AVATAR @ IMAX

Posted by & filed under FILMS & SERIES--Jyothi Recommends.

“Inglourious Basterds  “കാണാനായി തിയറ്ററിൽ പോയപ്പോഴാണു ആദ്യമായി AVATAR ട്രെയിലേർസ് കാണാനിടയായതു. അപ്പോൾ മുതൽ കാണാൻ തിടുക്കം തോന്നിയെങ്കിലും ചില യാത്രകളും മറ്റു തിരക്കുകളുമായി കാണൽ നീണ്ടുപോയി.  ഇതിനിടയിൽ ഈ സിനിമയുടെ മേന്മയെക്കുറിച്ചു ഒട്ടനവധി വായിയ്ക്കാനും കേൾക്കാനുമിടയായി.  ഡിസംബറിലേ പുറത്തു വന്നിട്ടുള്ളുവെങ്കിലും ഇതിനകം 16 അവാർഡുകൾ,  9 ഓസ്കാർ നോമിനേഷനടക്കം 32 നോമിനേഷനുകൾ!  ഡയറക്ഷൻ,  ആർട്ട് ഡയറക്ഷൻ,  സിനിമാട്ടോഗ്രാഫി,  എഡിറ്റിംഗ്,  സൌണ്ടു,  സൌണ്ടു  മിക്സിംഗ്,  മ്യൂസിക് ഒറിജിനൽ സ്കോർ,  വിഷ്വൽ എഫെക്റ്റ്സ്, ബെസ്റ്റ് പിക്ച്ചർ ഓഫ് ദ ഇയർ–ഇതെല്ലാം തന്നെ കിട്ടിയാലും അത്ഭുതമില്ലെന്നു തന്നെയാണു പടം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയതു.

ഇവയിൽ ഏതു മേഖലയിലാണു കൂടുതൽ മിഴിവെന്നു പറയാനാവാത്ത അവസ്ഥ.   ജെയിംസ് കാമറൂണിന്റെ   ഈ ത്രിമാനപടം തരുന്ന വെല്ലുവിളിയെ നേരിടാൻ ആർക്കു സാധിയ്ക്കുമെന്നു കണ്ടു തന്നെ അറിയണം.

