ഓണവും വിഷുവും

Posted by & filed under കവിത, published in Paadheyam Online Magazine.

ഓണവും വിഷുവും

“കേരളത്തിന്റെ തനതായിടുമാഘോഷങ്ങൾ

ഏതൊക്കെയമ്മേ, പറഞ്ഞീടുകെന്നറിവിനായ്“

“ഓണവും വിഷുവുമാണോമനേ നമുക്കെന്നും

കേമാമായാഘോഷിയ്ക്കാനുള്ളവയറിഞ്ഞിടൂ‍.

ചിങ്ങത്തിലെത്തുന്നിതോണം

മേടമാസം വരുമ്പോൾ വിഷുവും

നെൽ‌പ്പാടമൊക്കെ വിരിപ്പിൻ കൊയ്ത്തു-

തീരുമ്പോഴെത്തുന്നിതോണം

കൊല്ലവർഷം കണക്കാക്കാൻ വിഷു

നല്ല വർഷത്തിൻ തുടക്കം

ഓണത്തിൻ പൂക്കളം മുഖ്യം , വിഷു-

വാണെങ്കിൽ പൊൻ കണി വേണം

കാണാം പലേതരം പൂക്ക-

ളോണനാളിൽ എല്ലായിടത്തും

സ്വർണ്ണനിറമാർന്നിരിയ്ക്കും വിഷു-

ക്കൊന്ന കണിയ്ക്കല്ലോ മുഖ്യം.

ഓണദിനങ്ങൾ പത്തല്ലോ

വിഷുവേകദിനാഘോഷമല്ലോ?

പത്തായമൊക്കെ നിറച്ചും നെല്ലു,

പുത്തനുടുപ്പോണ വേള

പച്ചക്കറികൾ സുഭിക്ഷം, വിഷു

ചക്കയ്ക്കും മാങ്ങയ്ക്കും കാലം

ചക്രവർത്തിത്തിരുമേനി മാബലി-

യെത്തുന്നിതോണദിനത്തിൽ

കർഷകൻ തൻ ദിനമല്ലോ വിഷു

ചക്രവർത്തിയുമവൻ താൻ

ഓണത്തിനെന്നും ലഭിയ്ക്കും നല്ലൊ-

രോണക്കോടി, പുതുവസ്ത്രം

നല്ല വിഷുക്കൈനീട്ടങ്ങൾ ബാലർ-

ക്കെല്ലാവരും നൽകിടുന്നു

ഓണത്തിൻ പന്തുകളിയ്ക്കേ ഹരം

മാലപ്പടക്കം വിഷു നാൾ

ഓണസ്സദ്യ ബഹുകേമം നല്ല

കാളനോലനെരിശ്ശേരിയവ്യൽ

മാമ്പഴം തൻ പുളീശ്ശേരി, വിഷു-

വായാലെരിശ്ശേരി ചക്ക

നല്ല വിഷുക്കഞ്ഞിയാണു ചിലർ-

ക്കെങ്കിൽ വിഷുക്കട്ട മുഖ്യം

കഞ്ഞിയിൽ ശർക്കര തേങ്ങാപ്പാലു-

മൊന്നൊഴിച്ചാൽ വിഷുക്കഞ്ഞി

പിന്നെപ്പറയാം കഥകൾ ബലി

മന്നന്റെയോണത്തിൻ ഹേതു

ഒന്നല്ലൊരായിരമായിട്ടുണ്ടു

നല്ലോണപ്പാട്ടുകൾ പാടാൻ

എന്നാൽ വിഷുവെത്തിയെന്നു ചൊല്ലാൻ

ഒന്നാപ്രകൃതിയുമെത്തും

കണ്ണിൻ കുളിരായികൊന്നപ്പൂവും

പിന്നെ പാടുന്ന കിളിയും

വിത്തു വിതയ്ക്കാൻ പറഞ്ഞു പക്ഷി

“വിത്തും കൈയ്ക്കോട്ടും” പാടുന്നു

ചക്ക സുഭിക്ഷമായീടും പാവം“കള്ളൻ

ചക്കേട്ടൂ, കൊണ്ടുപോയ്ക്കോട്ടേ’

ചക്കവിഭവമൊരുക്കാനായി

‘ചക്കയ്ക്കുപ്പുണ്ടോ’ ചോദിയ്ക്കുന്നു

ഇത്തരം ഓണ-വിഷുവിശേഷംബാക്കി

മറ്റൊരിയ്ക്കൽ ഞാൻ പറയാം.

Leave a Reply

Your email address will not be published. Required fields are marked *