എന്റെ ശ്ലോകങ്ങൾ –

Posted by & filed under എന്റെ ശ്ലോകങ്ങൾ.

1. സ്രഗ്ദ്ധര
1.പാര്ത്താലാശ്ചര്യമുണ്ടേ , പ്രമുഖ കവികുലശ്രേഷ്ഠർ വാഴും സദസ്സിൽ
ചാർത്താനായിട്ടിതാ ഞാനൊരു ചെറിയ സുമം കൊണ്ടു വന്നെന്റെയമ്മേ !
തീർത്തും സന്തുഷ്ടയായിട്ടടിയനുടെ പിറന്നാളിലർപ്പിച്ചിടുന്നു
കാത്തീടേണം, കഴിഞ്ഞീടണമടിയനതിന്നേകണം നീ കടാക്ഷം.

2.

നാദത്താൽ നീ രചിച്ചൂ ഭുവനമിതിലഹോ ‘ചിത്ര‘മാം സ്വർഗ്ഗലോകം

മോദത്താൽ നീയൊഴുക്കീ മധുരിമ തിരതല്ലുന്ന സംഗീതധാര

ഗാനത്താൽ നേടിയോ  നീ പറയുക വരമൊ,ന്നാരു തന്നൂ, നിനക്കാ

നാകം താൻ കാട്ടിടാനായ് കഴിവൊരു നിമിഷം നിന്റെ സംഗീതമൊന്നാൽ

കേമത്തിൽ  ശ്ലോകമൊപ്പം, കവിതകളെഴുതാനുണ്ടു മോഹം മനസ്സിൽ
മോഹത്താലെന്തു കാര്യം, കനിയണമതിനായമ്മ വാഗ്ദേവി നീയേ
ഗാനത്തിൻ, വാദ്യവൃന്ദാ നടനമിനിയുമെന്തുണ്ടതെല്ലാകലയ്ക്കും
നീ വിദ്യാ ദേവി, മായാ മയി, മമ മനതാരിൽ സ്ഥിരം വാണിടേണം.

3.

നാദത്താൽ നീ രചിച്ചൂ ഭുവനമിതിലഹോ ‘ചിത്ര‘മാം സ്വർഗ്ഗലോകം
മോദത്താൽ നീയൊഴുക്കീ മധുരിമ തിരതല്ലുന്ന സംഗീതധാര
ഗാനത്തിൻ ഭൂഷണം നീ, പറയുക വരമെങ്ങുന്നു കിട്ടീ നിനക്കാ
നാകത്തിൽ കൊണ്ടുപോകാൻ കഴിവൊരു സമയം നിന്റെ സംഗീതമേകി.

4.

“ചീരക്കൂട്ടാനിലേറീ ലവണ,മവിയലിൽ വെന്തു പോയ് കഷ്ണമെല്ലാം,
ചോറോ ചീഞ്ഞല്ലോ, മോരിൽ പുളി,യതിഥിയിവർക്കെന്തുഞാനേകിടേണം?”
“ഏറെക്കഷ്ടപ്പെടേണ്ടാ, നഗരിയിൽ പുതുതായ് വന്ന ഹോട്ടൽ വരേയ്ക്കും
കാറേറിച്ചെന്നുവെന്നാലമിതരുചിയെഴും ഭക്ഷണം നൽകിടാം, ഹേ!“

5.

നിത്യാനന്ദം ലഭിയ്ക്കാൻ, കലയുടെ കളിവീടൊന്നു കാണാൻ കൊതിച്ചി-
ട്ടെത്തീ ഞാൻ നിന്റെ മുന്നിൽ, പലകുറി വലുതായുള്ള മോഹത്തിനാലെ
ഒത്തൂ,ചിത്തം കുളിർത്തൂ, തവമുഖകമലം, രൂപമെല്ലാം മനസ്സിൽ-
ക്കൊത്തീ, നിത്യം ലഭിയ്ക്കാൻ, കരുണയൊടടിയന്നേകണം ദർശനം തേ!

6.

വീണേടം വിഷ്ണുലോകം, കരമതിലധികം കാണുകില്ലാ, തുണിക്കെ-
ട്ടായിടാം കണ്ടിടുന്നു, ചെറിയൊരുപൊതിയുണ്ടൊട്ടു നന്നായ് മുറുക്കാൻ
പാറും വെഞ്ചാമരത്തിൻ സമമൊരു മുടിയും,മീശ, നീണ്ടുള്ള താടി-
ക്കാരൻ , സന്യാസി വര്യൻ,പലകുറി വരവുണ്ടെന്റെ ബാല്യത്തിൽ, വീട്ടിൽ.

7.

സ്നാനം ഞാൻ ചെയ്തു സൌപർണ്ണികയിൽ കുളിരെഴും തോയമൊന്നിൽ , മനസ്സിൽ
ഞാനന്നോർത്തു ശരിയ്ക്കും കളമൊഴി കമനീയാംഗി സൌപർണ്ണികേ നീ
കാലേ കേറീ യൊരദ്രീ പ്രതല മവിടെ ഞാൻ കണ്ട കാഴ്ച്ചയ്ക്കു വാക്കി-
ല്ലോതാനെൻ കയ്യിലെന്നാൽ പലകുറി പറയാമത്രമാത്രം മനോജ്ഞം.

8.

വിശ്വാസം നിൻ വിളക്കാണറിയുക പലരോതുന്നു, നീ താൻ പടുക്കും
വിശ്വാസത്തിൻ കഴുത്തിൽത്തറയരുതൊരുനാളും ചതിക്കത്തിയോർക്ക!
നിശ്വാസത്താൽ കെടാതാ ചെറുതിരി മനമൊന്നിൽസ്സദാ ഭദ്രമെന്നാ-
ലാശ്വാസം,ജീവിതത്തിൻ കളരിയിലടരാടീടുവാൻ ശങ്ക വേണ്ട!

9.
100- മുംബൈ ആക്രമണത്തിനു ഒരു വയസ്സു തികയുന്നു.

റോമാസാമ്രാജ്യമപ്പാവകനുടയ കൊടും ചൂടിൽ വെന്തങ്ങമർന്നോ-
രാനേരം വീണ മീട്ടീയൊരുവനതറിവുണ്ടാകുമെൻ കൂട്ടുകാർക്കും
ആ നീറോ തൻപകർപ്പീ നഗരിയെ യതുപോൽ പോയവർഷം നശിപ്പി-
ച്ചീ നൂറാം ശ്ലോകമന്നീ നഗരിയിൽ കരിയായ്പ്പോയവർക്കായിടട്ടേ!!

10.

കാര്യം ‘ശാർദ്ദൂല വിക്രീഡിത‘മതു ഹരമെന്നാലുമെൻ ‘സ്രഗ്ദ്ധരേ‘ നീ-
യാ’താരിൽത്തന്വി’ മൂലം പ്രിയമയി, കവിതാ ഭംഗി നിൻ സ്വന്തമല്ലോ!
നേരാണാ ‘ശാലിനി‘യ്ക്കും മധുരിമനിറയും ‘മാലിനി‘യ്ക്കൊത്തു ‘മന്ദാ-
ക്രാന്ത‘യ്ക്കും കാണ്മതെന്തേ സദൃശത, യിവർനിൻ സോദരർ തന്നെയാണോ?

2 കുസുമമഞ്ജരി
താളമേളമൊടു രാസകേളിനടനം നടത്തുമൊരു കണ്ണനെ-
ക്കാണുവാനമിതഭക്തിയാലെ കവി,വാതരോഗി,യതി പണ്ഡിതൻ
കാവ്യഗംഗയൊഴുക്കിയന്നു കുസുമ മഞ്ജരിയ്ക്കുടയ ഭാവമാം
ചാരുലാസ്യവിലാസമുഗ്ദ്ധപദമാല, വാതമതുമകന്നുപോയ്
ആലവട്ടമൊടു ചാമരം കുട സുവർണ്ണ പട്ടവു മണിഞ്ഞിതാ
ചേലിലങ്ങനെ നിരന്നു നിൽപ്പു കരിവീരരുത്സവമണഞ്ഞ നാൾ
കോലമമ്പൊടുകരേറ്റി കൃഷ്ണനുടെ താളമേളമുയരുന്നൊരാ-
വേള തന്റെ തല തെല്ലുയർത്തിയഭിമാനമോടെ ഗജവീരനും
നന്മ തന്റെയതിരൂപമായികരുതീടുമാമറിയ കന്യക-
യ്ക്കന്നു വന്നു നരജന്മഭാഗ്യമതു പുല്ലുതൊട്ടിയിലറിഞ്ഞിടൂ!
ഉണ്ണിയേശുവിനെ വന്നുവീണ്ടുമെതിരേൽക്ക ദൈവസുതനാണവൻ
നമ്മൾ തൻ കുരിശുപേറി, കല്ലറയിൽ മൂന്നു നാളതിലുയർന്നവൻ

ശാർദ്ദൂലവിക്രീഡിതം

തേരോടിപ്പതിനെത്തി നീ തളരുമെൻ ധൈര്യത്തെ വേണ്ടുന്നപോൽ
ഗീതാവാക്യമൊഴുക്കി നൽ ബലമതൊന്നേകീ, കരുത്താർന്നു ഞാൻ
ക്ഷീരം ഗീത, പശുക്കൾ നല്ലുപനിഷത്തങ്ങോ കറക്കാനഹോ
പാവം അർജുനനാകുമീ ചെറുപശുക്കന്നിൻ മഹാഭാഗ്യമേ!

തൃക്കാലിൽത്തള,യോടവേ സ്വനമുതിർക്കുമ്പോൾ മനം കൊട്ടിടു-
ന്നക്കാലിൽ ശരണത്തിനായ് വരികയാണേ കൃഷ്ണ, നീയേ തുണ !
അക്കാലം വരുമെന്നെയും തുടലിനാൽ ബന്ധിച്ചുപോയീടുവാൻ,
കാക്കേണം, ഹരി ഭക്തിയാം കടലിലായ് മുങ്ങാൻ കഴിഞ്ഞീടണം.

ഓടത്തണ്ടിനു നൊന്തുവോ തുളകളേഴാമേനിയിൽത്തീർക്കവേ
കൂടെക്കൂടെയുതിർത്തുവോ ചുടുചുടേനിശ്വാസമപ്രേമവാൻ
പാടും വേള പിണച്ചപാദ,മുയരും ചില്ലിക്കൊടിയ്ക്കൊത്തു നിൻ
മേലേ മെല്ലെയമർന്നൊരാ കവിളതോ രാധയ്ക്കസൂയയ്ക്കിടം

നോറ്റൂ ഞാൻ ശിവരാത്രിയും മനവിശുദ്ധിയ്ക്കായ്, തമസ്സൊന്നിനെ
മാറ്റാൻ,നിത്യരഹസ്യമീ പ്രകൃതിയാം സത്യങ്ങളുൾക്കൊള്ളുവാൻ
കേട്ടൂ സൽക്കഥ, ചെയ്തു ധാര നറുപാൽ,നേദിച്ചുവല്ലോ പഴം
ചാർത്തീ കൂവളമാലയും,തെളിയുവാൻ ദീപം മനക്കണ്ണിലും.

ചിത്രം‘ കണ്ട‘വതാര‘,മൊന്നതിനെഴും സ്തോത്രങ്ങൾ കേട്ടെങ്കിലും
ചിത്തേ തെല്ലുമതോർത്തതില്ലിതുവിധം, ‘സംയോജനം‘ സുന്ദരം‘ ,
പത്തിൽപ്പത്തതു കാമറൂണിനു തികച്ചേകേണ്ട ഡയ്റക്ഷനാം,
‘ടൈട്ടാനിക്കി’നെ വെന്നിടും പട,മിതിന്നോസ്ക്കാർ,ത്രിമാനത്തിലാം.


.

മന്ദാക്രാന്ത

നേരക്കേടോ കുഴുമടി യതോ ചൊല്ലിടാമിന്നുമന്ദാ-
ക്രാന്തയ്ക്കെന്തേ കുറവതു ജനം ചോദ്യമേകുന്ന വേള
ഞാനോർത്തല്ലോ വലിയൊരു കനം വെച്ചിതാരോ ശിരസ്സിൽ
മാനക്കേടോ മഭനതതഗം നാലുമാറേഴുമായ്ഗം.

പോയീ കുംഭം, പുറകെയിനി കേൾ മീനമെന്നും കൊടും ചൂ-
ടേകീ,മണ്ണോ വരളുമിനിയും, കാത്തിരിയ്ക്കാം മഴയ്ക്കായ്
നാടോ നിത്യം നരകസമമായ് ഇക്കൊടും ചൂടിനാലേ,
കാടേറീടാം, പ്രകൃതിയറിയും കാടരാണെന്നുമേ നാം.

കാലം മാറീ, കവിതയെഴുതും രീതിയും മാറിടുന്നൂ
കോലം മാറും മനുജനതുപോൽ ഭാഷയും തേടിടുന്നോ?
താളം പോകും, രസവുമതുപോൽ വായനക്കാർക്കതിന്നാൽ
വേണംവീണ്ടും, കവിത മധുരം വൃത്തമൊത്തങ്ങു തീർത്താൽ.

കാക്കുന്നല്ലോ മനുജനിവിടെ, സ്വന്തമെന്നോർത്തു നന്നായ്-
പാർക്കുന്നല്ലോ, ഭുവിയിലിനിയും നേടുവാൻ നോക്കിടുന്നു
ഓർക്കുന്നില്ലേ കരുണപൊഴിയും രൂപമല്ലാതെ വേറെ-
യേറ്റാനാമോ മരണസമയം, പുണ്യപാപത്തിനൊപ്പം

മാലിനി

കഥയിതു പറയുമ്പോൾ കാളിദാസാഖ്യമല്ലോ
പുരുകുലനൃപനെത്തീ മാലിനീതീരമന്നാൾ
മുനിമകളതിമോദാൽ സൽക്കരിച്ചൊട്ടു രാഗാൽ
കളിയതു കഥയായ് ശാകുന്തളം ഖ്യാതി നേടി.

ശകടമിതു ശരിയ്ക്കും സുന്ദരം, വാഗണാറിന്‍
പുതിയതൊരുപതിപ്പാം, നീലയാം കണ്‍കളല്ലോ
പറയണമിതിനുണ്ടേ നല്ല സഞ്ചാരസൌഖ്യം
നിറയെയിടവുമോര്‍ത്താലിഷ്ടമായീടുമാര്‍ക്കും

കവിതകൾ വിരിയിച്ചും കല്ലിൽ ചിത്രം രചിച്ചാ-
മുനിജനമതിമോദം വാണ ദേശത്തണഞ്ഞു
കരയുക മമനാടേ നഷ്ടമായ്പ്പോയതോർത്തി-
ട്ടിനിയവ ‘ചുമർചിത്രം‘ മാത്രമായ്ത്തീർന്നുവല്ലോ?

ശശിധരപദയുഗ്മം ജീവിതംധന്യമാക്കും
ഹരിഹരനൊരുനാളും കൈവെടിഞ്ഞീടുകില്ല
കരുണനിറയെ കാണാം ഭക്തരിൽ പ്രേമവായ്പ്പും
ശരണമറിക നാഥാ കാത്തിടൂ നാൾക്കുനാളിൽ

ഹൃദയമണിമുഴക്കീട്ടോതിടാം ജന്മനാളിൽ
സഹൃദയനനിലിന്നാശംസ, നന്നായ് വരട്ടേ
കവിതകൾ കല നന്നായാസ്വദിച്ചെന്നുമേ നീ
മരുവുക സുഖമാ‍യ്, നിൻ സ്വപ്നവും പൂവിടട്ടെ

പഞ്ചചാമരം

കറുത്തൊരാമനസ്സുമായ് വെളുത്തൊരന്നമേകൊലാ
കടുത്തൊരാവചസ്സിനാലെ യാരെയും മുറിയ്ക്കൊലാ
കളിയ്ക്കുപോലുമായി നീ ചതിയ്ക്കൊലാ സുഹൃത്തിനെ
കരംകൊടുത്തു ഗർത്തമൊന്നിൽ നിന്നു നീ കയറ്റുക.

ചെടിയ്ക്കു വെള്ളമേകണം കടയ്ക്കലേകണം വളം
ചെരിഞ്ഞു പോയിടാതിരിപ്പതിന്നു നേരെ നിർത്തണം
ചിരിച്ചു നല്ലപൂക്കളെന്നുമേ നിരന്നു നിൽക്കുവാൻ
ചെരിച്ചു വെട്ടണം,കടയ്ക്കൽ മണ്ണുമാറ്റി നോക്കണം

തരും നിനച്ചൊരാൾ തരി,ല്ലൊരിയ്ക്കലും മറിച്ചു നാം
തരാ നിനച്ചൊരാൾ തരും പലപ്പൊഴും, ധരിയ്ക്ക നാം
തരം ഗുണം, പണം, പ്രസിദ്ധിയെന്തുമോർക്കിലാകിടാം
തരാം തരാം പറഞ്ഞിടുന്ന കൂട്ടർ നല്ലതായിടാ

പറഞ്ഞതില്ലൊരക്ഷരം കഴിഞ്ഞതില്ലതിന്നതാ-
ണറിഞ്ഞുകാണുമോർത്തു ഞാൻ, മറന്നു പോയതല്ല കേൾ
നിറഞ്ഞമോഹമൊക്കെയും തകർന്നുപോയി മണ്ണിതിൽ
കരഞ്ഞുതീർത്തുകൊണ്ടിതാ കഴിച്ചിടുന്നു ജീവിതം

രസം നവം വരും മുഖത്തു, കാൺകിൽ ഭംഗിയാരസം
രസം കുടിയ്ക്കുവാൻ, പലേതരത്തിലായ് രസം, രസം
രസം പകർന്ന ചില്ലു നോക്കി കണ്ടിടാം സ്വയം, രസം
രസങ്ങളൊക്കെവേണമൊട്ടൊഴിയ്ക്ക, ‘നീ രസം‘ സഖേ!
വസന്തതിലകം

ബാണം പൊഴിപ്പതിനു ഞാണു മുറുക്കിയെന്നാ-
ലാകുന്നതില്ല പറയാനിതിലേതു ബാലി
ഖേദം കളഞ്ഞു വിരവോടു ഗമിച്ചിടൂ നീ
മാല്യം ധരിയ്ക്കയടയാളമതൊന്നിനായി

രാധേ നിനക്കു വിരഹം ഗതി,യെങ്കിലെന്തു
രാജീവനേത്രൻ വിളികേൾക്കെ വരുന്നുവെങ്കിൽ
ഈ ലോകമൊട്ടു നിലനിൽ‌പ്പിന നാൾവരേയ്ക്കു-
മാ ദിവ്യമായൊരനുരാഗവുമാരുമോർക്കും

സാരിയ്ക്കുഭംഗി യണിയുന്നൊരു നേരമേകാൻ
ആകാരസൌഷ്ടവമതൊന്നതു തന്നെ മുഖ്യം
യോജിയ്ക്കവേണ മതിനൊത്തു ധരിപ്പതെല്ലാം
ചേലൊത്ത ഫാഷനതിൽ വേണമതെന്നു മാത്രം,

പുഷ്പിതാഗ്ര

കുവലയമിഴിയാൾ അണഞ്ഞനേരം
കുസുമസുഗന്ധമണഞ്ഞു നാലുപാടും
കുറുനിരചെറുതായ് പറന്നു കാറ്റിൻ
കുസൃതിയിലൊട്ടുമുഖത്തു നാണമാർന്നു

സഖിയുടെവദനം തുടുത്തതെന്തേ?
സുഖകരമാമൊരു ചിന്തയോടിവന്നോ?
പറയുകയിനിയും ക്ഷമിയ്ക്കവയ്യെ-
ന്നറിയുക,ചൊല്ലണമെന്റെ കാതിലായി.

ദയയൊരു തരിനീയിവൾക്കു കാട്ടൂ
കവിതരചിപ്പതിനേറെ മോഹമുണ്ടേ
തരികൊരുവരമിന്നരക്ഷണത്തിൽ
കവിതകൾ തീർപ്പതിനുള്ളശക്തിയമ്മേ!

വിനയവുമറിവുംനിറഞ്ഞിടുന്നോർ
പറയുവതെന്തതു കേൾക്ക നല്ലതിന്നായ്
അറിയുകയിഹജീവിതത്തിൽ മായാ-
വലയവിമുക്തിയുമൊട്ടുവന്നു ചേരും

ഇന്ദുവദന

എന്റെ മനതാരിലൊരു ശങ്കയുണരുന്നു
മണ്ണിൻ വിലകൂടി യിഹമർത്ത്യൻ വിലപോകേ
‘മണ്ണി‘ലിനിനല്ലവില കിട്ടിടുവതിന്നായ്
മർത്ത്യനിനി‘മണ്ണിലലിയുന്നവഴി‘ മാത്രം

കേട്ടുപലവാർത്തകളുമിന്ത്യയുടനീളം
കാട്ടുവതു ജാതി,കുലമേന്മ,യഭിമാനം
പോറ്റിവലുതാക്കിയ കരങ്ങൾ കൊല ചെയ്കേ
നാട്ടിലതു കണ്ടു ജനമെങ്ങിനെയിരിപ്പൂ?

ഇന്നവിധമെന്നുപറയുന്നതിനിതാർക്കും
നല്ല വശമില്ല,മതമല്ലിവിടെകാര്യം
തെല്ലുപണ,മിന്നു മമ പാർട്ടിഭരണത്തിൽ
വന്നിടുകിലിന്ത്യ,രഘുരാമ, തവ രാജ്യം!

ചന്തമൊടെയിങ്ങുവരികിന്ദുവദനേ നീ,
സുന്ദരി,യൊരന്തിയിലെ ദീപശിഖപോലെ
എന്തുരസമിന്നുവരുമെങ്കിലിനി വീണ്ടും
നിന്നെയണിയിപ്പതിനൊരുങ്ങി പലരെത്താം .


മാതൃമനമൊട്ടുകുതികൊണ്ടവനെയന്നാ
ദേവകികൊതിച്ചു കരതാരിലുമെടുക്കാൻ
നീല നിശ,ഘോരമിടിയൊത്തു മഴപെയ്കേ
ബാലനെയെടുത്തുവസുദേവരുമകന്നു
മഞ്ജുഭാഷിണി

കമനീയരൂപമെഴുമെന്റെ കാമിനീ
പണിതെല്ലിതുണ്ടു മമമഞ്ജുഭാഷിണീ
സജസം കഴിഞ്ഞു ജഗരൂപമാർന്നു നീ
സതതം വരേണമതിനായ്ത്തൊഴുന്നിതാ…
മറിമാൻ മിഴിയ്ക്കു കുളിരായി വന്നു നീ
ഹൃദയം നിറഞ്ഞു മിഴിവാർന്നു നിന്നിതോ?
മലരമ്പു കൊണ്ട മഴുവാളി ദേവ നിൻ
തിരുനേത്രമൊന്നിലവനും ദഹിച്ചുവോ?
പറയില്ലയെന്നുപലവട്ടമോർത്തതീ-
പരിദേവനങ്ങ,ളറികെന്റെ ജീവിതം
പരിവാഹമാർന്നുനിപതിച്ചിടുന്നിതാ
പരിവാരമോ പദവിയില്ല കൂട്ടിനായ്
ഹരിനിന്റെ ഭംഗി നിറയുന്നൊരാ മുഖം
സ്ഥിരമെന്റെ മാനസമതൊന്നിലേറുവാൻ
ഇനിയെന്തു ചെയ്യണമതോർത്തു മാനസേ
പലചിന്തയോടെ മരുവുന്നു ഞാനിതാ
മലയിങ്ങു വന്നു സവിധേയിരിയ്ക്കുമോ?
ഇവനങ്ങു പോയി മലയേറിവാഴുമോ?
കലികാല മാകിൽ മലയും ചലിച്ചിടും
മലമാറുകില്ല, ‘മത‘മെന്തിതോതിലും.
ഭുജംഗപ്രയാതം
വരുംനീയെനിയ്ക്കായിഞാൻ കാത്തിരുന്നു
വരുംകാലമൊന്നിച്ചു തന്നേ നിനച്ചു
വരുന്നോരുവിഘ്നങ്ങളൊട്ടങ്ങു നീങ്ങാൻ
വരംതേടി, യെങ്ങോട്ടുപോയെൻപ്രിയാ നീ?
സ്വതേയുള്ള ശീലങ്ങൾ മാറാൻ ഞെരുക്കം
സ്വയം വേണമെന്നങ്ങു ചിന്തിയ്ക്കിലാകും
സ്വരം നല്ലതായിട്ടിരിയ്ക്കുമ്പൊഴേ നാം
സ്വയം നിർത്തിടും പാട്ടതേകും യശസ്സും
ജരാസന്ധനൊന്നേ നിനച്ചുള്ളു വില്ലി-
ന്നിതേറ്റം പ്രയാസം കുറഞ്ഞുള്ള കാര്യം
എടുക്കാൻ,കുലയ്ക്കാൻ,വലിയ്ക്കാ,നൊരുങ്ങീ-
ട്ടൊടുക്കം സ്വദന്തം കുറഞ്ഞെന്നു മാത്രം.
ഇലച്ചാർത്തിലൂടങ്ങരിച്ചെത്തിടും നൽ
വെളിച്ചങ്ങൾ തീർക്കും നിഴൽച്ചിത്രജാലം
കറുപ്പും വെളുപ്പും കലർന്നേകി മർത്ത്യ-
മനസ്സിന്റെയുള്ളം തുറന്നെന്നപോലെ

നമുക്കുള്ളിലിന്നും വളർത്താം പ്രതീക്ഷ
നിനയ്ക്കുന്നകാര്യം നടന്നില്ലയെങ്കിൽ
നലം നേർന്നിടാമീപ്പുതുക്കൊല്ലമൊന്നിൽ
നിരായാസമെന്യേ പലേനേട്ടമൊക്കാൻ!
ദൃതവിളംബിതം
മലയുമാഴിയുമല്ലിതു സർവ്വമീ
ഭുവിയതൊന്നിനുനാഥനതാരവൻ
സകലനേരവുമെന്മനമൊന്നിലായ്
പ്രഭചൊരിഞ്ഞുനിറഞ്ഞുവിളങ്ങണം.
മുടിയെനിയ്ക്കുഹരം, പല ഫാഷനില്‍
പതിയെ ചീന്തി മിനുക്കിയെടുത്തിടാന്‍
ചെറിയ പാര്‍ലറതൊന്നിലു കേറി ഞാന്‍
മുടിയുമേ, മനമൊന്നിതിലോര്‍ത്തു ഞാന്‍
അലകളാഴിയിലങ്ങുപലേവിധം
നിരകളായ് നുരയുന്നതു കാൺകവേ
മനമതിൽക്കുമിയുന്നൊരു ചിന്തതൻ
നിരകളും നുരയുന്നതു കേട്ടു ഞാൻ
മധുവനത്തിലിരുന്നു തപസ്സിനായ്
മൃദുകളേബരകോമളനാം ധ്രുവൻ
അതികഠോരതപം, ഹരി തൃപ്തനായ്
അവനി വാണവ,നിന്നൊരു താരകം
പടവരും ഭയമേറിയ കാരണാൽ
ഝടുതി പന്തളമെത്തിയ വേളയിൽ
നിറയെ പന്തവുമായി വരും പട-
യ്ക്കിടയിലായി ഞെരുങ്ങിവരുന്നിതോ?
തോടകം
അറിയാൻ കഴിയുന്നിതു ‘തോടക‘മെ-
ന്നണിയാൻ കഴിയും ചില ‘തോട“കളും
കരയാൻ കഴിയാനൊരു “തോടി‘ മതി
തുടരാമിനിയും കളി, ‘തോടയ‘മായ്
മെഴുകിൻപ്രതിമയ്ക്കഴകെന്തറിയൂ
ശരിയായ് വിരുതായ്പ്പണിചെയ്തിടുകിൽ
പറയാൻ കഴിയില്ലിതിലേതു മെഴു?
രസമാണതുപോൽ ചിലപോസുകളിൽ!
ഭണനം മധുരം, കരണം ത്വരിതം
വരണം ചൊടി,യൊത്തധികം മതിയും
ചരണം പണിയും ജനവും നിറയും
ഭരണം പണവും നിറയും പണിയായ്
വരനും വധുവും കുറെ ബന്ധുജനം
നിറയും പറയാം കതിർ മണ്ഡപമായ്
നിറയും പറയും നിറമാലകളും
നിറയും വയറും വളരും വരിയും
വരവിന്നധികം ചിലവെന്നതുവ-
ന്നതിനാലധികം കുഴയുന്നിതു ഞാൻ
വരമേകുകനീ ശിവനേ,യുയരാൻ
മമവേതന,മീ നിലയൊന്നൊഴിയാൻ
വംശസ്ഥം
രഥോദ്ധത
സാലഭഞ്ജിക കണക്കു നിന്നു നീ
താലമേന്തി വരവേൽ‌പ്പിനായിയോ?
ഫാലദേശമതിലായ് വരക്കുറി
പാതികൂമ്പിയമിഴിപ്രസാദവും.
പൂവുപോലെ പരിശുദ്ധമാം മനം,
മാനിനൊത്ത മിഴി,യേറെ സുന്ദരം,
മോഹബദ്ധനിവ,നോർക്കിലാ സ്വരം
ദാഹമാർന്ന മനമൊട്ടു കേണിടും
നന്ദനന്ദനസുവർണ്ണവിഗ്രഹം
ചന്തമോടെ മനമായ കോവിലിൽ
കാന്തിയാർന്നു വിളയാടണം, സദാ
ചിന്ത നീങ്ങണ, മതിന്നു കുമ്പിടാം
ശാലിനി
ഓടപ്പൂവാ കൊട്ടിയൂരെ പ്രസാദം
ഓക്കത്തിന്നായ് വീട്ടിലും തൂക്കിടുമ്പോൾ
ഓർത്തല്ലോ ഞാൻ യാഗവും ദക്ഷവാക്കും
ക്രോധാവേശാൽ താണ്ഡവം ചെയ്ത രൂപം.


രാരീരാരോ പാടി നീ, ഞാനുറങ്ങി
പാരാവാരം നിന്മനം സ്നേഹസാന്ദ്രം
തീരാനഷ്ടം നിന്റെ വേർപാടിതിന്നെൻ
തായേ! ചെറ്റും താങ്ങിടാനാവതില്ല.

ഒന്നോർത്താൽ പോമിന്നു ഞാൻ നാളെ നീയും
എന്നാണല്ലോ ചൊല്ലിയപ്പൂർവികന്മാർ
ഇന്നീ പച്ചപ്ലാവിലയ്ക്കെന്തിനായി-
ട്ടുണ്ടാകുന്നൂ പുച്ഛമിമ്മട്ടിലായി?

നോവും മട്ടാ രായിരം കുന്നു പാടും
നാറാണത്തെ ഭ്രാന്തർ നാമെന്ന സത്യം
വീഴും കല്ലും കേറ്റിടാനുള്ള മല്ലും
ഈ ലോകത്തിൻ വ്യർത്ഥതാബോധമോതും.

“സമ്മത”

ദിനമണഞ്ഞു കേൾ, നാം സ്വതന്ത്രരാ-
യറുപതിൽപ്പരം കൊല്ലമപ്പുറം,
“അഴിമതിയ്ക്കു നാം കൂട്ടു നിൽക്കൊലാ“
കഴിയുമെങ്കിലിന്നൊത്തു ചൊല്ലിടാം

‘ഉറിയടി‘യ്ക്കുവാൻ വന്ന ബാലകർ
പിരമിഡായതും കണ്ടു നിൽക്കവേ
ഒരു യശോദയായ് മാറി ഞാൻ, ഹരേ!
പിടി മുറുക്കണേ, താഴെ വീണിടും!

അമരനായിയന്നാഹസാരെ തൻ
സമരമൊന്നിനാൽ, ‘ലോകപാലി‘നായ്,
അഴിമതിയ്ക്കു നേർക്കായുധം, ഫലം
വഴിയെ കണ്ടിടാം, നല്ലതാവുമോ?

One Response to “എന്റെ ശ്ലോകങ്ങൾ –”

  1. jyo

    ഈ ശ്ലോകത്തെക്കുരിച്ച് അഭിപ്രായം പറയാനുള്ള അറിവൊന്നും എനിക്കില്ല.വളെരെ നന്നായി തോന്നി.ആശംസകള്‍

Leave a Reply

Your email address will not be published. Required fields are marked *