ഒരു മുംബൈ കൃസ്തുമസ് പകൽ പറഞ്ഞ കഥ (മുംബൈ പൾസ്-35)

Posted by & filed under Uncategorized.

വിശ്വാസികളിൽ അനുഭൂതിയുമുണർത്തി ദൈവപുത്രൻ ആഗതനായിരിയ്ക്കുന്നു.  നഗരമെമ്പാടുമുള്ള ക്രൈസ്തവദേവാലയങ്ങളിലെ മണികൾ ഉരുവിടുന്നു …വിശ്വാസികളെ..ഉണരുവിൻ!“അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.”

നവവത്സരം ആഘോഷിയ്ക്കാൻ ഒരുങ്ങുന്ന നഗരം കൃസ്തുമസ് പുലരിയിൽ എങ്ങനെയിരിയ്ക്കുമെന്നറിയാനൊരു മോഹം. അന്ധേരിയിൽ നിന്നും രാവിലെ പുറപ്പെട്ട് ജുഹു -ലിങ്ക് റോഡ് വഴി ബാന്ദ്രയിലെത്തി. വഴിയരികുകളിൽ പലയിടത്തും കാണുന്ന  അലങ്കാരങ്ങളും വർണ്ണദീപങ്ങളും കൃസ്തുമസ്സിന്റെ ഓർമ്മയുണർത്തി .പൊതുവേ റോഡുകളിൽ തിരക്കു കുറവ്. എല്ലാവരും കൃസ്തുമസ്  വിഭവങ്ങൾ തയ്യാറാക്കുന്ന തിരക്കിലായിരിയ്ക്കാം. മൌണ്ട് മേരി ചർച്ചിനു മുൻപിലെ കടകളിൽ തൂക്കിയിട്ടിരിയ്ക്കുന്ന വിവിധ വർണ്ണങ്ങളിലെ മടക്കി വച്ച കുടകൾ പോലുള്ള  മെഴുകുതിരികൾ ഭംഗിയാർന്നവയായിത്തോന്നി. ഇന്നലെ രാത്രിയിൽ ഇവിടെ  വരാഞ്ഞതു തെറ്റായി, വന്നിരുന്നെങ്കിൽ ക്രിസ്തുമസ്സിന്റെ മുഴുവൻ ഉണർവും കാണാനായേനെ. ഡിസംബർ 24 നും 31നും നഗരത്തിലെ ഹോട്ടലുകളെല്ലാം രാവിലെ 5 മണി വരെയും തുറന്നിരിയ്ക്കുന്നതിനാൽ എവിടെയും പ്രകാശവും ജനങ്ങളുംനിറഞ്ഞിരുന്നിയ്ക്കും. മുംബൈ നിവാസികൾക്ക്  കൃസ്തുമസ് ഈവിലെ  മുംബെയുടെ ഈ മുഖം ഏറെ സന്തോഷം പ്രദാനം ചെയ്യുന്ന ഒന്നു തന്നെ. കഴിഞ്ഞ വർഷം ഇതു കാണാനിടയായതുമാണ്.

ബാന്ദ്രയിലെ കടൽ ത്തീരത്തായി സ്ഥിതി ചെയ്യുന്ന ബോളിവുഡ്  താരം ഷാഹ് രുഖ ഖാന്റെ ‘മന്നത്ത്” ബംഗ്ലാവിനു മുന്നിൽ പതിവുപോലെ ആരാധകവൃന്ദം. ഇന്നലെ രാത്രി മാനത്തുയർന്ന താരകം വഴി കാട്ടിയപ്പോൾ പുൽക്കൂട്ടിൽ ജനിച്ച   ഉണ്ണിയേശുവിനെ  ദർശിയ്ക്കാൻ പൊന്നും മീറയും  കുന്തിരിക്കവുമായെത്തിയവരെ ഓർമ്മ വന്നു.  കടൽ കാണാനും ഒഴിവു ദിവസം ചിലവഴിയ്ക്കാനുമായി പതിവു പോലെ ധാരാളം പേർ എത്തിയിരിയ്ക്കുന്നു. സ്കൂൾ വെക്കേഷനിൽ മുംബൈ കാണാൻ പുറമേ നിന്നെത്തുന്നവരാണെവിടെയുമെന്നു തോന്നി.

മുംബൈ എഡ്യൂക്കേഷണൽ ട്രസ്റ്റ് ബിൽഡിംഗിനു മുൻ വശം വർണ്ണാഭമായ നക്ഷത്ര വിളക്കുകളാലും  മഞ്ഞിന്റെ  കൃത്രിമ ദൃശ്യഭംഗികൾക്കിടയിലെ അലങ്കരിയ്ക്കപ്പെട്ട കൃസ്തുമസ് ട്രീകളാലും മനോഹരമാക്കപ്പെട്ടിരിയ്ക്കുന്നു.  വർലി സീലിങ്ക് വഴി പോകുമ്പോൾ തീരെ തിരക്കനുഭവപ്പെട്ടില്ല. ഇന്നു ഓഫീസുകൾ ഇല്ലാത്തതിനാലായിരിയ്ക്കുമെന്നു തോന്നി. ദൂരെ കടലിനുള്ളിലായിക്കാണുന്ന ഹാജി-അലി മഞ്ഞിൻ പർദ്ദയ്ക്കടിയിലാണെന്നു തോന്നി. ദർഘയിലേയ്ക്കു പോകുന്നവരുടെ തിരക്ക് കൂടിക്കൊണ്ടേയിരിയ്ക്കുന്നു . ചൌപ്പാത്തി യ്ക്കടുത്തായുള്ള നാനാ-നാനി പാർക്കിൽ  ആരെയും കണ്ടില്ല, രാവിലത്തെ നടത്തത്തിനുശേഷം എല്ലാവരും പോയിക്കാണുമായിരിയ്ക്കും.നരിമാൻ പോയന്റിലെത്തിയപ്പോൾ  മുംബൈ നഗരത്തിന്റെ കടലോരക്കാഴ്ച്ച  കാണാനായി കാറിൽ നിന്നുമിറങ്ങി  . നീലനിറമുള്ള ഒരു ഡബിൾ ഡക്കർ ബസ്സിൽ താഴെയും മുകളിലും നിറയെ  ചുവന്ന ക്രിസ്തുമസ് തൊപ്പിയും ബലൂണുമായെത്തിയ കുട്ടികളും മുതിർന്നവരും എന്തെല്ലാമോ സ്തുതിഗീതങ്ങളും  പാടി യൂ-ടേൺ എടുത്ത് കടന്നുപോയപ്പോൾ ശരിയ്ക്കും ഒരു കൃസ്തുമസ് പ്രതീതിയെല്ലാം തോന്നിയെന്നു പറയാതെ വയ്യ.

ഒരു വശത്ത് കടലിന്റെ അങ്ങേ ഭാഗത്തായി മലബാർ ഹില്ലിലെ കെട്ടിടങ്ങൾ മുംബൈ നഗരത്തിന്റെ തനതായ  മുഖച്ചായയെ ചക്രവാളത്തിൽ വരച്ചിരിയ്ക്കുന്നു.മറുഭാഗത്ത് നഗരത്തിന്റെ സിരാകേന്ദ്രമായ കഫ് പരേദിന്റെ മുഖമുദ്രകൾ.  കടലലകളെ തടയാനായിയിട്ട  ട്രിപ്പോഡുകളിൽ  വിവിധ പോസുകളിൽ ഇരുന്നു ഫോട്ടോവിന് പോസ് ചെയ്യുന്നവർ. മാങ്ങയും ചെറുനാരങ്ങയും കുടമ്പുളിയും മസാലപ്പൊടികളുമായി ചണാ-ചൂർ വിൽക്കുന്നവരും,കടല-കപ്പലണ്ടി വിൽ‌പ്പനക്കാരും, ഫോട്ടോഗ്രാഫേർസും ഒഴിവു ദിവസം ആഘോഷിയ്ക്കാനായെത്തിയവർക്കു ച്റ്റും കൂടിയിരിയ്ക്കുന്നു. സുഖ ശീതളമായ കാലവസ്ഥയും നേർത്ത വെയിലും.

മറൈൻ ഡ്രൈവിൽ  തീരെ തിരക്കില്ലാത്തതു പോലെ തോന്നിയെങ്കിൽ ഇന്നു മന്ത്രാലയ  പരിസരവും സാമാന്യം  വിജനമായിത്തോന്നി.പബ്ലിക് ഹോളിഡെ തന്നെ കാരണമെന്നറിയാം. എന്നാൽ  ഓവൽ മൈതാനത്തിൽ കളിയ്ക്കുന്നവരും കാണികളും ഏറെ.ശരിയ്ക്കും ഒരൊഴിവു ദിനത്തിന്റെ ആലസ്യത്തിലാണ്ട നഗരത്തിൽ അതിനെ വേണ്ടവണ്ണംഉപയോഗിയ്ക്കാനറിയുന്നവരും ധാരാളം. കടന്നു പോകുന്ന ബെസ്റ്റ് ബസ്സുകളിലൊന്നും തന്നെ വലിയ തിരക്കു കാണാനായില്ല.താജ് ഹോട്ടൽ പരിസരവും ഗേറ്റ് വേ ഓഫ് ഇന്ത്യയും, പതിവുപോലെ തിരക്കാർന്നു കണ്ടു. ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്കു മുന്നിലെ Maha Feast മേളയുടെ  കവാടവും സ്റ്റാളുകളും  സെക്യൂരി ചെക്കുകളുമെല്ലാം ഈ ചരിത്ര സ്മാരകത്തിന്റെ സ്വാഭാവികമായ ദർശനസുഖത്തെ വല്ലാതെ കുറച്ചെന്നു പറയാതെ വയ്യ. എലിഫന്റ ഗുഹ കാണാനായുള്ള ക്യൂവിന്റെ നീളം നിമിഷം പ്രതി കൂടുന്നുവെന്നു തോന്നി. ബോട്ടിൽ കയറാൻ ഉത്സാഹപൂർവ്വം നിൽക്കുന്നവരുടെമുഖഭാവങ്ങൾ ഏറെ ആകർഷിച്ചു. ഒന്നു ബോട്ടിൽ കയറാൻ നമുക്കും  തോന്നിപ്പോകും. രണ്ടു വർഷം മുൻപ് ഈ കടലിന്റെ അൽപ്പം ഉള്ളിലേയ്ക്കു മാറി ഒരു ബോട്ടിൽ രാത്രി സമയത്ത്  പാട്ടുംഭക്ഷണവുമൊക്കെയായി  ആസ്വദിച്ച  പിക് നിക് ഓർമ്മ വന്നു. പകൽ കരയിൽ നിന്നും ഏറെ നേരം കടലിനെ നോക്കുന്നതിനേക്കാൾ എത്രയോ ഹൃദയഹാരിയാണ് രാത്രി സമയം കടലിൽ നിന്നും ദീപങ്ങളാൽ കുളിച്ചു കിടക്കുന്ന കരയെ നോക്കുന്നതെന്ന് അന്നാണു മനസ്സിലാക്കാനായത്. വിമാനയാത്രകളിലും ഈ പ്രത്യേകത നമുക്കനുഭവപ്പെടാറുള്ളതാണല്ലോ?

പക്ഷേ ഇവിടെയൊന്നും തന്നെ കൃസ്തുമസ്സിനെ അനുസ്മരിയ്ക്കുന്ന ഒന്നും തന്നെ കാണാനായില്ലെന്നത് എന്നെ നിരാശപ്പെടുത്തി.ബുദ്ധിസ്റ്റ് തീർത്ഥാടകരെ എവിടെയും ധാരാളമായി കാണായി. ബലൂൺ വിൽക്കുന്ന ഒരു സ്ത്രീ കുട്ടികളെ ആകർഷിയ്ക്കാനായുള്ള ശ്രമത്തിലാണ്. ജെഹാംഗീർ ആർട്ട് ഗാലറിയുടെ പരിസരം തിരക്കില്ലാത്തതായി കണ്ടു.എന്നാൽ മ്യൂസിയത്തിൽ നല്ല തിരക്ക്. മ്യൂസിയം കോമ്പൌണ്ടിലെ കൃസ്തുമസ്  ട്രീ ചുവന്ന തൊപ്പികളാലും വർണ്ണക്കടലാസ്സുകളാലും മറ്റു വർണ്ണ നിറമാർന്ന അലങ്കാര ദീപങ്ങളാലും സുന്ദരമാക്കപ്പെട്ടിരിയ്ക്കുന്നു.ഡിസംബർ21 മുതൽ ഫെബ്രുവരി 1 വരെയുള്ള കാളീഘട്ട് പെയിന്റിംഗ് പ്രദർശനത്തിലെ ചിത്രങ്ങൾ  പ്രത്യേകം ശ്രദ്ധയാകർഷിച്ചു.

കാലഘോഡ, നേവൽ ഡോക്ക്യാർഡ്, നാഷനൽ ലൈബ്രറി പരിസരമെല്ലാം ശാന്തം. പക്ഷേ ഛത്രപതി ശിവാജി ടെർമിനസ്സെന്ന വി.ടി.യിൽ നല്ല തിരക്കു തന്നെ.ഭക്ഷണം കഴിയ്ക്കാനായി കയറിയ കാമത്ത് ഹോട്ടലിൽ നല്ല ഭക്ഷണം, പക്ഷെ കുറവ് ആൾക്കാർ. മെട്രോ തിയറ്ററിൽ സാമാന്യം തിരക്കുണ്ട്.  മലബാർ ഹിത്സിൽ കമലാനെഹ്രു പാർക്കിലും ഹാംഗിംഗ് ഗാർഡനിലും സാമാന്യം നല്ലതിരക്ക്. ബൂട്ട് ഹൌസെ പൊതിയുന്നവിധം കുട്ടികൾ. വെക്കേഷനിൽ മുംബൈഇ കാണാനെത്തിയവരും അൽ‌പ്പസംയം തിരക്കിൽ നിന്നുമൊഴിഞ്ഞു വർത്തമാനം പറഞ്ഞിരിയ്ക്കുന്നവരും ഒക്കെ  ഇവിടെയുണ്ര്റ്റ്. ഭക്ഷണസാധനവുമായെത്തി ശരിയ്ക്കും പിക്നിക് മൂഡിൽ  വന്നിട്ടുൾലവരാണധികമെന്നു കണ്ടു.  താഴെ ചൌപ്പാത്തിയിലെ ദൃശ്യം മനസ്സിൽ  വരച്ചിട്ടു.ഇവിടെയും കൃസ്തുമസ് പ്രത്യേകതകളൊന്നും ദർശിയ്ക്കാനായില്ല.

സമ്പന്നരുടെ മുംബേയിൽ നിന്നും മറ്റൊരു ലോകത്തെത്തിയതുപോലെ തന്നെ തോന്നി ധാരാവിയിലെത്തിയപ്പോൾ. ഇവിടം എപ്പോഴും തിരക്കേറിയതു തന്നെ. പലയിടത്തും തൂക്കിയിട്ട നക്ഷത്രവിളക്കുകളുംക്രിസ്തുമസ്  അലങ്കാരവും കാണാനായി. സയൺ-മാട്ടുംഗ പകലുറക്കത്തിന്റെ ആലസ്യത്തിലും അടഞ്ഞു കിടക്കുന്ന ഷോപ്പുകളാലും നിർജ്ജീവമായിത്തോന്നി. ബാന്ദ്ര-കൂർളാ കോംപ്ലക്സ്  ഒഅഴിവുദിവസമാണെന്നറിയിയ്ക്കും വിധം തിരക്കൊഴിഞ്ഞു  ശാന്തമായ നിലയിലായിരുന്നു. എം.എം.ആർ.ഡി.ഏ. ഗ്രൌണ്ട് അന്നാ ഹസാരേയേയും അനുയായികളേയും പ്രതീക്ഷിച്ച് തികച്ചും വിജനമായിത്തന്നെ കിടക്കുന്നു. പകലിന് പ്രായം കൂടുന്തോറും ട്രാഫിക്കും കൂടി വരുന്നെങ്കിലും  നഗരത്തിലെ സമ്പന്നരും സാധാരണക്കാരുമായ നല്ലൊരു വിഭാഗം ജനങ്ങൾ കിട്ടിയ അവധിക്കാലം ശരിയായാഘോഷിയ്ക്കാനായി നഗരത്തിനു പുറത്തു പോയിരിയ്ക്കുകതന്നെയാവുമെന്ന് തോന്നി .ഇനി സ്കൂൾ തുറക്കുന്നതു വരെ മറ്റൊരു ലോകത്തെ ജീവിതം ഇവിടെ തിരിച്ചെത്തിയാൽ തുടങ്ങുന്ന യാന്ത്രിക ജീവിതത്തിന്നൊരാവശ്യകത തന്നെ, അല്ലേ? നവവത്സരമിങ്ങെത്തിക്കഴിഞ്ഞല്ലോ? എല്ലാവർക്കും സമാധാനവും സന്തോഷവും നിറഞ്ഞ പുതു വത്സരത്തിന്നായി ആശംസകൾ!

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

One Response to “ഒരു മുംബൈ കൃസ്തുമസ് പകൽ പറഞ്ഞ കഥ (മുംബൈ പൾസ്-35)”

  1. m m ansari

    good nannayirikkunnu

Leave a Reply

Your email address will not be published. Required fields are marked *