Mumbai pulse-34 നഗരിയിൽ കൃസ്തുമസ്സും പുതുവത്സരവുമെത്തവേ…

Posted by & filed under Uncategorized.

എത്രവേഗമാണീ 2011 കടന്നു പോയത്?  ദിവസങ്ങൾക്ക് ചിറക് മുളച്ചത് പോലെ തോന്നുന്നു. ഇതാ കൃസ്തുമസ് എത്തിക്കഴിഞ്ഞു. നഗരം കൃസ്തുമസ്സിനും പുതുവത്സരാഘോഷങ്ങൾക്കുമായി ഒരുങ്ങിത്തുടങ്ങിയല്ലോ? മുംബേയുടെ വിവിധഭാഗങ്ങളിലായി കൃസ്തുമസ്സിനോടനുബന്ധിച്ച ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.സ്കൂളുകളെല്ലാം ആഘോഷങ്ങൾക്കപ്പുറം അവധിയുടെ നാളുകളിൽ ഉറങ്ങുന്നു. മടിച്ചു നിന്നിരുന്ന തണുപ്പ് സന്തോഷത്തോടെ നഗരിയെ പുണരുന്നു. സുഖകരമായ കാലവസ്ഥതന്നെയാണ് കൃസ്തുമസ്-പുതുവർഷാഹ്വാനങ്ങളുമായി എത്തിയിരിയ്ക്കുന്നത്.

നഗരത്തിൽ  കൃസ്തുമസ് അടുത്തപ്പോൾ എല്ലാവർഷത്തേയും പോലുള്ള ഒരുക്കങ്ങൾ ഈ വർഷവും കാണാനുണ്ട്.  നാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലെ ക്രിസ്തുമസ്സാണല്ലോ നഗരത്തിൽ. പതിവായി ക്രിസ്തുമസ്സിനായി നാട്ടിൽ  പോകുന്നവർ ധാരാളമാണിവിടെ. 10 ദിവസത്തെ സ്കൂൾ അവധി യും സുഖകരമായ കാലാവസ്ഥയും നാട്ടിലെ തനതായ കൃസ്തുമസ് ആഘോഷരീതികളും ഒരു ആകർഷണം തന്നെയാണു പലർക്കും. ബന്ധു സമാഗമങ്ങൾക്കേറ്റവും പറ്റിയ സമയവും ഇതു തന്നെ. പ്രവാസികൾ ഉറ്റു നോക്കിക്കൊണ്ടിരിയ്ക്കുന്ന സമയം കൂടിയായതിനാൽ റെയിൽ ടിക്കറ്റിനും എയർ ടിക്കറ്റിനും ഏറ്റവും കൂടുതൽ ഡിമാൻഡ് ഉള്ള സമയങ്ങളിൽ ഒന്നു തന്നെയാണിത്. ഓഫീസുകളിൽ മാക്സിമം പേർ അവധിയെടുക്കുന്ന സമയവും മറ്റൊന്നല്ലെന്നു കാണാം.

ഈ കാലമെത്തിയാൽ മനസ്സു കൊണ്ടു ഒരു കൊച്ചുകുട്ടിയായി സാന്തക്ലോസിന്റെ ലോകത്തേയ്ക്കൊന്നെത്തി നോക്കാൻ മോഹിയ്ക്കാത്തവരുണ്ടാകില്ല. ലോകത്തെമ്പാടുമുള്ള കുഞ്ഞുങ്ങളുടെ ആഗ്രഹങ്ങൾ കേട്ട് അവർക്കായി പ്രത്യേകം സമ്മാനപ്പൊതികളുമായി റെയിൻ ഡിയർ വലിയ്ക്കുന്ന വണ്ടിയിലെത്തുന്ന മഞ്ഞിൻ നിറമുള്ള താടിയും ചുവന്ന വസ്ത്രവുമണിഞ്ഞ സാന്താക്ളോസ് എത്ര സുന്ദരമായ ഒരു സങ്കലപ്പമാണെന്നു തോന്നാറുണ്ട്.  ക്രിസ്തുമസ് ട്രീയും  പുൽത്തൊട്ടിലും അലങ്കാരവും കരോളുമെല്ലാമായി  തികച്ചും ഹൃദ്യമായ ഒന്നു തന്നെയാണല്ലോ കൃസ്തുമസ് കാലം . ത്യാഗത്തിന്റേയും സ്നേഹത്തിന്റേയും സ്തുതിഗീതങ്ങൾ അയവിറക്കി ദൈവപുത്രനെ വരവേൽക്കാൻ  അനുയായികൾ കാത്തിരിയ്ക്കയാണു, ലോകമെമ്പാടും.

നഗരത്തിൽ ഇത്തവണ കൃസ്തുമസ് സമ്മാനങ്ങൾക്കായുള്ള  ചിലവാക്കലിന്റെ കാര്യത്തിൽ അൽ‌പ്പം പിശുക്കുണ്ടായെന്നു വന്നേയ്ക്കാം. സാധനങ്ങളുടെ വിലക്കയറ്റവും, രൂപയുടെ മൂല്യത്തകർച്ചയും ഓഹരിവിപണിയിലെ ഇടിവുമെല്ലാം കാരണങ്ങൾ തന്നെ. എങ്കിലും കൃസ്തുമസ്  ദിനം മുംബേയെസ്സംബന്ധിച്ചിടത്തോളം വളരെ ഹൃദ്യമായ ഒന്നു തന്നെ.  ദൈവപുത്രന്റെ വരവിനെ സ്വാഗതം ചെയ്യുമ്പോൾ മനസ്സു കൊണ്ട് നാമെല്ലാം തന്നെ ദൈവപുത്രായി മാറുന്നില്ലേ? നഗരജീവിതമെന്നത് സഹനത്തിന്റേയും പങ്കിടലുകളുടേയും പീഡനങ്ങളുടേയും തിരസ്ക്കരിയ്ക്കപ്പെട്ടവരുടേയും ഒക്കെ കഥകൾ തന്നെയല്ലേ? ഇവിടെ വിജയപതാക നാട്ടാൻ കഴിയുന്നവർ പിന്നിട്ട വഴികളും മറ്റൊന്നാകില്ല. എന്തായാലും നഗരത്തിലെ മാളുകളെല്ലം അലംകൃതമായിക്കാണുന്നു. ക്രിസ്തുമസ് ട്രീയും പ്രത്യേകം വേഷം കെട്ടപ്പെട്ട സാന്താക്ലോസ് അപ്പൂപ്പന്മാരും  കുട്ടികളുടെ മനസ്സിൽ സന്തോഷം വിതറുന്നുണ്ടാവും തീർച്ച. ശത്രുവിനോട്  ക്ഷമിയ്ക്കാനും, എതിർക്കുന്നവനെ സഹിയ്ക്കാനും, കൂട്ടുകാരെ സ്നേഹിയ്ക്കാനും,ആവശ്യക്കാരനെ സേവിയ്ക്കാനും , പാവപ്പെട്ടവരെ സഹായിയ്ക്കുവാനും , കുട്ടികൾക്കു മാതൃകയാകാനും സ്വയം ബഹുമാനിയ്ക്കാനും സാധിയ്ക്കുമെങ്കിൽ അതു തന്നെയായിരിയ്ക്കും അവർക്കെല്ലാം നിങ്ങൾക്കു നൽകാനാവുന്ന ഏറ്റവും വലിയ സമ്മാനമെന്ന് Oren Arnold പറയുന്നു. ശരിയാണ്, കൃസ്തുമസ് ഒരാഘോഷം മാത്രമല്ല, ഒരവസരം മാത്രം, സന്തോഷവും സമാധാനവും സ്നേഹവും ദയയും സഹജീവിസ്നേഹവുമെല്ലാം പ്രകടിപ്പിയ്ക്കുന്നതിനായിട്ട്. ഒത്തു കൂടലിനായുള്ള ഈ  അവസരത്തിൽ നമുക്കും ഹാലെലുയ്യ പാടാം. .ദൈവപുത്രനെ വരവേൽക്കാം..എല്ലാവർക്കും കൃസ്തുമസ് ദിനാശംസകൾ!

വർഷം വിടപറയാനിരിയ്ക്കെ ഒട്ടെറെപ്രതീക്ഷയോടെത്തന്നെ നാം  പുതുവർഷത്തെ വരവേൽക്കാൻ തയ്യറെടുക്കുകയാണ്. ഒരു വർഷം ഇത്രവേഗം കടന്നുപോയോ എന്നു തോന്നലിനൊപ്പം കഴിഞ്ഞ വർഷത്തിലെ നല്ലതും ചീത്തയും വരവു വെയ്ക്കുമ്പോൾ നേട്ടങ്ങളേക്കാൾ കോട്ടങ്ങൾക്കാണോ സ്ഥാനം? . കൊല്ലാവസാനത്തിലെ ഓഹരി വിപണിയിലെ ഇടിച്ചിലും രൂപയുടെ മൂല്യത്തകർച്ചയും പൊതു ജീവിതത്തിൽ ആകപ്പാടെ ആശങ്കയ്ക്കു കാരണമായിട്ടുണ്ടെങ്കിലും എല്ലാവരും ശുഭാപ്തി വിശ്വാസത്തിൽ തന്നെയാണ്. നാലു വർഷം കൂടുമ്പോൾ എത്തുന്ന ലീപ് ഇയറിലേയ്ക്കാണല്ലോ നമ്മൾ കടക്കുന്നത്. 2012  ചൈനീസ്  ജ്യോതിശാസ്ത്രമനുസരിച്ചു ഡ്രാഗണിന്റെ വർഷമാണ്.2012 നെ ലോകാവസാനമായിട്ടുള്ള പ്രവചനവും നാം കേട്ടിട്ടുള്ളതണല്ലോ?പുതുയുഗ സിദ്ധാന്തക്കാർ ഇതിനെക്കാണുന്നത് തികച്ചും പുതിയ ഒരു സംസ്ക്കരത്തിന്റെ ഉരുത്തിരിയലായാണ്. എന്നാൽ ഭൂമിയും ‘നിബിരു’ എന്ന ബ്ലാക് ഹോളുമായുള്ള കൂട്ടിമുട്ടലിൽ 2012 ഡിസംബർ 21നു ലോകം അവസാനിയ്ക്കുമെന്ന കണക്കുകൂട്ടലുകളും വളരെയേരെ ആശങ്കകൾക്കിടയാക്കിയിട്ടുണ്ട്.എന്തോ ആകട്ടെ, പുതിയ വർഷം ആഗതമാകുമ്പോൾ മറ്റെല്ലാം മറക്കാനും സ്വയം വിലയിരുത്താനും ഇന്നിനെ ഓർക്കാനും നമ്മൾ തയ്യാറായാൽ മതി.  കൂടുതൽ പുതുമയാർന്നു, കൂടുതൽ ഉത്സാഹത്തോടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ തുടക്കം കുറിച്ചിൽ.

