അജന്താ ശിൽ‌പ്പങ്ങൾ.

Posted by & filed under കവിത.കല്ലിൽ വിരചിയ്ക്കപ്പെട്ട കവിതകൾ

കടന്നുപോയ കാലങ്ങളിലെന്നോ

എന്റെ മനസ്സിലും ചില ചിത്രങ്ങൾ

കോറി വലിച്ചിട്ടിരുന്നു

അക്ഷരങ്ങളുടെ ലോകത്തു നിന്നുകിട്ടിയ സമ്മാനം

വിസ്മയത്തിന്റെ സ്വർണ്ണ വർണ്ണമണിഞ്ഞ്

മുന്നിൽ നിരന്നപ്പോൾ

പ്രതികരിയ്ക്കേണ്ടതെങ്ങനെയെന്നു മറന്നു പോയി

മനസ്സിൽ ഒപ്പിയെടുക്കണോ

അതോ മനുഷ്യനിർമ്മിതമീ യന്ത്രത്തിലോ

കാലപ്പഴക്കം സമ്മാനിച്ച നഷ്ടത്തിനടിയിലെ

കഥയാണോ, കഠിനാദ്ധ്വാനമാണോ കാരുണ്യമാണോ

ഞാൻ അറിയേണ്ടതു?

വായിച്ച പുസ്തകങ്ങൾ തന്ന രൂപം

കാലത്തിന്റെ കുസൃതിയിൽ

വൈകൃതമാർന്നു മുന്നിൽ നിന്നപ്പോൾ

കരച്ചിൽ വന്നു

പ്രകൃതിയെ അറിഞ്ഞു, സ്നേഹിച്ചു

പ്രകൃതിയ്ക്കൊത്തു ജീവിച്ചവർ

അവരുടെ കരവിരുതുകളിൽ

ബോധിസത്വനും ശിബി രാജാവും

പുഞ്ചിരി തൂകി നിന്നു

പിന്നെയെന്നോ എപ്പോഴോ അവർ

വിസ്മൃതിയിലാണ്ടുപോയി

കാലം അവരുടെ രൂപത്തിൽ

കൈക്കരുത്തു കാണിച്ചു

വൈകിയെത്തിയ അംഗീകാരമായി

ലോകത്തിന്റെ ദൃഷ്ടി പതിഞ്ഞപ്പോൾ

നമ്മൾ സ്വന്തം സംസ്കൃതിയെ

തിരിച്ചറിയാൻ നെട്ടോട്ടമായി

അഭിമാനവിജൃംഭിതരായി

സ്വന്തമെന്ന മുദ്ര കുത്തി

എന്നിട്ടും മറന്നുപോയല്ലോ

നഷ്ടങ്ങളിൽ ഖേദിയ്ക്കാൻ

അത്ഭുതപ്പെടാനേ കഴിയുന്നുള്ളൂ

അത്യദ്ധ്വാനം ചെയ്യാൻ

നാം തയ്യാറല്ലല്ലോ?

നമുക്കു കഥ പറഞ്ഞിരിയ്ക്കാം

പണ്ടു പണ്ടു ണ്ടായിരുന്ന,

നമുക്കു നഷ്ടമായ, കാലത്തിന്റെ കഥ.

One Response to “അജന്താ ശിൽ‌പ്പങ്ങൾ.”

  1. anoopkothanalloor

    പ്രകൃതിയെ സേനഹിച്ച് അതിനെ ആരാധിച്ച ഒരു തലമുറ ഉണ്ടായിരുന്നു.
    അവർ കവികളാകട്ടേ ശില്പികളാകട്ടേ അവരുടെ ആ രൂപങ്ങളിൽ എന്നും നിറഞ്ഞു നിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *