താണ്ഡവം

Posted by & filed under കവിത.

കേള്‍ക്കാനില്ലേയെന്‍ ഹൃദയരോദനം
അപശബ്ദങ്ങള്‍ ഉയരുന്നതും?
പൊട്ടിയ തന്ത്രികള്‍
ഞാനെങ്ങിനെ മുറുക്കിക്കെട്ടും?
മീട്ടാനാകുമോ ഇനിയും?
നഷ്ടമായോരെന്‍ സ്വപ്നങ്ങളെ
ഇനിയുമെനിയ്ക്കാകുമോ ഒന്നു
വാരിയെടുത്താശ്ലേഷിയ്ക്കാന്‍?

പിടയുന്ന ജീവനുകളുടെ,
ഒഴുകുന്ന ചോരയുടെ ,
പുകയുന്ന തീയിന്റെ,
അലറുന്ന തോക്കുകളുടെ,
നിസ്സഹായതയുടെ
നിസ്സംഗതയുടെ
നിഷ്ക്കളങ്കതയുടെ
തടവുകാരി ഞാനിന്നു
ഒന്നുറക്കെ കരയാ‍ന്‍ മോഹം
ഒന്നു സ്വാന്തനമേകാനും മോഹം
ആശ്വസിപ്പിയ്ക്കാനും
ആശ്വസിയ്ക്കപ്പെടാനും മോഹം.

എനിയ്ക്കു ശ്വാസം മുട്ടുന്നു
ഒരല്പം ശുദ്ധവായു കിട്ടാനായ്
എന്റെ മസ്തിഷ്കം ഇരുളുന്നു
എന്റെ കൈകാലുകള്‍ തളരുന്നു
ഇരുട്ടു മുറിയ്ക്കുള്ളിലെ
എന്റെ വിങ്ങുന്ന മനാസ്സു കാണുന്നില്ലേ?
എനിയ്ക്കു പേടിയാവുന്നു
ഒന്നു തുറക്കാമോ ഈ വാതിലുകള്‍?

പകനിറഞ്ഞ മനസ്സുകള്‍
പുക നിറഞ്ഞ മന്ദിരങ്ങള്‍
എവിടെയെല്ലാമോ ഉയരുന്ന
അമര്‍ത്തിപ്പിടിച്ച വിതുമ്പലുകള്‍
എനിയ്ക്കു ഭ്രാന്തു പിടിയ്ക്കുന്നു
ഒരുപാടു താളപ്പിഴകള്‍
ഏച്ചുകൂട്ടാനാകാത്ത വിള്ളലുകള്‍
എന്റെ അസ്തിത്വത്തെ
ഞാന്‍ തന്നെ അവിശ്വസിയ്ക്കുന്നു

ഇതോ ഞാന്‍ കണ്ട സ്വര്‍ഗ്ഗം?
ഇതോയെന്റെ അഭിമാനസാരം?
എന്റെ മുറുകിയ വിശ്വാസങ്ങള്‍
എന്നെ കൊഞ്ഞനം കുത്തുന്നുവോ?
വയ്യ, ഇവിടം വിട്ടോടാനും
എല്ലാം മറന്നു, എന്നെ മറന്നു
എന്തിനായ് ഒരു നെട്ടോട്ടം?
ഞാന്‍ ഒന്നു നിന്നോട്ടേ,
ഒന്നു പെറുക്കിയെടുത്തു
ഒന്നു കൂട്ടിവച്ചു നോക്കി
ഓര്‍മ്മകളുടെ പശകൊണ്ടു
ഓട്ടകളടച്ചോട്ടെ?
പൊട്ടിയ തന്ത്രികള്‍ക്കു വീണ്ടും
പുതിയ നാദം കൊടുത്തോട്ടേ?
കേള്‍ക്കാനായി വരുമോ നിങ്ങള്‍?
ഓര്‍ക്കാനായി സ്വപ്നങ്ങളും
നേര്‍ത്ത വിരലുകളാല്‍
ഞാനൊന്നു കൂട്ടി മീട്ടട്ടേ?
എന്നിലെയെന്നെ ഞാന്‍
ഒന്നു കണ്ടെത്താന്‍ ശ്രമിയ്ക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *