മാറ്റൊലി

Posted by & filed under കവിത.

വയ്യെനിക്കിതു സഹിച്ചീടുവാനുള്ളിലിരു-
ന്നൊന്നൊന്നായാരോ കൂടം കൊണ്ടു തല്ലിടുന്നല്ലോ
കല്ലുകൾ പൊടിയുന്നെൻ മനസ്സിൽ, കയറ്റിയ
നല്ലൊരാഭാരത്തിനു തൂക്കമെന്നാലേറുന്നു
ആകെ മാറ്റത്തിന്നൊലിചുറ്റിലുമുയരുന്നു
മാനവൻ മറക്കുന്നു മനുഷ്യത്വത്തിൻ പാഠം
കലികാലത്തിൽ പോക്കിലെന്തുമായിടാം മനം
കടിഞ്ഞാണില്ലാത്തൊരു കുതിരയ്ക്കൊപ്പം ചാടും.
സ്വന്തബന്ധങ്ങൾക്കർത്ഥം മറക്കും പലപ്പോഴും
ചിന്തിയ്ക്കാൻ മറന്നിടും ഭവിഷ്യഫലങ്ങളെ
ധനത്തിൻ മോഹം പല വിപത്തും വരുത്തിടും
കൊടുക്കാൻ മടിച്ചിടും, പെരുക്കാൻ തേടും വഴി
കണ്ണുകൾ തുറക്കുവാൻ തയ്യാറായീടുകിൽ കാണാം
കല്ലുകൾ പൊട്ടിയ്ക്കുന്ന കുഞ്ഞൊന്നിൻ ചിത്രം നന്നായ്
കണ്ണീരില്ലല്ലോ വറ്റി, നിർവ്വികാരമാമുഖം
കല്ലിനെയുരുക്കുന്ന കദനം ഘനീഭവം
പൊള്ളുന്ന ചൂടിൽ നിന്നും പൊടിയിൽ നിന്നും രക്ഷ
കുഞ്ഞേ നിൻ ശിരസ്സിലെ തുണിയ്ക്കേകിടാനാമോ?
ഉള്ളിൽനിന്നുയർന്നിടും ചുടുനിശ്വാസങ്ങൾ നിന്റെ
കുഞ്ഞിളം വദനത്തിൽ വിയർപ്പായ് മാറുന്നുണ്ടോ?
ഇന്നു നീയൊഴുക്കീടും വിയർപ്പിൻ വിലയെന്തെ-
ന്നൊന്നു ചിന്തിയ്ക്കാൻ വയ്യ, നിനക്കും നിന്നെത്തന്നെ-
യൊന്നല്ല, പലതിനുമാശ്രയിയ്ക്കുന്നവർ കാണാ-
മെന്നു ഞാനറിയുന്നു,നിൻ ബാല്യക്കുരുതിയാൽ.
കണ്ണേ നീ കരഞ്ഞിടൂ, ശബ്ദിയ്ക്കൂ, വികാരത്തെ-
യുള്ളിലായൊതുക്കാതെപുറത്തേയ്ക്കൊഴുക്കീടൂ
കണ്ണുകളിറുക്കിയീ കാഴ്ച്ചയെ മറയ്ക്കുന്നോർ
തൻ കർണ്ണപുടങ്ങളിൽ മാറ്റൊലിയുണർത്തിടൂ

Leave a Reply

Your email address will not be published. Required fields are marked *