വർണ്ണ നൂലുകൾ-7

Posted by & filed under വർണ്ണ നൂലുകൾ.ജോളിയെക്കുറിച്ചു ഒരു പാടുകാലത്തിനു ശേഷം ഓർമ്മിയ്ക്കാൻ കാരണം ഏതാണ്ട് അതേ രൂപ സാദൃശ്യമുള്ള  ഒരു സ്ത്രീയെ കണ്ടതാവാമെന്നു തോന്നുന്നു. ജോളി എന്നു പറഞ്ഞാൽ  ജോളി ചാറ്റർജി.സുന്ദരിയായ   മലയാളി കൃസ്ത്യൻ പെൺകുട്ടി. ഡെൽഹിയിൽ ജോലി നോക്കവേ തന്റെ സഹപ്രവർത്തകനായ   ബംഗാളി അമർ ചാറ്റർജിയെ പ്രേ മിച്ചു വിവാഹം ചെയ്തവൾ.  അയാൾ  തന്നെ കുടുക്കിലാക്കിയെന്നേ അവൾ എപ്പോഴും പറയൂ.  നല്ല പണക്കാരിയായ ജോളിയുടെ അപ്പച്ചൻ അവൾക്കായി തീർച്ചപ്പെടുത്തിയ വിവാഹം വേണ്ടെന്നു വച്ചാണവൾ അമറിന്റെ കൂടെ ഇറങ്ങിപ്പോയതു. ഒരു കുട്ടി ആയതിനുശേഷമാണു വീട്ടുകാരുടെ പിണക്കം തീർന്നതത്രേ!  അമറിന്റെ അമ്മ, പെങ്ങൾ എന്നിവരുടെ പോരും സഹിച്ചു സാമാന്യം ബുദ്ധിമുട്ടിയിട്ടുണ്ട് അവള്‍. എന്നിട്ടും  അവൾ അമറിനെ വേണ്ടെന്നു വയ്ക്കാതിരിയ്ക്കാൻ കാരണം എന്താണെന്നു ഞാൻ ചിന്തിയ്ക്കാറുണ്ടായിരുന്നു.
ബികോം ഡിഗ്രി പരീക്ഷ  കഴിഞ്ഞു വെക്കേഷനിൽ മൈസൂർ- ബാംഗളൂർ  കാണാൻ വന്ന എനിയ്ക്കു  ജോലിയും ഒരാഴ്ച്ചയക്കകം കിട്ടിയപ്പോൾ സന്തോഷത്തേക്കാളേറെ സങ്കടം. ഭാഷ, ആൾക്കാർ ഒക്കെ പുതിയതു.  പരിചയക്കാർ കുറവു. എന്നാലും ലിമിറ്റഡ് കമ്പനിയിൽ അക്കൌണ്ട്സ് അസ്സിസ്റ്റന്റ് എന്ന പദവി ആകർഷകമായിത്തോന്നി.എന്റെ ആദ്യത്തെ ബോസ്സായിരുന്നു അമർ ചാറ്റർജി അതേ ഓഫീസ്സിൽ തൊട്ടടുത്തിരിയ്ക്കുന്ന ജോളി  അയാളുടെ ഭാര്യയാണെന്നറിഞ്ഞതു തന്നെ ഒരു പാടു ദിവസങ്ങൾക്കു ശേഷമായിരുന്നു. എന്നെ ജോലി പഠിപ്പിയ്ക്കാനായി ഏൽ‌പ്പിച്ചിരുന്നതു ജോളിയെ ആയിരുന്നു. അധികം സംസാരിക്കാത്ത വെളുത്തു തടിച്ചു വട്ടമുഖത്തോടു കൂടിയ ജോളിയെക്കണ്ടാൽ മലയാളിയെന്നാരും പറയില്ല. സ്ലീവ് ലെസ്സ് ബ്ലൌസേ ഇടൂ, സാരി കൊണ്ടു പുതയ്ക്കുകയും ചെയ്യും. എന്നും ഇങ്ങനെയേ ജോളിയെക്കണ്ടിട്ടുള്ളൂ.  വൌച്ചർ എഴുതാൻ പോലും അറിയുമായിരുന്നില്ല എനിയ്ക്കു. കോളേജിൽ നിന്നും പുറത്തു കടന്നതേയുള്ളല്ലോ? അക്കൌണ്ട്സിന്റെ എല്ലാ വശങ്ങളും ജോളി എന്നെ നന്നായി പഠിപ്പിച്ചു. പക്ഷേ  എപ്പോഴും വിടാത്ത ഗൌരവം കൂടെ ഉണ്ടായിരുന്നു താനും. ഞാനാണെങ്കിലോ ഭാഷാസ്വാധീനം കുറവായതിനാൽ സംസാരം കുറവായിരുന്ന കാലം.  ഈ ഐസ് ബ്രേക്കു ചെയ്യുന്നതിനു ഒരു കാരണമുണ്ടായി. അന്നു മുതൽ ജോളിയുമായി കൂടുതൽ സംസാരത്തിനുമതു കാരണമായി. ക്രമേണ അടുത്ത സുഹൃത്തുക്കളുമായി.
