വർണ്ണനൂലുകൾ-5

Posted by & filed under വർണ്ണ നൂലുകൾ.

ഏതാണ്ടു 20 വർഷം മുൻപുണ്ടായ കാര്യമാണു. പക്ഷേ ഇന്നും അതു ഓർമ്മ വരാൻ  ഇടയ്ക്കിടെ എന്തെങ്കിലും  കാരണങ്ങൾ ഉണ്ടാകുന്നു. മനസ്സിൽ തട്ടിയതിനാലാവാം, ഓർമ്മകളിൽ അതിന്നും കുരുങ്ങിക്കിടക്കുന്നതു. വെറുതെ ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്തതല്ല, ഇവിടെയെഴുതാനെന്നർത്ഥം. അകാരണമായി പരിഭ്രമിയ്ക്കുകയോ, തിടുക്കം കൂട്ടുകയോ ചെയ്യുമ്പോൾ ഉള്ളിലിരുന്നാരോ ശാസിയ്ക്കുന്നതുപോലെ..റിലാക്സ് പ്ലീസ്……പതുക്കെ….

മനുഷ്യന്റെ സ്വഭാവത്തിനു പലപ്പോഴും മാറ്റം വരുത്തുന്നതു സാഹചര്യമാണെങ്കിലും സ്ഥായിയായ ചിലതു മാറിയില്ലെന്നു വരാം. കർക്കശസ്വഭാവിയായ അച്ഛനെ സ്നേഹനിധിയായ മുത്തശ്ശനായി കാലം മാറ്റുന്നതു കണ്ടിട്ടില്ലെ? ഒരു കാര്യത്തിനും അന്യനെ ആശ്രയിയ്ക്കാത്തവർക്കു പലകാരണങ്ങളാലും മറ്റുള്ളവരെ ആശ്രയിയ്ക്കേണ്ടി വരുന്നതു വിധിയുടെ കളി. അപ്രതീക്ഷിതമായി തലയിലേൽക്കേണ്ടി വരുന്ന കുടുംബ ഭാരം പലരേയും ചുമതലാബോധത്തിലേയ്ക്കെത്തിയ്ക്കുന്നതും ഇതു പോലെ തന്നെ.നമ്മൾ ഏറെ അഭിമാനിച്ചിരുന്നതും ഇന്നു നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്നുവെന്നു വിലപിച്ചുകൊണ്ടിരിയ്ക്കുന്നതുമായ നമ്മുടെസംസ്കാരം ഉരുത്തിരിഞ്ഞതു ഇത്തരം പാരമ്പര്യാധിഷ്ടിതമായ പല പല ചിട്ടകളിൽ നിന്നു തന്നെയാണല്ലോ?  കാലം മാറുമ്പോൾ കോലവും മാറുന്നു. ജീവിതരീതിമാറി. തകർന്ന കൂട്ടുകുടുംബങ്ങൾ ജീവിതഭാരം പലതരത്തിലും കൂട്ടുകയാണുണ്ടായതെന്നു മനസ്സിലാക്കാൻ കാലമേറെയെടുത്തു. കൂട്ടായി അല്ലെങ്കിൽ പങ്കിട്ടു ചെയ്യാമയിരുന്ന പലചുമതലകളും തനിയെ ചെയ്യേണ്ടി വന്നപ്പോഴാണു ജീവിതം മനുഷ്യനു കൂടുതൽ യാന്ത്രികമായിത്തുടങ്ങിയതു .ഒന്നിനും സമയമില്ലാത്ത അവസ്ഥ.

കുട്ടികൾ ചെറുതായിരുന്ന സമയം.അവർക്കു വേണ്ടി  ജോലി വിട്ടു വീട്ടിലിരിയ്ക്കുന്ന സമയം. വീട്ടിൽ ഇരിയ്ക്കാൻ  നേരമില്ലെന്നു പറയുന്നതാവാം ശരി. സ്കൂളിൽ അവരെ കൊണ്ടാക്കലും കൊണ്ടു വരലും ഷോപ്പിംഗ്, വീട്ടു ജോലികൾ, സോഷ്യൽ വിസിറ്റ്സ്, കുട്ടികളുടെ ഡ്രോയിംഗ്-ടെബിൾ ടെന്നീസ് ക്ലാസ്സുകൾ,ലൈബ്രറി, അസുഖങ്ങൾ, അപ്രതീക്ഷിതമായെത്തുന്ന വിരുന്നുകാർ , ജലക്ഷാമം….എന്തിനു പറയുന്നു ഓടാനേ നേരമുള്ളുവെന്നു വേണം പറയാൻ . ഒരു ദിവസത്തിൽ എത്രപ്രാവശ്യം പുറത്തു പോകണമെന്നറിയില്ല. വഴിയിൽ പരിചിതരെക്കണ്ടാലും ഒരു ചിരിയിലോ , തലകുനിയ്ക്കലിലോ , ഹലോ പറയലിലോ അപ്പുറം കടക്കാറില്ല. കാരണം നേരം വൈകും എന്നത് തന്നെ. എന്തിനു പറയുന്നു, സ്വന്തം അയൽക്കാരുമായി കുശലപ്രശ്നം പറഞ്ഞു നിൽക്കാറു പോലും പതിവില്ലാത്തവിധം തിരക്കിലാവാറുണ്ടു ഞാൻ.ബ്രേക് ഫാസ്റ്റ് കഴിയ്ക്കാൻ മറന്നുപോകാറുണ്ടു തിടുക്കം കാരണം.എല്ലാം നല്ലപോലെ ആസ്വദിച്ചു തന്നെ ഞാൻ ചെയ്തിരുന്നു. ഭാരമായി കണ്ടിരുന്നുമില്ല. പക്ഷേ അപ്രതീക്ഷിതമായാണു സ്വയം വിലയിരുത്തുന്നതിനുതകുന്ന ആ സംഭവമുണ്ടായതു.

കുട്ടികളെ സ്കൂളിൽ വിട്ടു തിരിച്ചുവരുന്ന വഴി പച്ചക്കറി, അടുക്കളയിലേയ്ക്കുള്ള  പല വക സാധനങ്ങൾ എന്നിവ വാങ്ങി വരുക പതിവായിരുന്നു . മാർക്കറ്റിലേയ്ക്കു അധിക ദൂരമില്ല, സ്കൂളിൽ നിന്നു. പലചരക്കു കടയും വരുന്ന വഴിയിൽ തന്നെ. ഒന്നിച്ചു ഒരു മാസത്തേയ്ക്കു വീട്ടിൽ കൊണ്ടു വന്നു തരും. എന്നാലും ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ  വാങ്ങാൻ കാണും. കൂടാതെ അന്നത്തെ എന്റെ ഏറ്റവും വലിയ ഒരു ദൌർബല്യം സെക്കന്റ് ഹാൻഡ് ആയി പുസ്തകം കിട്ടുന്ന കടകളായിരുന്നു. കുട്ടികൾക്കായി സ്റ്റോറി ബുക്സും എനിയ്ക്കായി ഇംഗ്ലീഷ് നോവലുകളും. കൂടാതെ അന്നു പ്രോജക്റ്റുകൾ, മത്സരങ്ങൾ എന്നിവയെക്കെല്ലാം തന്നെ ശരണം പുസ്തകങ്ങൾ തന്നെ . കമ്പൂട്ടർ ലോകം കീഴടക്കുന്നതിനു മുൻപുള്ള സമയം. പലപ്പോഴും സമയം കടന്നു പോകുന്നതറിയില്ല. മിക്കവാറും പാച്ചിൽ തന്നെ വേണ്ടി വരും..വീട്ടിലേയ്ക്കും സ്കൂളിലേയ്ക്കും. പലപ്പോഴും  നടക്കാൻ പോകുന്ന  ഒരു  വയസ്സായ അങ്കിളിനെ ഈ ഓട്ടത്തിന്നിടയിലായാലും കണ്ടാൽ ഒന്നു കണ്ടുവെന്നു നടിച്ചു ചിരിയ്ക്കാറുണ്ടു. അതിലധികം പരിചയമില്ലാത്തതിനാൽ കൂടുതൽ സംസാരിയ്ക്കാറില്ലെന്നു മാത്രം. സമയവും കാണില്ല. ഒരു ദിവസം കടയിൽ നിന്നും എന്തോ വാങ്ങി പുറത്തിറങ്ങുന്ന സമയം  എന്നെ  കാണാനിടയായ അദ്ദേഹം ചോദിയ്ക്കുക്യുണ്ടായി,  ‘’മോളെ…ഏതു നേരത്തു കാണുമ്പോഴും നീ എന്തു ധൃതിയിലാണു. ജീവിതമെന്നതു വളരെ നീണ്ട ഒരു യാത്രയാണു.  അൽ‌പ്പം കൂടി സാവകാശമായി, ഓരോ ദിനത്തേയും ആസ്വദിച്ചു മുന്നോട്ടു പോകണം. ചെയ്തു തീർക്കാൻ പലതും കാണും. ഇത്ര ധൃതി നല്ലതല്ല. എത്ര വലിയവനായാലും ദിവസത്തിനു 24 മണിക്കൂർ മാത്രം. അൽ‌പ്പം സാവകാശം എല്ലാത്തിനും നല്ലതാണു. ട്രൈ ടു റിലാക്സ് ”

ശരിയാണു , ഓർത്തപ്പോൾ തോന്നി. എന്തൊക്കെയോ ചെയ്തു തീർക്കാനുള്ള വ്യഗ്രത നിറഞ്ഞതു തന്നെ മനുഷ്യ മനസ്സു. പക്ഷേ എന്നെസ്സംബന്ധിച്ചിടത്തോളം ഈ ഓട്ടത്തിനു മറ്റൊരു കാരണം കൂടിയുണ്ടു. കുട്ടിക്കാലത്തു ശീലിച്ച സമയനിഷ്ഠ. ഒന്നിനുംവൈകരുതെന്ന മോഹം. സമയത്തു എത്തിച്ചേർന്നില്ലെങ്കിലോ എന്ന പേടി. എന്തായാലും അദ്ദേഹത്തിന്റെ ഉപദേശം എന്നെ അൽ‌പ്പം കൂടി ലാഘവത്തോടെ കാര്യങ്ങളെ സമീപിയ്ക്കാൻ പഠിപ്പിച്ചു.  ഇത്ര വർഷങ്ങൾക്കു ശേഷവും ഇപ്പോഴും എന്തെങ്കിലും കാരണവശാൽ  മനസ്സു തിടുക്കം  കൂട്ടാൻ തുടങ്ങിയാൽ ഞാൻ സ്വയം ശാസിയ്ക്കും, “അടങ്ങു, ട്രൈ ടു റിലാക്സ്…..“

പക്ഷേ , മുൻപു പറഞ്ഞതു പോലെ ചില സ്വഭാവങ്ങൾ എത്ര ശ്രമിച്ചാലും നമ്മെ വിട്ടു പോകില്ലെന്നു ശരിയ്ക്കും മനസ്സിലായതു ഈയടുത്തകാലത്തു എന്റെ മകൻ പറഞ്ഞ ചില വാക്കുകളിൽ നിന്നാണൂ. “അമ്മേ, അമ്മയ്ക്കറിയാമോ, സ്കൂളിലായാലും, കോളേജിലായാലും, ഓഫീസിലായാലും, കൂട്ടുകാർക്കിടയിലായാലും ഏതു കാര്യത്തിനും കൃത്യ സമയത്തിനു എത്തിച്ചേരുന്നതിനു എല്ലാവരും എന്നെ അഭിനന്ദിയാക്കാറുണ്ടു, ബിക്കോസ് ഓഫ് യു” അടുത്തതലമുറയിലേയ്ക്കപ്പോൾ ഞാനതു കൊടുത്തു കഴിഞ്ഞു, ഇനി “റിലാക്സ്….ട്രൈ ടു റിലാക്സ് “  എന്നു പറയാനും പഠിപ്പിയ്ക്കേണ്ടി വരുമോ ദൈവമേ…..

Leave a Reply

Your email address will not be published. Required fields are marked *