പുനസ്സംഗമവേളയിൽ….

Posted by & filed under കവിത.

degreegroupfoto1

ഒരുവട്ടവും കൂടിക്കാണുവാൻ കൊതിപൂണ്ടു

വരുന്നു, സതീർത്ഥ്യരേ, സുഖമല്ലയോ ചൊല്ലൂ

പറയാൻ ഒരുപാടുണ്ടറിയില്ലല്ലോ, ദൂരെ

യകന്നേ പോയോ, മനം തുടിപ്പൂ സന്തോഷത്താൽ.

അകലും നേരം തെല്ലുമറിഞ്ഞില്ലല്ലോ മുന്നിൽ

വിധി നമ്മൾക്കായ് കാത്തു വെച്ചതെന്താവാമെന്നും

ഒരുപാടൊരുപാടു ദു:ഖങ്ങൾ കൂട്ടത്തിലായ്

മധുരം കിനിയുന്ന നിമിഷങ്ങളുംപിന്നെ

യറിവും പകർന്നൊരീ ക്ഷേത്രത്തെ വിട്ടീടുമ്പോ‌-

ളറിഞ്ഞില്ലല്ലോ വരും നാളുകളെന്തായിടും

കൊടുത്തും കൊണ്ടും  നമ്മൾ പഠിച്ചു പലതെന്നാൽ

തടുക്കാൻ കഴിഞ്ഞില്ല പലതുമറിയുന്നു

ചെറുപ്പം നമുക്കേകി നിറമാർന്നതാം ലോക-

മതൊക്കെ പ്പുറം മാത്രമറിഞ്ഞു, മുന്നേറുമ്പോൾ

ഒടുക്കം നിനക്കായി കൂട്ടിനായ് നീ മാത്രമെ-

ന്നുറക്കെ പ്പറയാനുമറിഞ്ഞു, മനുഷ്യനെ-

യളക്കാൻ പഠിച്ചു നീ,സത്യത്തിൻ മുഖമെന്നു-

മൊടുക്കം വെളിവാകുമെന്നതുമറിഞ്ഞില്ലേ?

കൊതിയ്ക്കുന്നറിയുവാൻ  സഖരേ, സ്വയം തീർത്ത

കുഴിയിൽ പലപ്പോഴും വീണുവോ, കരേറുവാൻ

കരങ്ങൾ നീട്ടാൻ പലരുണ്ടായോ, തനിച്ചായോ?

ചിരിയ്ക്കും മുഖങ്ങൾ നിൻ ദു:ഖത്തിൽ കൂട്ടുണ്ടായൊ?

പറയൂ നമുക്കിന്നു പങ്കു വച്ചിടാം ദു:ഖ,

മറിയാം പരസ്പരമൊരിയ്ക്കൽക്കൂടി പ്പിന്നെ

കരവും മനസ്സെല്ലാം തളരും വാർദ്ധക്യത്തെ

യൊരുമിച്ചായ് നേരിടാം, വിധിയെപ്പഴി ചാരാ-

തിരിയ്ക്കാൻ ശ്രമിച്ചിടാം, പങ്കിടാം പരസ്പ്പ്പരം

സുഖവും ദു:ഖങ്ങളുമൊരുപോലിനിമേലിൽ.

സത്യമെന്താണെന്നാൽ……

പോകുന്നേരമോർത്തേയില്ല,

പോവുകയാണെന്നു അകലങ്ങളീലേയ്ക്കു,

ഇനിയും കാണാനാകാത്തിടങ്ങളിലേയ്ക്കു

പോകാനുള്ള തിടുക്കത്തിലായിരുന്നല്ലോ നമ്മളെല്ലാം

പൊട്ടിവീണ മുത്തുമാലയിലെ

ചിതറിയ മുത്തുകൾ

കൂട്ടിമുട്ടാൻ കഴിഞ്ഞില്ല

കൂട്ടിമുട്ടലുകളുടെ കിലുക്കം മാത്രം.

ഹൃദ്യമായതും അല്ലാത്തവയും

കൂട്ടലും കിഴിയ്ക്കലും

ജീവിതഭാഗമായി മാറിയപ്പോൾ

ഓർക്കാനും നേരമുണ്ടായില്ല

കേട്ട കിലുക്കങ്ങളെ ഉൾക്കൊള്ളാനുമായില്ല

ജീവിയ്ക്കാനുള്ള തത്രപ്പാടിലായിരുന്നല്ലോ നമ്മൾ

ഉത്തരവാദിത്വങ്ങൾ ശിരസ്സിലേറ്റിയ കനം

ഉയരങ്ങളിലേയ്ക്കു കുതിയ്ക്കാനുള്ള മോഹം

എത്താക്കൊമ്പിലെ കനി മോഹിയ്ക്കൽ

ജീവിതലക്ഷ്യ്മാക്കി മാറ്റിയതിനു

കുറ്റം പറയാനാവില്ലല്ലോ?

ജീവിയ്ക്കാൻ പഠിച്ചും പഠിപ്പിച്ചും

ദിവസങ്ങൾ കടന്നുപോയി

ഭാരമിറക്കി, കയറ്റി

ദിവസങ്ങൾ കടന്നുപോയി

ആ പഴയ കിലുക്കം കേൾക്കാൻ സമയമായോ?

സന്തോഷിയ്ക്കാം നമ്മുടെ പുരോഗതിയിൽ

സാങ്കേതികത്തിന്റെ വളർച്ച നമുക്കും കൂട്ടാകട്ടേ

ജീവ സായം സന്ധ്യയിൽ ഓർത്തിരിയ്ക്കാൻ

സ്വപ്നങ്ങൾ പങ്കിടാം, ഒപ്പം ദു:ഖങ്ങളൂം!

Leave a Reply

Your email address will not be published. Required fields are marked *