ജോയിൻ ചെയ്തു ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ക്യാഷ്  ഹാൻഡിൽ ചെയ്തു തുടങ്ങി. അക്കൌണ്ട്സ് വർക്കു രസകരമായിരുന്നു. ക്യാഷിലെ പ്രോബ്ലം പലപ്പോഴും കളക്ഷൻ കിട്ടുന്നതു ഓഫീസ് സമയം കഴിയാറാകുമ്പോൾ ആണെന്നതായിരുന്നു. എല്ലാം കണക്കു വയ്ക്കലും വൌച്ചർ എഴുതലും തുടങ്ങി പിന്നെ ഒക്കെ ധൃതിയാണു. ക്യാഷ് പെട്ടിയിൽ വെച്ചുപൂട്ടി ,ക്യാഷ് ബോക്സും താക്കോലും ലോക്കറിൽ വെച്ചു പൂട്ടി ,അതിന്റെ താക്കോൽ അലമാരിയിൽ വച്ചു അലമാര പൂട്ടി, താക്കോൽ ബോസ്സിനു കൊടുക്കുകയാണു പതിവു. പലപ്പോഴും സർപ്രൈസ് ചെക്കിംഗ്  ഉണ്ടാകുന്നതിനാൽ ഞാൻ നല്ല പോലെ ശ്രദ്ധിയ്ക്കാറുണ്ടു. എന്നിട്ടും ഒരു ദിവസം 135 രൂപ കുറവു.  135  രൂപ  ബോസ്സിന്റെ വൌച്ചർ തുക കൊടുക്കാനുള്ളതു അയാൾ എടുത്തു, പക്ഷേ ഇല്ലെന്നു വാദവും. എന്തിനു പറയുന്നു. തുക എന്റെ ശമ്പളത്തിൽ നിന്നും കട്ടു ചെയ്തു. കണ്ണിൽ വെള്ളം നിറഞ്ഞതു പൈസ പോയ ദു:ഖത്തിലേറെ വിശ്വാസത്തിനു പറ്റിയ ഉലച്ചിലിലായിരുന്നു. രണ്ടുമൂന്നു ദിവസം ഈ ദു:ഖവും പേറിയാണു നടന്നതു. അപ്പോൾ ജോളി പറഞ്ഞ വാക്കുകൾ ജീവിതത്തിൽ  പിന്നീടൊരിയ്ക്കലും ഇത്തരമൊരു തെറ്റു സംഭവിയ്ക്കാതിരിയ്ക്കാൻ എന്നെ സഹായിച്ചു. തന്റെ ഭർത്താവായ അമർ തന്നെയാണതു ചെയ്തതെന്നവർ ഉറപ്പിച്ചു പറഞ്ഞു. അയാൾ അത്തരം സ്വഭാവക്കാരൻ തന്നെ. തന്റെ ഭർത്താവിനെക്കുറിച്ചാണെങ്കിലും ഒരു മടിയുമില്ലാതെ ജോളി പറഞ്ഞു.‘ “പൈസയുടെ കാര്യത്തിൽ ആരെയും കണ്ണുമടച്ചു വിശ്വസിയ്ക്കരുതു, അവർ സ്വന്തം അച്ഛനമ്മമാരോ, ഭർത്താവോ , സഹോദരങ്ങ ളൊ, അടുത്ത ബന്ധുക്കളോ, ഉറ്റസുഹൃത്തുക്കളോ, ആരും  ആയിക്കൊള്ളട്ടേ!“  തുടർന്നു അതുമായി ബന്ധപ്പെട്ട ഒട്ടനവധി സംഭവങ്ങളും അവർ സ്വന്തം അനുഭവത്തിൽ നിന്നും നിരത്തി. അവർ അതോടെ വാചാലയായി. കനപ്പിച്ചു വെച്ച ഗൌരവപ്രകൃതം അലിഞ്ഞു പോയപോലെ.  പലപ്പോഴായി ജീവിതത്തിൽ കിട്ടിയ കനത്ത അടികളെക്കുറിച്ചും നഷ്ടപ്പെട്ട കേരളത്തിലെ ജീവിതത്തെക്കുറിച്ചും പ്രിയപ്പെട്ട കേരളവിഭവങ്ങളെക്കുറിച്ചുമൊക്കെയവർ പിന്നീടു പലപ്പോഴും പറഞ്ഞു വികാരാധീനയാകാറുണ്ടു.
വിവാഹശേഷം ആ ജോലി വിട്ടു മുംബെയിലെത്തിയപ്പോഴും കിട്ടിയ ജോലികളിൽ എല്ലാം തന്നെ  ധാരാളമായി ക്യാഷ് ഡീൽ ചെയ്യേണ്ടി വന്നിരുന്നു. പിന്നീട് ഷെയർ മാർക്കറ്റിലെത്തിയപ്പോൾ ദിനം പ്രതി ലക്ഷങ്ങളുടെ കണക്കുകൾ ആയതു മാറി. അപ്പോഴൊക്കെ ജോളിയുടെ വാക്കുകൾ കാതിൽ മുഴങ്ങാറൂണ്ടു, ആരെയും കണ്ണുമടച്ചു വിശ്വസിയ്ക്കല്ലേ, പൈസയുടെ കാര്യത്തിൽ എന്നു. ഒരു 135 രൂപ വില വരുന്ന ഉപദേശം ഇത്രയൊക്കെ സഹായകമാകുമെന്നാരു കണ്ടു.പിന്നീടൊരിയ്ക്കലും എനിയ്ക്കു പൈസ സംബന്ധമായ  ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. കൊടുക്കാനുള്ളവർക്കു കൊടുക്കാനും മറക്കാതെ നോക്കാറുണ്ടു.
ആ ജോലി വിട്ടതിൽ പിന്നെ ജോളിയുമായി ഒരു കണക്ഷനും ഉണ്ടായില്ല, അഥവാ ശ്രമിച്ചില്ല. മന:പൂർവമല്ല, എന്നു മാത്രം പറയാം. തികച്ചും ഒരു ബംഗാളി കുടുംബിനിയായി അമറിനൊത്തു കഴിയുന്നുണ്ടാകുമെന്നു വിശ്വസിയ്ക്കുകയാണു. എന്നാലും ആ ഉപദേശത്തിനു ഇത്ര വർഷത്തിനു ശേഷമാണെങ്കിലും  ഞാനൊന്നു നന്ദി പറഞ്ഞോട്ടേ! നന്ദി ജോളീ..നന്ദി. മനസ്സിലാക്കുന്നു, പണം ബന്ധങ്ങളെ എത്രമാത്രം ബാധിയ്ക്കുന്ന ഒന്നാണെന്നു. ഇതു വായിയ്ക്കുന്ന നിങ്ങൾക്കും ഈ ഉപദേശം ബാധകമാണു, കേട്ടോ! “വെൻ ഇറ്റ് കംസ് ടു മണി…പ്ലീസ് ഡോണ്ട് ബിലീവ് എനിവൺ… അവർ ആരു തന്നെയാണെങ്കിലും.” 135 രൂപ ചിലവാക്കാതെ തന്നെ ഞാൻ നൽകുന്ന ഫ്രീ ഉപദേശം.

Leave a Reply

Your email address will not be published. Required fields are marked *