരം മറ്റെന്തു പറയാന്‍!!!

 6. Deepa Bijo Alexander

  ഈ കഥ അറിയില്ലായിരുന്നു..നന്ദി… !

Leave a Reply

Your email address will not be published. Required fields are marked *