എന്തായിരിയ്ക്കും അവതാറിന്റെ വിജയരഹസ്യത്തിനു പിന്നിൽ?  നല്ല കഥ?   സുന്ദരമായ വിഷ്വൽ ഇഫെക്റ്റ്?  സംഗീതം? ശബ്ദസങ്കലനം?  ത്രീ ഡി സാങ്കേതികത ?   അതോ ഹരിതഭരിതവും  നിബിഡവുമായ വനപ്രാന്തങ്ങളുടെ  മനോഹാരിതയോ?കലർപ്പില്ലാത്ത, ആരും തൊടാത്ത നിർമ്മലമായ പ്രകൃതിയുള്ള  സ്വപ്നഭൂമി.  അസാധാരമായ  വന്യജീവികളും തദ്ദേശവാസികളും. പൻഡോരയെന്ന ഈ ഗ്രഹവും അവരുടെതായ വന്യഭാഷയും സംസ്കാരവും ജെയിംസ് കാമറൂണിന്റെ മറക്കാ നാവാത്ത സംഭാവനകൾ തന്നെയെന്നതിൽ  സംശയമില്ല. സ്നേഹത്തിന്റേയും വിദ്വേഷത്തിന്റേയും ,അടിച്ചമർത്തലിനെതിരെയുള്ള   നിലനിൽ‌പ്പിനായുള്ള  സംഘട്ടനങ്ങ ളുടെയും  ആവിഷ്കരണങ്ങൾ   മിഴിവുറ്റതായി.  കഥാതന്തു   ഭാവനയുടെ  നിറക്കൂട്ടിൽ മിന്നിത്തിളങ്ങി. വൈവിദ്ധ്യത നിറഞ്ഞ കഥാപാത്രങ്ങളെ അതിൽ കോർത്തിണക്കിയപ്പോൾ അവരും , അത്യന്താധുനിക കണ്ടുപിടുത്തങ്ങളായ യന്ത്രങ്ങളും, സംവിധാനങ്ങളും ഒരേപോലെ പ്രേക്ഷകരെ ആകർഷിച്ചു. ഒരു  ആന്റി അമേരിക്കൻ ചുവ ഉടനീളം ചിത്രത്തിൽ നിറഞ്ഞുനിന്നിരുന്നു.  സാധാരണ പോലെ ഈ ചിത്രത്തിലൂടെയും കാമറൂൺ സന്ദേശങ്ങൾ തരാൻ മറന്നിട്ടില്ല . താൽക്കാലിക നേട്ടത്തിനായി മനുഷ്യൻ പ്രകൃതിയെപ്പോലും നശിപ്പിയ്ക്കാൻ മടിയ്ക്കുന്നില്ല.  നമ്മുടെ ഭൂമി നേരിട്ടുകൊണ്ടിരിയ്ക്കുന്ന പ്രശ്നങ്ങളെക്കുറിച്ചു തന്നെയല്ലേ അൽ‌പ്പം സിംബോളിക് ആയി കാമറൂൺ ദ്യോതിപ്പിയ്ക്കുന്നതു?   അറിഞ്ഞുകൊണ്ടു തന്നെ സ്വയം കുഴിച്ച കുഴിയിൽ വീണു അതിൽ നിന്നും കയറാനാവാതെ ,പ്രകൃതിഎന്ന സർവ്വം സഹയെ ഉപദ്രവിയ്ക്കാവുന്ന തരത്തിലെല്ലാം സ്വാർത്ഥതയുടെയും അധികാരത്തിന്റേയും  കയ്യൂക്കിൽ  ആക്രമിയ്ക്കുന്ന ഉന്മാദാവസ്ഥയിലായ മനുഷ്യനെയാണിവിടെ കാമറൂൺ പരിഹാസോദ്യോതകമായി ചൂണ്ടിക്കാട്ടുന്നത്.    എത്ര സർവ്വംസഹയാണെങ്കിലും അവസാനം തിരിച്ചടിയ്ക്കുമെന്ന പ്രകൃതിസത്യവും. നിറങ്ങളുടേയും ശബ്ദവീചികളുടെയും കൊഴുപ്പിനൊപ്പം കഥാ തന്തുവിനെ   ത്രീഡീയെന്ന         മാന്ത്രികച്ചെപ്പിനുള്ളിലിറക്കി  കാണികളെ ആകർഷിച്ചു  അതിനൊപ്പം വിഡ്ഢികളാക്കി പണം വാരുകയല്ല ഇവിടെ ചെയ്തിട്ടുള്ളതു. ശക്തമായ സന്ദേശങ്ങളേയും  പ്രതിഷേധ പ്രകടനങ്ങളേയും അതിന്റേതായ രീതിയിൽ ഉൾക്കൊള്ളാൻ കഴിയുന്നവർക്കു മാത്രമേ ശരിയായ രീതിയിൽ ഈ പടത്തിന്റെ മഹനീയത മനസ്സിലാക്കാനാവുള്ളൂ എന്നതാണു സത്യം. ഇതിൽ കഥ ഉണ്ടു തന്നെ. നന്മയുടെയും തിന്മയുടെയും ഏറ്റുമുട്ടലിന്റേയും കഥ.  അവസാനം നന്മ തന്നെ വിജയിയ്ക്കുമെന്നതും ഇവിടെ കാണാനാകുന്നു. വിഷ്വൽ ഇഫെക്റ്റിന്റെ ഭംഗി കാണാനായി ഒരിയ്ക്കൽക്കൂടി  ഈ പടം ഞാൻ കാണാനാഗ്രഹിയ്ക്കുന്നു. ഇതിന്റെയ്ക്കെ പിറകിലെ ആ കഠിനാദ്ധ്വാനത്തെ ഒന്നോർത്തു നോക്കൂ…കാമറൂൺ…യൂ ആർ ഗ്രെയ്റ്റ്…എന്നേ പറയാനുള്ളൂ. ഇതിലും നന്നായി ഒരു പടമെടുക്കൽ അങ്ങേയ്ക്കു തന്നെ ഒരു വെല്ലു വിളിയാകാം, തീർച്ച.

കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും അധികം പറയാനില്ലെങ്കിലും പ്രധാനറോളുകളിൽ Sam Worthington (Jake) , Zoe Saldana (Neytiri) എന്നിവർ ശ്രദ്ധേയരായി.  ത്രീ ഡി ഇഫെക്റ്റ്സിന്റെ പരിവേഷത്തിനപ്പുറം അവർ മനസ്സിൽ തങ്ങി നിന്നു. ദൃശ്യങ്ങൾ പലതും സ്വപ്നസമാനമായി തോന്നിച്ചില്ലെന്നില്ല. സാങ്കേതികവിദ്യയുടെ വളർച്ച എടുത്തു കാണിയ്ക്കുന്ന ദൃശ്യാവിഷ്ക്കാരങ്ങൾ. നെയ്റ്റിരിയായി അഭിനയിച്ച നായികയ്ക്കു ബ്ലോക്ബസ്റ്റർ ദീർഘമുഴുനീള കാമറൂൺ പടത്തിന്റെ ആദ്യാവസാനം റീലുകളിൽ നിറഞ്ഞു നിന്നിട്ടും  തന്റെ യഥാർഥമുഖം ഒരു സെക്കൻഡു നേരത്തേയ്ക്കെങ്കിലും പ്രേക്ഷകരെ കാണിയ്ക്കാനായില്ല. നെയ്റ്റിരി ഒരു നെയ്ത്തിരിയായിത്തന്നെ നമ്മുടെ മനസ്സിൽ നിലനിൽക്കട്ടേ.പടം അൽ‌പ്പം ദൈർഘ്യമേറിയെന്ന കുറ്റവും പലർക്കും പറയാനുണ്ടാകുമെങ്കിലും എനിയ്ക്കതൊരു  വലിയ കുറവായി തോന്നിയില്ല.  പ്രീ- ഓപ്പൺ    പബ്ലി സിറ്റിയുടെ തീവ്രത കുറ ച്ചധികം പടത്തിനെക്കുറിച്ചുള്ള  കാത്തിരിപ്പിന്റെ ശക്തി കൂട്ടിയില്ലെന്നില്ല.  എന്തായാലും കാമറൂൺ തുറന്നു തന്ന “Pandora” യും അതിലെ വാസക്കാരായ  “Na’vi“കളും ‘അവതാർ’എന്ന പ്രതിഭാസവും, സുരക്ഷാ പര്യായമായ   ഹോം ട്രീ തുടങ്ങിയ  പല സങ്കൽ‌പ്പങ്ങളും മനസ്സിൽ തങ്ങി നിൽക്കും, തീർച്ച.

പിന്നെ, ഈ ഫിലിം ഞാൻ കണ്ടതു വഡാല ഐ മാക്സ് തിയറ്ററിലാണു. അവിടെത്തന്നെ കാണണമെന്ന എന്റെ നിർബന്ധം കൊണ്ടു തന്നെയാണു ഇതു കാണാൻ വൈകിയതും. മുംബെയിലെ ഏറ്റവും വലിയതും വിലകൂടിയതുമായ സ്ക്രീൻ. പതിവു സ്ക്രീനിന്റെ പത്തിരട്ടി വലുപ്പം. സീറ്റുകൾ അറെഞ്ചു ചെയ്തിരിയ്ക്കുന്നതു വെർട്ടിക്കൽ ആയി. വലുപ്പമേറിയ  3 ഡീ കണ്ണടകൾ ആദ്യം അൽ‌പ്പമൊക്കെ അസ്വസ്ഥത തന്നെങ്കിലും പടവും തിയേറ്ററും ഞാൻ ഒരുപോലെ ആസ്വദിയ്ക്കുകയായിരുന്നതിനാൽ അതു പെട്ടെന്നു നീങ്ങി ക്കിട്ടി.  15-20 വർഷങ്ങ ൾക്കു മുൻപായി മൈ ഡിയർ കുട്ടിച്ചാത്തൻ  കണ്ടതാണോർമ്മ വന്നതു..ടെക്നോളജി ശരിയ്ക്കും പുരോഗമിച്ചിരിയ്ക്കുന്നു….സിനിമകളും സിനി മാശാലകളും അതിനൊപ്പമായും.

2 Responses to “AVATAR @ IMAX”

  1. Bhagavathy

    നല്ല റിവ്യൂ ………എനിക്ക് ഇത് വരെ കാണാന്‍ പറ്റിയില്ല……….കാണാന്‍ കാത്തിരിക്കുന്നു

  2. Homie

    1984 il Purathirangiya Terminator , 1991 il irangiya Terminator 2 :Judgment day ee randu chithrangal maathram compare cheythal mathi Avatarile Technologyum athinte storyum athra kandu prashamsaneeyamaalla ennu manasilaakkan!.So oru ordinary Hollywood chithrathe 3D enna mask aniyippichu polippichu nirthuka ennoru SANKETHIKAVIDYA maathramey ee chithrathil kaanaarayullu.Avatar 2D and 3D.. randum saaamanya valiya theatresil thanne kanda oru vyakthi enna nilakku ithraye thonniyullu.(aadyam 2D aanu kandirunnathu enkil ee review ezhuthendi varukayillayirunnu).Itharahthilulla ethu Hollywood movie nokkikkazhinjalum Avatarinu pinnil valiya oru Hard work undu ennu parayaanavilla.kaaranam Movie ikkandathau athreyulluvenkil athine aavashyamilla ennu thanne parayaam!.

Leave a Reply

Your email address will not be published. Required fields are marked *