വർഷം മാറുമ്പോൾ പഴയതിൽ വ്യത്യസ്തവും മേന്മയേറിയതുമായവ കാംക്ഷിയ്ക്കുക സധാരണം മാത്രം. ഇതു കൊണ്ടു തന്നെയായിരിയ്ക്കാം പുതുവർഷാരംഭത്തിൽ പലരും പല റെസൊലൂഷനുകളും എടുക്കുന്നത്. പുതു വർഷത്തിൽ നാമെടുക്കുന്ന പല തീരുമാനങ്ങളും ഒരു പക്ഷേ പാലിയ്ക്കാൻ നമുക്കു സാധിച്ചെന്നു വരില്ല. പലപ്പോഴുമവ ജനുവരിയിലെ ആദ്യ ആഴ്ച്ചകളിൽ മാത്രം ചെയ്യുന്നവയായി മാറപ്പെടുന്നു.ഇങ്ങനെ സംഭവിയ്ക്കുമെന്നതറിഞ്ഞിട്ട് തന്നെയായിരിയ്ക്കാം നാം പലപ്പോഴും ഇത്തരം  തീരുമാനങ്ങളെടുക്കുന്നതും. ഇതിൽ നിന്നും ഒന്നു മനസ്സിലാക്കാനാകുന്നു, തീരുമാനങ്ങൾ എടുക്കലാണ് നമുക്ക് പ്രധാനം, അവ പാലിയ്ക്കപ്പെടലല്ല.   ഒരർത്ഥത്തിൽ  നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച്  നാം ബോധവാന്മാരാണെന്നും അതു പരിഹരിയ്ക്കാൻ ആത്മാർത്ഥമായി മോഹിയ്ക്കുന്നുണ്ടെന്നുമാണല്ലോ നമ്മുടെ  ന്യൂ ഇയർ റെസൊലൂഷൻസ് തെളിയിയ്ക്കുന്നത്. ഒരു പ്രശ്നത്തെക്കുറിച്ചുള്ള ബോധമുണ്ടാകൽ തന്നെ അതിന്റെ പരിഹാരത്തിനുള്ള ആദ്യ പടിയായി മാറാം.  പലപ്പോഴും ശപഥങ്ങൾ എടുക്കുന്നത് തന്നെ അവയെ ലംഘിയ്ക്കാനായിട്ടാണൊയെന്നു തോന്നാറുണ്ട്. സാധാരണ ജീവിതത്തിൽ  മാറ്റിയാൽക്കൊള്ളാമെന്നു നാം മോഹിയ്ക്കുന്നവയാണ് പലപ്പോഴും ഇത്തരം തീരുമാനൺഗളായി രൂപാന്തരപ്പെടുന്നത്. തടി കുറയ്ക്കണം, വ്യായാമം ചെയ്യണം, കൂടുതൽ ചിട്ട വേണം, വായനാശീലം വളർത്തണം എന്നു തുടങ്ങി  നമ്മളെല്ലാവരും തന്നെ എന്തെങ്കിലുമൊക്കെ ശപഥങ്ങൾ എടുക്കറുണ്ടല്ലോ?  ഇതാ ഈ വർഷത്തെ തീരുമാനത്തിനുള്ള സമയമായിക്കഴിഞ്ഞു, തയ്യാറെടുക്കാം.

2011 ൽ നഗരത്തിൽ പല മേഖലകളിലും അഭിവൃദ്ധി കൈവരിയ്ക്കാനായിട്ടുണ്ട്. മുംബൈ നഗരത്തിന്റെ മുഖച്ഛായയ്ക്കു കഴിഞ്ഞ ഒരു വർഷത്തിന്നിടയിൽ വന്നിട്ടുള്ള വ്യതിയാനം കുറച്ചൊന്നുമല്ല. പുരോഗതിയുടെ പാതയിലേയ്ക്കുള്ള  പ്രയാണത്തിൽ വർഷങ്ങളുടെ കടന്നു പോക്ക്  പല സംഭാവനകളുമേകിക്കൊണ്ടു തന്നെയാണ്. 2012 ഇനിയും കൂടുതൽ അഭിവൃദ്ധിയുമയിയെത്തട്ടേയെന്നു നമുക്കാശിയ്ക്കാം. ഒട്ടനവധി ദൌർഭാഗ്യകരമായ സംഭവങ്ങളും കഴിഞ്ഞ വർഷത്തിൽ ഉണ്ടായിട്ടില്ലെന്നില്ല. പുതിയ വർഷം നഗരിയ്ക്കും നഗരവസികൾക്കും ഒരു പോലെ നന്മയെ പ്രദാനം ചെയ്യുമെന്നാശിയ്ക്കാം.

എന്തായാലും, താൽക്കാലികമായ വിഷമങ്ങളും സങ്കടങ്ങളുംനമുക്ക് മറക്കാം. പുതിയ പുതിയ ശപഥങ്ങൾ വർഷാരംഭത്തിൽ എടുക്കാം. നല്ല നാളെയെക്കുറിച്ചുള്ള പ്രതീക്ഷകൾ നമ്മുടെ മനസ്സിൽ സന്തോഷം വിരിയിയ്ക്കട്ടെ! എല്ലാവർക്കും നവവത്സരാശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *