
“ഹനുവിൻ ഇടത്തുഭാഗത്തിനായ് ക്ഷതം വന്നു
ഹനുമാനെന്നായ് മാറി നിന്റെ നാമധേയവും
അഞ്ജനാപുത്രാ, വായുനന്ദനാ നിനക്കാകാ
സ്വന്തമാം ബലം തിരിച്ചറിയാൻ കേട്ടീടുക
പണ്ടു നീ വെറും കൊച്ചു ശിശുവായൊരുകാലം
കണ്ടു സൂര്യനെ വിണ്ണിൽ, പഴമെന്നോർത്തായിടാം
പറിയ്ക്കാൻ , ഭക്ഷിച്ചീടാൻ കുതിച്ചൂ, കുറച്ചല്ല
തികച്ചും മുന്നൂറല്ലോ യോജന മേലോട്ടായി
ഒരൽപ്പം പോലും സൂര്യ താപമന്നേറ്റില്ലോർക്ക
വിറച്ചു പോയിന്ദ്രനും, ഭയകോപങ്ങൾ മൂലം
ഒടുക്കം വജ്രായുധം വേണ്ടി വന്നല്ലോ നിന്നെ
തടുക്കാൻ, താഴെ വീണു താടിയെല്ലതും പൊട്ടി.
മാരുതപുത്ര! മൂന്നുലോകവും നിന്നച്ഛന-
ന്നാകവേ ചലനമൊട്ടില്ലാതെ സ്തംഭിപ്പിച്ചു
വായുദേവനാം നിന്റെ ജനകൻ മൂലം നിന-
ക്കേകി ബ്രഹ്മാവീ വരം:“ആയുധത്താലേ നിന-
ക്കാകില്ല മരണമതാരൊക്കെ നിനയ്ക്കിലും”
തന്റെ ചെയ്തിതൻ പശ്ചാത്താപത്താൽ ദേവേന്ദ്രനും
തന്നു മറ്റൊരു വരം: “മരണം വരും നിന-
ക്കെന്നു നീ കാംക്ഷിയ്ക്കുമോയന്നുമാത്രമോർക്കുക”
ഇനിയും സന്ദേഹമോ, സമുദ്രം ചാടിക്കട-
ന്നുടനെക്കണ്ടീടുക സീതയെ, നിനക്കാകും.
പത്തു യോജന, പതിനഞ്ചാകാം ചിലർക്കെങ്കിൽ
വൃദ്ധനാമെനിയ്ക്കാകും തൊണ്ണൂറെങ്കിലുമെന്നാൽ
പറ്റുമംഗദൻ, യുവരാജനു നൂറങ്ങോട്ടായ്
പറ്റില്ല തിരിച്ചിങ്ങു ചാടുവാനെന്നോതുന്നു
ഒത്തിടും നിനക്കോർക്കിൽ ദേവിയെക്കണ്ടീടുവാൻ
പത്തല്ലാ, നൂറങ്ങൊട്ടുമിങ്ങോട്ടും ചാടീടുവാൻ
മറ്റൊരാൾക്കാകായതിനെന്നതു മറക്കൊലാ
ഒട്ടു നിൻ ദൌത്യത്തിനായൊരുങ്ങീടുക, വേഗം!“
ജാംബവാൻ , ബ്രഹ്മസുതൻ,തന്റെ വാക്കുകൾ കേൾക്കേ
മാരുതി സ്വയം തന്റെ ശക്തി കണ്ടെത്തും നേരം
മാമല പോലെ ദേഹം വളർന്നൂ, മനസ്സില-
ന്നാലങ്കാപുരം മാത്രം ലക്ഷ്യമായ് ഭവിച്ചല്ലോ!
2 Comments
ഒരു രാമായണ മണം ആസ്വദിച്ചു
arjuna chinthakalkabhinandanam
Post a Comment