ശിവരാത്രി

Posted by & filed under കവിത.

അന്ധകാരത്തിന്‍ കൂപം തന്നിലായ് പതിയ്ക്കുന്നോര്‍

സന്തതം ഭജിയ്ക്കും ശ്രീ പരമേശ്വരാ മൂര്‍ത്തേ

എന്‍ മനസ്സൊന്നില്‍ പലേ മോഹങ്ങള്‍ വിടരുന്നു

നന്മ തന്‍ വഴി തിരഞ്ഞെടുക്കാന്‍ കഴിയണം

ഒന്നു ഞാനറിയുന്നുവെന്‍ദേഹമനശ്വര-

മല്ല,തിന്നുള്ളില്‍ വാഴുമാത്മാവാണല്ലോ സത്യം

മേലുടുപ്പൊന്നിന്‍ മാറ്റം പോലവേയാത്മാവിന്നു

കേവലം തങ്ങീടുവാന്‍ മാത്രമാണല്ലോ തനു.

സകലചരാചരഗുരുഭൂതനാം ഭവാ-

നറിവിന്‍ വെട്ടം പകര്‍ന്നീടൂവാനൊരുങ്ങവേ

അജ്ഞത വരുത്തിടുമന്ധകാരമാം രാത്രി-

യൊക്കവേ തിരുനാമ ജപത്താല്‍ നീക്കട്ടെ ഞാന്‍

പുറകെയരിച്ചെത്തും കറുപ്പേകിടും ഭയ-

മകറ്റി ജഗത് സത്യമറിയാന്‍ ശ്രമിയ്ക്കവേ

ശിവരാത്രിയില്‍ജാഗരൂകയായി ഞാനിതാ

അറിവിന്‍വെളിച്ചത്തെയേറ്റിടാനൊരുങ്ങുന്നു

അജ്ഞതയ്ക്കിന്നേകിടാം മൃത്യു, വന്നോട്ടെയിനി

സ്വച്ഛമാം തനു, മന, മെന്റെ ചിന്തകള്‍ക്കൊപ്പം

ശങ്കരമായീടണമെന്റെ ജീവിതം ധന്യം

സങ്കടഹരേ! ശിവമന്ത്രമൊന്നതേ രക്ഷ.

സര്‍വ്വവും ശിവമയമാകട്ടേ ശക്തിയ്ക്കൊത്തു

സര്‍വ്വേശാ പുരുഷന്‍ നീ ശക്തിയപ്രകൃതിയും

അനന്തം നിന്‍ രൂപമാശക്തി ചൈതന്യം രണ്ടു-

മൊരുമിച്ചുണ്ടായല്ലോ പ്രപഞ്ചം മഹാത്ഭുതം!

3 Responses to “ശിവരാത്രി”

  1. Venmaranallure

    തത്വവും അര്‍ത്ഥവും ഭാഷയും ലാളിത്യവും ഒരുപോലെ ഇണങ്ങി ഭാവസ്ഫുരണ സമര്‍ത്ഥമായിരിക്കുന്ന വരികള്‍ .

  2. Bhagavathy

    ഈ ശിവരാത്രി നാളില്‍ ചൊല്ലുവാന്‍ വളരെ അര്‍ത്ഥ സമ്പൂര്‍ണമായ വരികള്‍

  3. padmanabhan namboodi

    try more simple words which are usded in day today life . it will add beauty to the poem.

Leave a Reply

Your email address will not be published. Required fields are marked *