Home –  കവിത
Category Archives: കവിത

ശിലാശിൽ‌പ്പികൾ

കല്ലിലെക്കവിതകൾ ഭക്തി തൻ പരിവേഷ –
മൊന്നിനാൽത്തിളങുന്ന സൌരാഷ്ട്രം കാണ്മാൻ മോഹം
ചിന്നിടും കഠിനമാം വെയിലിൻ തീനാളങ്ങ-
ളെന്നെയൊട്ടുമേ സ്പർശിച്ചില്ലല്ലോ മഹാത്ഭുതം!

അക്ഷരാർത്ഥത്തിൽത്തന്നെയത്ഭുതപ്പെടുത്തുന്നോ-
രക്ഷർധാമിലെത്തവേ മനസ്സു കുളിർത്തല്ലോ
പാടലവർണ്ണമെഴും “മണൽക്കല്ലി“നാൽ നിർമ്മി-
ച്ചീ മഹാക്ഷേത്രം ഗുജറാത്തിലായ് പുതിയതായ്.

സ്വാമി നാരായണൻ തന്റെ വിഗ്രഹം ദർശിച്ചീടാൻ
ദൂരെ ദൂരെനിന്നുമായെത്തുന്നു ജനക്കൂട്ടം.
കോടി പുണ്യത്തിൻ ജീവ മോക്ഷത്തിൻ മാർഗ്ഗം സാക്ഷാൽ
സ്വാമി നാരായണൻ നൽകീടുമെന്ന ചിന്തയാൽ.

ദർശനം പുണ്യം മനശ്ശാന്തിയ്ക്കാ,യെൻ കണ്ണുകൾ
കൊത്തിവെച്ചൊരീ ശിൽ‌പ്പചാതുര്യം നുകരവേ
ഭക്തിയും കൈവേലതൻ കഴിവും, കല്ലിൻ ദാർഢ്യ-
മൊക്കെ മാറ്റുന്നോ വെണ്ണപോലാക്കാൻ കഴിഞ്ഞുവോ?

ചിത്തത്തിലുയരുന്നു ശങ്ക യീ വിധത്തിലായ്
ക്കൊത്തിയൊന്നിതു തീർക്കാനെത്ര കാലമായിടും?
പരുക്കൻ പ്രതലത്തെ മിനുസപ്പെടുത്തുവാൻ
നിനച്ചവിധമതിനാകൃതി വരുത്തുവാൻ?

ഉളിയാൽ ചെത്തീടുവാൻ, കൊത്തുവാൻ, അതി സൂക്ഷം
ചില വേലകൾ തീർക്കാൻ ജീവനുണ്ടാക്കീടാനും
അവയെപ്പരസ്പരം കൂട്ടിയോജിപ്പിച്ചിട്ടിത
കവിത വിടരും പോൽ ക്ഷേത്രമായ് മാറ്റീടുവാൻ
അവരാരാകിലുമവരെക്കൂടിത്തൊഴാ-
നൊരുമോഹമെൻ മനസ്സൊന്നിലായുണരുന്നൂ…y6

കണക്കെടുപ്പുകൾ

കാലപുസ്തകത്തിന്റെ താ‍ളുകൾ മറിയുന്നു
ഞാനെന്തേ മടിയ്ക്കുന്നു, കണക്കൊന്നെടുക്കുവാൻ?
ഇരുളിൻ കറുപ്പേന്തും ഹൃദയങ്ങളെയ്തീടും
ശരവർഷത്തിൽപ്പോലും ചിരിയ്ക്കാൻ ശ്രമിയ്ക്കുന്നൂ?

നിഴലും പ്രകാശവും കൂടെയെപ്പൊഴും, നേരിൻ
വഴി താണ്ടീടാൻ മാത്രം തുനിഞ്ഞെന്നോർത്തീടുന്നു
എൻ നിഴൽ മറച്ചെന്നോ നിന്നെ, യെൻ വഴികളി-
ളെന്തിനായ് മുള്ളീവിധം വിതയ്ക്കാൻ ശ്രമിയ്ക്കുന്നൂ?

പാടുവാനനുവദിച്ചെന്നുമെൻ ഹൃദയത്തിൻ
താളത്തെ നിനക്കൊപ്പം പങ്കു വച്ചതു തെറ്റോ?
ഞാനോർമ്മച്ചെപ്പിന്മൂടി മുറുക്കെയടയ്ക്കുവാൻ
താമസിച്ചെന്നോ, വയ്യ വേദനയസഹ്യം താൻ!

പറയാൻ കഴിയാത്ത വേദന മഥിയ്ക്കവേ-
യറിയാതെ കൈ വിട്ട വാക്കുകൾ മറന്നീടാം
അവ വന്നിടും വഴി കണ്ടില്ലെങ്കിലും ലക്ഷ്യ-
മതുമാത്രം നീയെന്തേ പിന്നെയും കണ്ടീടുന്നു?

ഇനിയും തയ്യാറാക്കൂ കുറ്റപത്രങ്ങൾ, കൈച്ചാർ-
ത്തവയിൽ‌പ്പതിപ്പിയ്ക്കും നേരമെങ്കിലുമോർക്ക.
വഴിയിലിനിയും നാം കൂട്ടിമുട്ടിടാ, മപ്പോൾ
പറയേണ്ടതെന്തെന്നുമോതുക, മടിയ്ക്കാതെ.

മുഖം മൂടിയ്ക്കടിയില്‍

എന്തു നാം ചിന്തിയ്ക്കുന്നതെല്ലാമേ ശരി തന്നെ-

യെന്നു നീ നിനയ്ക്കാക, യറിക, യവനിയില്‍

ഒന്നുപോല്‍ ചിന്തിച്ചിടും ജനങ്ങള്‍ കുറഞ്ഞിടു-

മൊന്നിനും പറയുകിലില്ല, സ്ഥായിയാം ഭാവം.

നിന്നെ നീയളക്കുവാനെടുക്കുമളവിനെ-

യെങ്ങനെയളക്കും നീ, തെറ്റിനെ ശരിയുമാ-

യെങ്ങനെയുപമിയ്ക്കും, നിന്നിലെ നീയല്ലയോ

പിന്നെയും വരുവതാ മാനദണ്ഡങ്ങള്‍ തീര്‍പ്പാന്‍?

കണ്ണുകള്‍ വീക്ഷിപ്പതു സത്യമായ് നിനച്ചിടാം
കര്‍ണ്ണങ്ങള്‍ക്കറിയില്ല സത്യവുമസത്യവും

വലത്തെക്കരം ചെയ്യും ചെയ്തികളറിയുവാ-

നിടത്തെക്കരത്തിനു കഴിഞ്ഞില്ലെന്നും വരാം.

അടുത്ത സുഹൃത്തുക്കളായിടാം, മനം തുറ-

ന്നൊരൊട്ടു കാര്യം പറഞ്ഞന്യോന്യമെന്നായിടാം

അതിന്നും പുറത്തായിട്ടവന്‍ തന്‍ സ്വകാര്യമാ-

മൊരു ലോകത്തെക്കാണാ, മറികയതേ സത്യം.

അവിടെക്കാണും സുഖ-ദു:ഖങ്ങളിതൊന്നുമ-

ല്ല,റിയാനാവില്ലല്ലോ , കനത്ത മുഖം മൂടി-

യ്ക്കിടയില്‍ ത്തടഞ്ഞിടുമാഹ്ലാദത്തുടിപ്പുകള്‍

ഇടയ്ക്കൊക്കവേയണപൊട്ടിയിട്ടൊഴുകിടാം

ഒരു കൊച്ചു ഗദ്ഗദത്തിന്റെ വീര്‍പ്പുക,ളുയര്‍ന്നിടാം

ഒരുവേള തെന്നലില്‍ നിന്റെ ചാരത്തെത്തിടാം

സ്വയം നീ ചമച്ചിടും പത്മവ്യൂഹത്തില്‍ കിട-

ന്നുഴലാന്‍ നിനക്കെന്നും വിധി നീയറിയുക

ചമച്ചീടിന നേരം പുറത്തു കടന്നിടാ-

നൊരിയ്ക്കല്‍പ്പോലും വഴി കണ്ടെത്തുന്നില്ല

പഠിച്ച വഴികളും കനത്ത സന്നാഹവു-

മൊടുക്കം മറക്കുന്നോ വിധിയെന്നിതിന്‍ നാമം

ഓണം നഗരത്തിൽ

 

 

ഓണം എത്തിയെന്നറിഞ്ഞു
നഗരത്തിന്റെ മുക്കിലും മൂലയിലും
ഞാൻ തിരയുകയായിരുന്നു

കറുത്തും മെലിഞ്ഞും
തൂങ്ങിക്കിടക്കുന്ന പഴക്കുലകൾ
എന്നെ നോക്കി പല്ലിളിച്ചു

പൊടിപുരണ്ട പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ കിടന്ന
വറത്തുപ്പേരിയും പപ്പടവും
ദയ യാചിച്ചു.

വിലകൂടിയ പായ്ക്ക്റ്റുകളിലെത്തിയ
റെഡിമെയ്ഡ് കാളനും പുളീഞ്ചിയും
ഉതിർത്തഗന്ധം അരോചകമായി

നഗരത്തിലെ രമ്യഹർമ്മത്തിനായി
നാട്ടിൽ ഞാൻ കുരുതി കൊടുത്തവയെല്ലാം
ഒന്നിച്ചെത്തി എന്നെ ശപിച്ചാലും
ഫൈസ്റ്റാർ ഹോട്ടലൊരുക്കുന്ന ഓണസ്സദ്യയും
ഓണത്തപ്പനും ഓണപ്പൂക്കളവും
ഞാൻ എന്റെ മക്കൾക്കായി ഒരുക്കുന്നുണ്ടല്ലോ.

കവിതയൊഴുകും വഴി-5

വസ വസയും, വിജനേ ബതയും യാമി യാമിയും

rithu

“ വസ വസ “ യൊഴുകവേ മനം തുടിയ്ക്കുന്നു, നള-
വ്യസനവുമിനി മാറും സമയമിങ്ങെത്തുമല്ലോ
ഋതുപർണ്ണ സവിധേ ബാഹുക, നീയെത്തുമ്പോൾ
ഇതുവിധം കരുതിയോ, കദനം മറക്ക നീ.

aadi

 

“വിജനേ  ബത” നീ കരയുന്നതെന്തിന്നായി-
ട്ടിനി നല്ല നാളുകളിങ്ങണയുമല്ലോ വേഗേന
അഴൽനിറഞ്ഞീടുമൊരാ മുഖമെന്റെ മനസ്സിലും
നിഴൽ വിരിയ്ക്കുന്നതോർത്താൽ നളസൃഷ്ടി മനോഹരം!

sudevan

“യാമി യാമി” മനസ്സിലെത്താളമായീ സുദേവനെ-
ക്കാണവേ, കഥയ്ക്കു മിഴിവേറിടുന്നല്ലോ
വാരിയർ തൻ ഭാഷയും കഥയും പാത്രസൃഷ്ടിയും
നാളു തോറും മോദമേറ്റും കാഴ്ച്ച താനല്ലോ.

ഞാൻ അന്ധ

 

വെളിച്ചം മുന്നിൽക്കണ്ടു നടക്കാൻ മാത്രം പണ്ടു

പഠിച്ചു, പഠിപ്പിച്ചു, ചുറ്റിലും, മനസ്സിലും

വെളിച്ചം നിറഞ്ഞൊരാ നാളുകൾ തിരിച്ചിനി

വരുത്താനാവില്ലെന്നോ വളർന്നീടുന്നു ഭയം.

 

മനുഷ്യൻ വ്യാമോഹത്തിൻ വലയിൽക്കുടുങ്ങവേ

നിനയ്ക്കുന്നില്ലൊട്ടും തൻ കർമ്മത്തിൻ ഫലം,ലക്ഷ്യം

മനസ്സിൽ കുറിച്ചിടുമെന്നാലുമെത്തിച്ചേരാൻ

കുറുക്കു വഴികളെത്തേടുവാൻ ശ്രമിയ്ക്കുന്നു.

 

ഒരിറ്റുപ്രകാശത്തിൻ കണികയില്ല, ചുറ്റും

നിറച്ചന്ധകാരമാണല്ലോ, ഇല്ല കാണ്മാനും ലക്ഷ്യം.

തറയ്ക്കും മുള്ളും കല്ലും പാദത്തിൽ ചിത്രപ്പണി

നടത്തീടുമ്പോൾക്കരഞ്ഞീടുവാൻ മറക്കുന്നോ?

 

മനസ്സിന്നിരുട്ടിലായ് സ്ഥാപിച്ച ലക്ഷ്യങ്ങളെ

മനക്കണ്ണടച്ചൊട്ടു പ്രാപിയ്ക്കാൻ ശ്രമിയ്ക്കവേ

നടുക്കായ് വന്നെത്തിടും വിഘ്നങ്ങളെന്തായാലും

നിനക്കാകുന്നോ തട്ടി നീക്കുവാൻ കഷ്ടം! കഷ്ടം!

 

അറുക്കാൻ മുറിയ്ക്കുവാൻ അറയ്ക്കില്ലതല്ലെങ്കി-

ലടുത്തു കൂടിത്തന്റെ കാര്യങ്ങൾ നേടീടാനും

അടുത്ത ലക്ഷ്യം പിന്നെ മനസ്സിൽ കുറിച്ചിട്ടി-

ട്ടതിന്നായ് പരിശ്രമം തുടങ്ങുംവൈകീടാതെ.

 

കറുപ്പാണെല്ലാടവും എനിയ്ക്കു മടുക്കുന്നു

കൊതിയ്ക്കുന്നൊരുതുള്ളി വെളിച്ചം കിട്ടീടുവാൻ

തിളയ്ക്കും ചോരച്ചുവപ്പണച്ചോ മനസ്സിൽ ഞാൻ

കൊളുത്തും ദീപങ്ങളെ? അന്ധയായ് ഞാൻ മാറുന്നോ ?

തൂവൽ പൊഴിയ്ക്കുന്നവർ

കൊതിച്ചല്ലോ ഞാൻ പണ്ടു മുളയ്ക്കാൻ ചിറകുക-

ളെനിയ്ക്കും, പറന്നേറെയുയരാൻ,വിഹായസ്സിൽ

നിനച്ചില്ലൊരു നാളുമുയരങ്ങൾ തേടുന്നോർ –

ക്കൊരുക്കും കെണിയെന്നെക്കാത്തിരിയ്ക്കാമെന്നതും

 

തിടുക്കം തോന്നീടുന്ന നാളുകൾക്കുമെൻ മോഹം

കണക്കേ ചിറകുകൾ മുളച്ചോ, യീവേഗത്തിൻ

നടുക്കായ് , ഉയരങ്ങൾ താണ്ടിടാൻ പരത്തീടും

കണക്കറ്റ കൂട്ടുകാർക്കൊപ്പമെത്തുവാൻ ശ്രമിച്ചുവോ?

 

തുടക്കമെവിടെയെന്നറിഞ്ഞില്ലപശ്രുതി

യെനിയ്ക്കുള്ളിലായൊട്ടു മുഴക്കമുയർത്തവേ

തിരിച്ചു കൊത്താൻ പഠിച്ചെങ്കിലും ചിറകുകൾ

കൊഴിച്ചൂ തൂവ,ലാത്മവിശ്വാസമകലുന്നോ?

 

തിരിച്ചു താഴോട്ടേയ്ക്കു പറക്കേണമോ, തൂവൽ

പൊഴിച്ചീ സ്പർദ്ധയ്ക്കൊപ്പമുയരങ്ൾങ താണ്ടണോ?

എനിയ്ക്കൊന്നറിഞ്ഞീടാൻ കഴിഞ്ഞെ,ന്നുമേയെങ്ങും

തനിച്ചേ കാണ്മൂ,താഴെയെങ്കിലും മുകളിലും.

ജീവിതക്കണ്ണാടി

 

 

 

കണ്ണാടി പോലെത്തന്നെ ജീവിതം ചിരിച്ചെന്നാ-
ലിങ്ങോട്ടും ലഭിച്ചിടും, കരഞ്ഞാൽ കരയിയ്ക്കും
എന്നുമേയുടഞ്ഞങ്ങുപോയിടാമുപേക്ഷിച്ചി, –
ട്ടെന്തുമേയിതിനുള്ള കാരണമായ് മാറിടാം.

എങ്കിലുമറിയുന്നു, എന്നെ നീ പലവിധം
ഭംഗിയായ് പുറമേയ്ക്കു കാട്ടിടുമെന്നാകിലും
എന്റെയുള്ളിനെക്കാണാൻ, ഞാനാരെന്നറിയുവാൻ
തെല്ലുമേ നിനക്കാകാ, യെന്നുള്ള സത്യത്തിനെ.

എന്റെ ശൈശവം, ബാല്യം, കൌമാരം , മധുരിയ്ക്കും
യൌവന, മെൻ ജീവിതത്തിൻ ധന്യമുഹൂർത്തങ്ങൾ
എല്ലാമേ കണ്ടെന്നാലുമൊന്നുമേ മനസ്സിൽ നീ
തെല്ലു നേരത്തേയ്ക്കെന്തേ വച്ചില്ല, വീണ്ടും കാണാൻ.

ഇന്നിനെ മാത്രം കണ്ടു ജീവിയ്ക്കാൻ പഠിച്ചതോ
നന്നു നിൻ ചിന്താഗതി, യിന്നിന്റെ പ്രതീകം താൻ
എങ്കിലും മറക്കാതെ വന്നിടുന്നല്ലോ എന്റെ
വെള്ളിനാരിഴ ചൂണ്ടിക്കാട്ടുവാൻ, പ്രിയ സഖീ.

മാറ്റങ്ങൾ

മാറ്റങ്ങളില്ലാതുള്ള ജീവിതം ഭയാനക

മേറ്റമെന്നറിയുന്നുവെങ്കിലുംമനുഷ്യാ നീ

മാറ്റങ്ങൾക്കടിമയായ് മാറുമ്പോളെവിടെയോ

നീറ്റലുണ്ടാകാമെന്ന സത്യവുമോർത്തീടണം.

 

നിന്നെ നീയാക്കിത്തീർത്ത ഘടകങ്ങളെയൊക്കെ

നിന്ന നിൽ‌പ്പിലായ് മറന്നീടുവാൻ പഠിയ്ക്കുമ്പോൾ

ഒന്നു മാത്രമേ നീയോർക്കേണ്ടൂ, നിൻ പുറകിലായ്

പിന്നെയുമാവർത്തിയ്ക്കാനെത്തിടുമാരോ നൂനം.

 

അന്നു നീ കരഞ്ഞീടും ജീവിതത്തിൻ സത്യങ്ങ-

ളൊന്നുമേ സ്ഥിരമല്ലെന്നറിയാൻ കഴിഞ്ഞീടും..

ഒന്നുവൈകിപ്പോയ്, ഒക്കെ തിരുത്താ,നെന്നുള്ളൊരാ

പിൻ വിചാരത്താലെന്നും ഹൃദയമുരുക്കീടും.

 

മനുഷ്യ മനസ്സിനെ ക്കഴിയില്ലാർക്കും കാണാൻ

ചിരിയ്ക്കും മുഖങ്ങൾക്ക് പുറകിൽ പലപ്പോഴും

കറുത്തമുഖം മൂടിയുണ്ടാകാം, വിതച്ചവ

തിരിച്ചു പലമടങ്ങായി നിന്നെത്തേടിടാം.

 

നിനക്കു ചുറ്റും സ്വാർത്ഥമോഹങ്ങൾ നിറയവേ

തിരിച്ചു നടക്കുവാൻ പഠിയ്ക്കാം, കാലത്തിന്റെ

കരുത്തിൽ തകർത്തീടാൻ കഴിയും പ്രതിബന്ധ-

മൊടുക്കം , സംതൃപ്തിതൻ വഴിയും കണ്ടെത്തിടാം

 

 

യാത്രകൾ, പ്രതീക്ഷകൾ…

 

ഒരിത്തിരി നോവ് ഇനിയും ബാക്കി…..

 

ഉയരുന്ന പുകയൊരുക്കിയ തിരശ്ശീല ,

വിജനമായിക്കൊണ്ടിരിയ്ക്കുന്ന മുറ്റം,

മുറ്റത്തിന്റെ കോണിലെ അനാഥമായ

പച്ചക്കറിത്തോട്ടം .

കാറ്റിലാടുന്ന മുളകിൻ തൈത്തലപ്പുകൾ,

അറിയാതെയുയർന്ന വിങ്ങിപ്പൊട്ടലിൽ

ഒരുപാടോർമ്മകൾക്ക് പുനർജ്ജനനം.

 

കുറെയേറെമുഖങ്ങളും,

കുറെയേറെ വാത്സല്യവും,

എവിടെ നിന്നോ ഒഴുകിയെത്തുന്നുവോ?

ചുറ്റും സാന്ത്വനമുയർത്താനെത്തിയവരിൽ

രൂപമില്ലാത്തവർ നിറയുന്നുവോ?

 

യാത്രാമൊഴികൾക്കിവിടെ സ്ഥാനമില്ല

വീണ്ടും കണ്ടുമുട്ടാനായൊരു കാത്തിരിപ്പു മാത്രം.

പുകച്ചുരുളുകൾക്കൊത്തുയരുന്ന

പ്രതീക്ഷകളുടെ വ്യർത്ഥത അറിയാനാകുമെങ്കിലും.

 

എനിയ്ക്കൊന്നു കരയണമെന്നുണ്ട്

ഹൃദയത്തിനു ഭാരം കൂടുന്നെന്നറിയുന്നു

നഷ്ടക്കണക്കെടുക്കാൻ മനസ്സിനെന്നും

ധൃതിയാണല്ലോ?