ഒരു ഉത്തരേന്ത്യന്‍ യാത്രക്കുറിപ്പുകള്‍-6

Posted by & filed under Yathravivaranangal.

സഫ്ദര്‍ജംഗിന്റെ ശവകുടീരം

സഫ്ദര്‍ജംഗ് എയര്‍പോര്‍ട്ടിനടുത്തു തന്നെയാണു സഫ്ദര്‍ജംഗ് ടൂംബ് സ്ഥിതി ചെയ്യുന്നത്. സഫ്ദര്‍ജംഗ് എന്ന പദവിയിലിരുന്ന അവധിലെ വൈസ്രോയി മിര്‍സാ മുക്വിം അബുല്‍ മന്‍സൂര്‍ ഖാന്റെ മുസ്സോളിയമാണിതു. ഈ പദവി അദ്ദേഹത്തിനു കൊടുത്തതു മുഹമ്മദ് ഷാ ആണു. 1167 ല്‍ പണിതീര്‍ത്തതു അദ്ദേഹത്തിന്റെ മകന്‍ നവാബ് ഷുജാവുദ് ദൌളയാണെന്നു ഇവിടെ എഴുതി വച്ചിട്ടുണ്ടു. മുഗള്‍ ഗാര്‍ഡന്‍ സമ്പ്രദായത്തിലുള്ള ഇതിന്റെ അങ്കണത്തില്‍ മനോഹരമായി വരിയൊപ്പിച്ചു നില്‍ക്കുന്ന കാഴ്ച്ച വൃക്ഷങ്ങളും, പൂന്തോട്ടങ്ങളും, നടപ്പാതകളും, വെള്ളം കെട്ടി നിര്‍ത്തുന്നതിനും ഒഴുകുന്നതിനുമൊക്കെയുള്ള സംവിധാനങ്ങളും ഉണ്ടു. കിഴക്കു ഭാഗത്ഥുള്ള പ്രവേശനകവാടം ഇരുനിലയിലാണു. അതിനോടനുബന്ധിച്ചു ഒരു പള്ളിയും കണ്ടു. വടക്കു ഭാഗത്തു മോത്തിമഹലും തെക്കുഭാഗത്തു ബാദ്ഷ പസന്ദും പടിഞ്ഞാറു ഭാഗത്തു ജംഗ് ളി മഹലുമാണു. ഇവയെല്ലാം വിശാലമായ ഹാളുകളാണു. നടുവിലായാണു മുസ്സോളിയം സ്ഥിതി ചെയ്യുന്നതു. ഇതിനു രണ്ടു നിലയാണു . മുകളിലെ നിലയില്‍ നടുവിലുള്ള അറയുടെ നടുക്കായി സിനോടാഫ് സ്ഥിതി ചെയ്യുന്നു. ഇവിടെ നിന്നും നാലുഭാഗത്തേയ്ക്കും പുറത്തേയ്ക്കു നോക്കിയാല്‍ ഒരേ പോലെ നാലു ഭാഗത്തുമുള്ള കെട്ടിടങ്ങളിലേയ്ക്കു പോകുന്ന വെള്ളച്ചാലുകള്‍ കാണാന്‍ നല്ല രസമാണു. രണ്ടാം നിലയുടെ മുകളില്‍ താഴികക്കുടവും രണ്ടുഭാഗത്തുമുള്ള അഷ്ടകോണുകളോടുകൂടിയ ഗോപുരത്തിനു മുകളിലായി കുടയുടെ ആകൃതിയില്‍ കമാനവുമുണ്ട്.ഈ ഗോപുരങ്ങളില്‍ മാര്‍ബിള്‍ പതിച്ചുണ്ടാക്കിയ ചിത്രവേലകള്‍ വളരെ മനോഹരമാണു.ചുവന്ന സാന്‍ഡ്സ്റ്റോണും മാര്‍ബിളുമാണു മുസ്സോളിയത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുള്ളതു.

താഴെ നിലവറയ്ക്കുളളിലായി രണ്ടു ശവക്കല്ലറകള്‍ ഉണ്ടു.അതാണു സഫ്ദര്‍ജംഗിന്റേയും പത്നിയുടേയും ശവക്കല്ലറകളെന്നു തോന്നുന്നു. അവ അടച്ചിട്ടിരിയ്ക്കുകയായിരുന്നതിനാല്‍ പ്രവേശിയ്ക്കാനായില്ല. ദല്‍ഹിയിലെ മുഗള്‍ ഗോപുര നിര്‍മ്മാണങ്ങളില്‍ അവസാനത്തേതായിരിയ്ക്കും ഇതെന്നു കരുതപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *