മുംബെയുടെ നല്ല നാളുകള്‍ക്കായൊരു പ്രാര്‍ത്ഥന- ടിട് വാലയിലെ മഹാഗണപതിയോടു

Posted by & filed under മുംബൈ ജാലകം.

ഈയിടെയായി  മുംബൈ എന്നു പറഞ്ഞാലുടന്‍ ഭീകരരെക്കുറിച്ചും അവരുടെ വിക്രിയകളെക്കുറിച്ചുമേ കേള്‍ക്കാനാകുന്നുള്ളൂവെന്നായിരിയ്ക്കുന്നു. നാട്ടിലും വീട്ടിലും ഫോണ്‍കാളുകളിലും ഇതു തന്നെ.  ഈശ്വരാ…ഇതൊന്നു മറക്കാന്‍ ആരും അവസരം തരില്ലേ? എല്ലാം എല്ലാവര്‍ക്കുമറിയാമെങ്കിലും ചോദിയ്ക്കാതിരിയ്ക്കില്ല, ഇപ്പോള്‍  മുംബൈയില്‍  പ്രശ്നങ്ങളൊന്നുമില്ലല്ലോ എന്നു.
   
    മുംബൈറ്റിയ്ക്കു ധൃതിയാ‍യി, കഴിഞ്ഞതെല്ലാം ഒരു സ്വപ്നമാണെന്നു കരുതി എഴുതിത്തള്ളാന്‍. അതിനു കഴിയാത്ത ഒരുപാടുപേരര്‍ ഇവിടെജീവിച്ചിരുന്നിട്ടുകൂടി. സ്വാര്‍ത്ഥരായിട്ടല്ല, നല്ല നാളെയെ സ്വപ്നം കാണാനായി മാത്രം.  . ശുഭാപ്തിവിശ്വാസമൊന്നെ ഇനി കൂട്ടിനുള്ളൂവെന്ന സത്യം ഓര്‍ത്തുമാത്രം. അതു കൊണ്ടു തന്നെയാണു കഴിഞ്ഞയാഴ്ച്ച  ഒരു കുടുംബസുഹൃത്തു വിളിച്ചപ്പോള്‍  ടിട് വാലയ്ക്കു പോകാമെന്നു കരുതിയതു, ഗണപതിദര്‍ശനത്തിന്നായി –മഹാഗണേശ ദര്‍ശനം.  മഹാരാഷ്ട്രീയരുടെ പ്രിയദൈവമാണു ഗണപതി.  എന്തു നല്ലകാര്യത്തിനും തുടക്കമിടാന്‍  പ്രാര്‍ത്ഥിയ്ക്കാനുള്ള ദൈവം. കഷ്ടകാലമൊക്കെ തീര്‍ത്തു സന്തോഷത്തിന്റേയും സമൃദ്ധിയുടെയും  ഒരു പുതുജീവിതം തുടങ്ങാന്‍  ഇതില്‍ക്കൂടുതലായി ഏതു ദൈവത്തിനെയാണു പ്രാര്‍ത്ഥിയ്ക്കേണ്ടതു?  ടിട് വാലയിലെ ഈ അമ്പലത്തില്‍  വെച്ചാണത്രേ ദുഷ്യന്തന്‍  ശകുന്തളയെ വിവാഹം കഴിച്ചതു.  ഇവിടുത്തെ ശരിയായ വിഗ്രഹം കണ്വ മഹര്‍ഷിയാല്‍ പ്രതിഷ്ഠിയ്ക്കപ്പെട്ടിരുന്നതാണെന്നു കരുതുന്നു. പിന്നീടതു തടാകനിര്‍മ്മാണസമയത്തു നഷ്ടപ്പെട്ടു. മാധവ് റാവു പേഷ്വയാണു പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചതു.  ഏതായാലും ഇവിടുത്തെ ദേവന്‍  ജനപ്രിയനാവാന്‍  കാരണം മനസ്സിനിഷ്ടപ്പെട്ട ജീവിതപങ്കാളിയെക്കിട്ടാന്‍  ഇവിടെ വന്നു മനമുരുകി പ്രാര്‍ത്ഥിച്ചാല്‍  മതിയെന്ന വിശ്വാസമാണു. മാത്രമല്ല, ശിഥിലമായിക്കൊണ്ടിരിയ്ക്കുന്ന കുടുംബബന്ധങ്ങള്‍ക്കു ഉറപ്പു വരുത്താനും ഈ ദേവനെത്തന്നെ ഇവര്‍ ശരണം തേടുന്നു. കുട്ടികളുണ്ടാകാനും അവരുടെ അഭിവൃദ്ധിയ്ക്കും എന്നു വേണ്ടാ…എല്ലാവിധ പ്രശ്നങ്ങള്‍ക്കും ഇപ്പോള്‍ ഇവിടെ വന്നു ദര്‍ശനം നടത്തല്‍  കണ്ടു വരുന്നു.

 

താനെ ഡിസ്ട്രിക്കിലാണു ടിട് വാല. ഒരു ചെറിയ ടൌണ്‍ എന്നു പോലും പറയാനാകില്ല.  പക്ഷേ ഇവിടെ  ചൊവ്വാഴ്ച്ചകളില്‍  വന്നെത്തുന്ന ജനസഹസ്രങ്ങള്‍  കണ്ടാല്‍  അത്ഭുതം തോന്നും . വളരെയകലെ നിന്നു പോലും ആള്‍ക്കാര്‍ ദര്‍ശനത്തിനായി എത്തും. ജനുവരി ഒന്നിനു ഇവിടെ വന്നു ദര്‍ശനം നടത്തുകയെന്നതു അതിവിശേഷമായി കണക്കാക്കപ്പെടുന്നു. വിഷുവിനു ഗുരുവായൂരപ്പനെ കണി കാണുന്നതു പോലെ. ഈ പ്രാവശ്യം ജനവരി ഒന്നു പ്രവൃത്തി ദിവസമായിരുന്നതിനാലും, പിന്നീടു വരുന്ന കൊല്ലത്തെ ആദ്യ ഞായറാഴ്ച്ചയായതിനാലും നല്ല തിരക്കുണ്ടാകുമെന്നറിയാമായിരുന്നു. ഞങ്ങള്‍  തലേ ദിവസം തന്നെ കല്യാണില്‍ ഒരു ബന്ധുവിന്റെ വീട്ടില്‍  തങ്ങി പിറ്റേന്നു രാവിലെ അവരേയും മറ്റൊരു സുഹൃത്തിനേയും കൂട്ടിയാണു പോയതു. കാറില്‍  അവിടെ നിന്നും അര മണിക്കൂര്‍ യാത്ര.  ഇത്രയധികം ആള്‍ക്കാര്‍ സഞ്ചരിയ്ക്കുന്ന റോഡ് ആയിട്ടും ഒരു വക പുരോഗതിയും കണ്ടില്ല,  റോഡു നന്നാക്കിയിട്ടുണ്ടെന്നതൊഴികെ. കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പു ഒരു ജനുവരി ഒന്നിനു ഞാനും ഇവിടെ ദര്‍ശനം നടത്തിയിട്ടുണ്ടു.  അമ്പലത്തില്‍ വിചാരിച്ചതിലധികം തിരക്കു. . പുതിയതായി ക്യൂ  സിസ്റ്റം ഉണ്ടാക്കിയിരിയ്ക്കുന്നു. താഴെനിന്നുമുള്ള പ്രവേശന കവാടത്തില്‍  നിന്നും ക്യൂവിനുമാത്രമായി മുകളില്‍  ഹാളുകള്‍  ഉണ്ടാക്കി, കമ്പിയഴികളുടെ വ്യൂഹങ്ങള്‍  വഴി തിരിച്ചു വീണ്ടും താഴെ വന്നു വലം വച്ചു വേണം ദര്‍ശനം കിട്ടാന്‍ . “ഗണപതി ബപ്പ മോര്യ’ വിളികള്‍ കേട്ടു രണ്ടു മണിക്കൂറിലധികം നിന്ന ശേഷമാണു ദര്‍ശനം കിട്ടിയതു. ക്രമാനുഗതമായി നീങ്ങിക്കൊണ്ടിരിയ്ക്കുന്ന ക്യൂവിലെ ആള്‍ക്കാരെ ഇടയ്ക്കു ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതില്‍ എല്ലാത്തരക്കാരേയും  കാണാനായി. ഉദ്യോഗത്തില്‍  നിന്നും വിരമിച്ചു സ്വസ്ഥജീവിതം നയിയ്ക്കുന്നവര്‍ , നവജാതശിശുക്കളെ ദര്‍ശനത്തിനായി കൊണ്ടു വന്നവര്‍, നവ വധൂവരന്മാര്‍, നല്ല ഉദ്യോഗം കിട്ടാനായി പ്രാര്‍ത്ഥിയ്ക്കാനെത്തിയ ചെറുപ്പക്കാര്‍ , പരീക്ഷയില്‍  നല്ല വിജയം നേടാനുള്ള പ്രാര്‍ത്ഥനയുമായി വിദ്യാര്‍ത്ഥികള്‍  പിന്നെ…ഇഷപ്പെട്ട ജീവിതപങ്കാളിയെക്കിട്ടാനുള്ള പ്രാര്‍ത്ഥനയുമായി ഒരുപാടുപേരും ഉണ്ടാകാതിരിയ്ക്കില്ല, തീര്‍ച്ച. കുറെയേറെ  സ്ഥിരം പ്രാര്‍ത്ഥനകളും പ്രത്യേക പ്രാര്‍ത്ഥനകളും പറയുന്നതിനിടയില്‍  അറിയാതെയെപ്പോഴോ ഞാനും മുംബൈയുടെ സമാധാനത്തിനായി  പ്രാര്‍ത്ഥിച്ചപ്പോള്‍  എനിയ്ക്കു തന്നെ അത്ഭുതം! കുടുംബ പ്രശ്നങ്ങളുടെ പരിഹാരത്തിനായി  ഈ സന്നിധിയില്‍   വന്നവരൊക്കെ  ഇതുപോലെ  സ്വന്തം കുടുംബമായ ആംചി മുംബൈയ്ക്കുവേണ്ടി  പ്രാര്‍ത്ഥിച്ചു കാണുമോ ? ഉണ്ടാവുമെന്നാണു എന്റെ മനസ്സു പറയുന്നതു….

3 Responses to “മുംബെയുടെ നല്ല നാളുകള്‍ക്കായൊരു പ്രാര്‍ത്ഥന- ടിട് വാലയിലെ മഹാഗണപതിയോടു”

  1. കുട്ടന്മേനൊന്‍

    മുംബെയ്ക്കുറിച്ചായപ്പോള്‍ വായിച്ചതാണ്. നോം ഒരു മുംബെ വാസ്യായതുകൊണ്ട്. നന്നായി.

  2. sudheer(meghamalhar)

    salaam mumbai

  3. Sureshkumar Punjhayi

    Enteyum Prarthanakal…!!!

Leave a Reply

Your email address will not be published. Required fields are marked *