വർണ്ണനൂലുകൾ

Posted by & filed under വർണ്ണ നൂലുകൾ.

അനുഭവങ്ങൾ വളരെക്കാലത്തിനു  ശേഷവും വിസ്മയമായിത്തന്നെ മനസ്സിൽ പച്ച പിടിച്ചു നിൽക്കണമെങ്കിൽ അതിനു അത്രയ്ക്കും പ്രത്യേകതകളില്ലാതിരിയ്ക്കില്ലല്ലോ? അത്തരമൊരു അനുഭവത്തിന്റെ വർണ്ണനൂലിഴ ഇവിടെ ചൂണ്ടിക്കാട്ടാം. അവ നൽകുന്ന അനുഭൂതി എന്തെന്നു ഒരു പക്ഷേ സ്വയം മനസ്സിലാക്കുകയായിരിയ്ക്കും നല്ലതെന്നു തോന്നുന്നു..

കുട്ടിക്കാലത്തു  വീട്ടിനടുത്തുള്ള കാളീക്ഷേത്രത്തിൽ പതിവായി പോയി ദർശനം നടത്താറുണ്ടായിരുന്നു. എന്തു ദു:ഖം വന്നാലും അവിടെ തൊഴുതു സങ്കടം പറഞ്ഞാൽ മനസ്സിനു ആശ്വാസവും കിട്ടാറുണ്ടു. ഇന്നും പ്രാർത്ഥനകളിൽ മനസ്സു കൊണ്ടു  അവിടം ദർശിയ്ക്കാറുണ്ടു. വല്ലപ്പോഴും നാട്ടിലെത്തുമ്പോഴും. 1992 ൽ ഞങ്ങൾ കൽക്കത്തയിലെത്തിയ കാലം. കുട്ടികൾ ഹരി അഞ്ചാം ക്ലാസ്സിലും രവി രണ്ടാം ക്ലാസ്സിലും പഠിയ്ക്കുന്നു. രവിയ്ക്കു പെട്ടെന്നൊരു ദിവസം പനി വന്നു,ഡോക്ടരെ കാണിച്ചെങ്കിലും രണ്ടു ദിവസത്തിനകം ദേഹം മുഴുവനും വന്നു വീർക്കുകയും ദേഹമെല്ലാം സ്റ്റിഫ് ആവുകയും ചെയ്തു. ഒട്ടനവധി പ്രഗത്ഭരായ ഡോക്ടർമാരെ കാണിച്ചെങ്കിലും ഒരു മാസത്തിനുശേഷവും കുറവു കാണാനായില്ല. പുതിയ സ്ഥലം, സുഹൃത്തുക്കൾ കുറവു..രണ്ടു മൂന്നു മലയാളി കുടുംബങ്ങളെ പരിചയപ്പെട്ടുവരുന്നതേയുണ്ടായിരുന്നുള്ളൂ. ടെൻഷൻ ഊഹിയ്ക്കാമല്ലോ?അവർ നിത്യവും വന്നു സമാശ്വസിപ്പിയ്ക്കുന്നതിനിടയിൽ ഒരു ദിവസം ഒരു സുഹൃത്തു പറഞ്ഞു    ,അസുഖം മാറിയാൽ കാളീഘട്ടിൽ കൊണ്ടുപോയി തൊഴാമെന്നു പ്രാർത്ഥിയ്ക്കാൻ. ബംഗാളി പരിഭാഷകളിലൂടെ കൽക്കത്ത സുപരിചിതമായിരുന്നെങ്കിലും അവിടെയെത്തിയ  ശേഷം ഞങ്ങൾ സ്ഥലങ്ങൾ സന്ദർശിയ്ക്കാൻ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. കാളീഘട്ടിൽ‌പ്പോകാൻ മനസ്സിൽ അതിയായ മോഹമുണ്ടായിരുന്ന എനിയ്ക്കു ഇതു ഒരു കാരണവുമായി. എന്തായാലും അധികം വൈകാതെ പാലക്കാട്ടുകാരനായ ഒരു ഡോകറ് ദൈവദൂതനായി എത്തി,സ്വന്തമായിക്കരുതി,രവിയുടെ അസുഖം മാറ്റിത്തന്നു .കൽക്കത്ത മെഡിക്കൽ സർക്കിളിൽ ചലനമുണ്ടാക്കിയ  ഒരു സംഭവമായി അതു മാറിക്കഴിഞ്ഞിരുന്നു.

കാളീഘട്ടിൽ‌പ്പോണം, മനസ്സു ഒരു ദിവസം ശബ്ദമുണ്ടാക്കി. അന്നു തന്നെ ശശി യേട്ടനും അതേ വിചാരമുണ്ടായി.  വൈകീട്ടാണു അത്ഭുതം കൂടുതലായതു.  ഞങ്ങളോടു അന്നു കാളീഘട്ടിൽ പോകാൻ പ്രാർത്ഥിയ്ക്കാൻ പറഞ്ഞ സുഹൃത്തു പെട്ടെന്നു വീട്ടിൽ വന്നു പറഞ്ഞു, നാളെ വൈകുന്നേരം നമുക്കു കാളീഘട്ടിൽ പോകാം. ഒരേ സമയം മൂന്നു പേർക്കും അതേ തോന്നലോ? വിവരമറിഞ്ഞ സുഹൃത്തു പറഞ്ഞു, ഇവിടെ വിശ്വാസം അങ്ങിനെത്തന്നെ, ദേവി വിളിച്ചാൽ തന്നെ മാത്രമേ ദർശനഭാഗ്യം കിട്ടൂ.

പിറ്റേന്നു ഒരു വെള്ളിയാഴ്ച്ചയായിരുന്നു. കാളീഘട്ടിൽ ചൊവ്വാഴ്ച്ചയാണു അതിമുഖ്യമെങ്കിലും വെള്ളിയാഴ്ച്ചയും തിരക്കു പ്രതീക്ഷിയ്ക്കാം. പക്ഷേ ഇത്രയേറെ തിരക്കു കാണുമെന്നറിഞ്ഞില്ല. നല്ല ക്യൂ. വന്ന ദിവസം ശരിയായില്ലെന്നൊരു തോന്നൽ. സുഹൃത്തു സമാധാനിപ്പിച്ചു, വൈകിയാലും തൊഴുതു തന്നെ പോകാം. അമ്പലത്തിനെപ്പറ്റി മനസ്സിലുണ്ടായിരുന്ന സങ്കൽ‌പ്പമെല്ലാം അവിടെ ചെന്നപ്പോൾ പോയി. ഇടുങ്ങിയ ഗലിയും ചെളിയും വഴുക്കലും    നിറഞ്ഞ പരിസരവും ശല്യം ചെയ്യുന്ന പൂജാസാമഗ്രികളുടെ കടക്കാരും ദർശനസഹായവുമായെത്തുന്ന പാണ്ഡകളും കൂടി മനസ്സിലെ ഭക്തിഭാവത്തിനെ അലോസരപ്പെടുത്തി. പെട്ടെന്നു കറണ്ടു പോയി. ഇതു കൂടിയായപ്പോൾ മനസ്സു ശരിയ്ക്കും നൊന്തു. തിരിച്ചു പോകണമോ? കറന്റു ഇനി എപ്പോൾ വരുമെന്നറിയില്ല. സുഹൃത്തു സമ്മതിച്ചില്ല, തൊഴുതു തന്നെ പോകാം. ഇത്തിരി കാത്തു നിൽക്കാം. കയ്യിൽ കരുതിയ പൂജാസാധനങ്ങളും കാണിയ്ക്കയുമായി അര മണിക്കൂർ നിന്നെന്നു തോന്നു, മനസ്സിൽ നിറയെ പ്രാർത്ഥന മാത്രം, ഏകാഗ്രതയോടെ തന്നെ. മറ്റൊന്നിനും സാധ്യതയുമില്ലല്ലോ? പെട്ടെന്നു കറണ്ടു വന്നു. മുന്നിൽ കണ്ട കാഴ്ച്ച മനസ്സു കുളിർപ്പിച്ചു. മുന്നിലെ ക്യൂ അപ്രത്യക്ഷം. ഞങ്ങളെപ്പോലെ ക്ഷമയോടെ നിന്ന അൽ‌പ്പം ചിലർ മാതമുണ്ടവിടെ. മതിവരുവോളം തിരുനടയിൽ നിൽക്കുകയും പ്രാർത്ഥിയ്ക്കുകയും ഒപ്പം കരയുകയും ചെയ്തനേരം സുഹൃത്തു പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങി. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഒരിയ്ക്കലും ഇത്ര നല്ല ദർശനം കിട്ടിയിട്ടില്ലെന്നു, ഒരു പക്ഷേ പിന്നീടും

സുഹൃത്തുക്കളെയും ബന്ധുക്കളേയും ക്ഷണിയ്ക്കാറു പതിവുണ്ടു, കൽക്കത്ത കാണാൻ. തീർച്ചയായും വരുമെന്നു കരുതിയവർ വന്നതുമില്ല, പ്രതീക്ഷിയ്ക്കാത്തവർക്കു വരാനുമായി. ഒരു ബന്ധുവിനു കാളീഘട്ടിൽ തൊഴുതു മതിയായില്ല. രണ്ടാമതൊരു ദിവസം വീണ്ടും പുറപ്പെട്ടെങ്കിലും വളരെ അടുത്തായിരുന്നിട്ടു കൂടി അപ്രതീക്ഷിത കാരണങ്ങളാൽ തൊഴാതെ തിരിച്ചു പോരേണ്ടി വന്നു.. ഇങ്ങനെ പലതും. .

ഒന്നു തീർച്ച,ഞങ്ങളുടെ  കൽക്കത്തയിലെ ജീവിതത്തിൽ വർണ്ണ നൂലുകൾ പാകിയ ഈ സുഹൃത്തുക്കളേയും  ഈ സംഭവത്തേയും ഒരിയ്ക്കലും മറക്കാനാകില്ല .     സുഹൃത്തുക്കളും ഡോക്ടർ പോലും  കുടുംബമായി മാറിയ കഥ.       വർണ്ണ നൂലുകളിലെ ഈ ആദ്യ ഏടുകൾ അവർക്കായുള്ള സമർപ്പണമാണു…. .

Leave a Reply

Your email address will not be published. Required fields are marked *