ബോളീവൂഡ് 2011 – നേട്ടങ്ങളും നഷ്ടങ്ങളും

Posted by & filed under Uncategorized.

“കാത്തിരിയ്ക്കലിന്റെ മധുരവും വിട പറയലിന്റെ വിതുമ്പലും…, സുഖം തന്നെയാണ്, അല്ലേ?”

“അതൊക്കെ കവി ഹൃദയത്തിന്റെ ജൽ‌പ്പനങ്ങൾ മാത്രം എന്നേ എനിയ്ക്ക് തോന്നാറുള്ളൂ. ഞാൻ കവിയല്ലാത്തതിനാലാകാം അങ്ങനെ തോന്നുന്നത്”

‘അല്ല, ഞാൻ വെറുതെ പറഞ്ഞതല്ല. നമുക്കു ചുറ്റുമൊന്നു നോക്കിയാലറിയാം. മുംബെയിലെ ജീവിതം തന്നെയൊന്നു നോക്കൂ..ഈ പ്രതീക്ഷകൾ ഇല്ലായിരുന്നുവെങ്കിൽ നഗരജീവിതം എത്ര ദു:സ്സഹമായേനേയെന്ന് തോന്നാറുണ്ട്. “

“അതു ശരി തന്നെ, ഇവിടെ എത്തുന്നവരും എത്തിയവരും എത്താൻ മോഹിയ്ക്കുന്നവരും മനസ്സിൽ സൂക്ഷിയ്ക്കുന്ന സ്വപ്നങ്ങൾ തന്നെയല്ലേ ഈ നഗരത്തെ ഇത്രമാത്രം ആകർഷകമാക്കിയതെന്ന് ഞാനും വിചാരിയ്ക്കാറുണ്ട്. പ്രത്യേകിച്ചും ബോളിവൂഡ് സ്വപ്നവുമായെത്തുന്നവർ….”

ഞാനും എന്റെ സുഹൃത്തും പലതു പറഞ്ഞിരിയ്ക്കുന്നതിന്നിടയിൽ  അവസാനിയ്ക്കാറായ 2011 നെക്കുറിച്ചും വന്നെത്തുന്ന പുതു വത്സരത്തെക്കുറിച്ചുമെല്ലാം സംസാരിയ്ക്കുകയായിരുന്നു. അതിന്നിടയിൽ അറിയാതെ സംഭാഷനം ബോളിവൂഡിലേക്കും എത്തി ച്ചേർന്നു. അരിച്ചെത്തുന്ന വൈകുന്നേരത്തെ ഹൃദ്യമായ തണുപ്പിനെയകറ്റാൻ ചൂടുള്ള ഫിൽട്ടർ കോഫി മൊത്തിക്കുടിയ്ക്കുന്നതിന്നിടയിൽ സുഹൃത്തു പറഞ്ഞു:

”ബോളിവൂഡിൽ ഈ വർഷം സംഭവബഹുലം തന്നെയെന്നു പറയാം..എത്ര പുതിയതും വ്യത്യസ്തവുമായ പടങ്ങളാണ് ഇക്കുറി ഇറങ്ങിയത്? സൽമാൻ ഖാന്റെ ബോഡീഗാർഡും,ഷാരൂഖിന്റെ റാ-വണും,വിദ്യാ ബാലന്റെ ഡർട്ടി-പിക്ച്ചറും,മീഡിയയിൽ  ഒച്ചപ്പാടുകളുണ്ടാക്കിയ ഒട്ടനവധി സംഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞ  കഥാ തന്തുക്കളെ കേന്ദ്രമാക്കി ബോക്സ് ഓഫീസിൽ നോട്ടമിട്ടു നിർമ്മിച്ച കുറെയേറെ കമ്മേർസിയൽ ചിത്രങ്ങളും ഇക്കുറി ബോളീവൂഡ് നമുക്കു സമ്മാനിച്ചില്ലേ?”

“സംഭവബഹുലം എന്നു പറഞ്ഞത് സത്യം തന്നെ നേട്ടങ്ങൾ മാത്രമല്ല, ഒട്ടേറെ നഷ്ടങ്ങളുടെയും വർഷമായിരുന്നു ബോളിവുഡ്ഡിന് 2011 , എന്നു മറക്കല്ലേ? എത്ര പ്രതിഭാധനന്മാരായ കലാകാരന്മാരെയാണു ഈ വർഷത്തിൽ നമുക്ക്  നഷ്ടമായത്?“ ഞാൻ പറഞ്ഞു. “ഷമ്മി കപൂർ,ഭുപെൻ ഹസാരിക,ജഗജിത് സിങ്, ഭിംസെൻ ജോഷി,നവിൻ നിശ്ചൽ, ദേവ് ആനന്ദ്, ജഗൻ മോഹൻ മുന്ധ്ര, ഗോഗ കപൂർ, സുരീന്ദർ കപൂർ, മണി കൌൾ , ഷമീൻ ദേശായ്,സുചിത്ര മിത്ര….“

“എം.എഫ്. ഹുസൈനെ മറന്നുവോ?”

“കാൻ വാസ്സിൽ സിനിമകൾ കാണിച്ചു തന്ന ആ അപൂർവ്വ പ്രതിഭാശാലിയെ ആരു മറക്കാൻ? ‘ഇന്ത്യയുടെ പിക്കാസ്സോ’ എന്നു ലോകം വിധിയെഴുതിയ ഈ വഴക്കാളിയെ കഴിഞ്ഞ ജൂണിലാണല്ലോ നമുക്ക് എന്നേയ്ക്കുമായി നഷ്ടമായത്. നാം അതിനു മുന്നെത്തന്നെ അദ്ദേഹത്തെ കയ്യൊഴിഞ്ഞിരുന്നുവെങ്കിലും..”

“അതു പിന്നെ ഹിന്ദു ദൈവങ്ങളെ നഗ്നരാക്കി വരച്ചു വച്ചാൽ ആർക്കും ദേഷ്യം വരില്ലെ? അവഹേളനയല്ലേ? ദൈവത്തെ തൊട്ടു കളിയ്ക്കുന്നത് എത്ര വലിയവ നായാലും നല്ലതല്ല.അദ്ദേഹം നിർമ്മിച്ച  “മീനാക്ഷി: എ ടേൽ ഓഫ് ത്രീ സിറ്റീസ്”  റിലീസ് ആയി ഒരാഴ്ച്ചയ്ക്കകം തന്നെ തിയേറ്ററുകളിൽ നിന്നും പിൻ വലിച്ചില്ലേ?അതിലെ ഏതോ  ഒരു പാട്ട് ആണ് പ്രശ്നമുണ്ടാക്കിയതെന്നു തോന്നുന്നു..”

“പക്ഷേ അദ്ദേഹത്തിന്റെ മാധുരി ദീക്ഷിത്  കമ്പം “ഗജഗമിനി”യിലെത്തിയതുപോലെ “ബന്ദ് ബജാ ബാരാത്ത്” ലെ നായികയായ അനുഷ്ക്കാ ശർമ്മാ കമ്പം നമുക്ക് മറ്റൊരു ഹുസൈൻ സിനിമാ കൂടി നൽകാനിരിയ്ക്കയായിരുന്നു. അപ്പോഴാണ് വർണ്ണങ്ങളുടെയും കോണ്ട്രവേർസികളുടെയും മുടിചൂടാമന്നനായ ഇദ്ദേഹത്തിന് വിട പറയാൻ സമയമായത്. എന്തായാലും സ്വന്തമായൊരു വ്യക്തിത്വത്തിന്റെ ഉടമയായ ഇദ്ദേഹം കാലത്തിന്റെ ക്യാൻ വാസിൽ എന്തൊക്കെയോ വർണ്ണശബളമായ വരകൾ വരച്ചു തന്നെയാണല്ലോ കടന്നു പോയത്…”

“അങ്ങനെ നോക്കുമ്പോൽ ബോളിവൂഡിനു നഷ്ട്മായ ഈ പ്രതിഒഭാശാലികളെല്ലാം തന്നെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ തങ്ങളുടെ സാന്നിദ്ധ്യം ഇവിടെ രേഖപ്പെടുത്തിയിട്ടില്ലേ?”

“തീർച്ചയായും..ഇവരിലോരോരോരുത്തരും തന്നെ തങ്ങളുടെതായ രീതിയിൽ സ്വസാന്നിദ്ധ്യം മറക്കാനാകാത്തവിധം നമ്മളിൽ രേഖപ്പെറ്റുത്തിയിരിയ്ക്കുന്നു. ഷമ്മി കപൂറിനേയോ  ദേവ് ആനന്ദിനേയോ ഓർക്കുമ്പോൾ തന്നെ അവരുടെ പലവിധ ഭാവഹാവാദികൾ നമ്മുടെ മനക്കണ്ണിലേയ്ക്കോടിയെത്തുന്നത് അതിന്റെ തെളിവു തന്നെയല്ലോ? ഭൂപെൻ ഹസാരികയുടെ കവിതയും സംഗീതവും നാദവും ഒരുപോലെ കാലാകാലത്തോളം നമ്മെ കോരിത്തരിപ്പിയ്ക്കുകയില്ലേ? ജഗത് ജിത് സിംഗിന്റെ ഗസലുകൾ ഉറക്കത്തിലും നമ്മെ വന്ന് തഴുകുകയില്ലേ?”

“എന്നാലും ഇവരൊക്കെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞെന്ന സത്യം അലപ്പം വേദനിപ്പിയ്ക്കുന്ന ഒന്നു തന്നെ.

“ബോളിവൂഡിൽ  ബോഡിഗാർഡിനും റ-വണ്ണിനും ഡെർട്ടി പിക്ച്ചറിനുമൊപ്പം തന്നെ  കോളിളക്കമുണ്ടാക്കിയ വാർത്തകൾ ഈ വർഷം ഏറെയാണല്ലോ? ബച്ചൻ കുടുംബത്തിലെ ബേട്ടി-ബി യ്ക്കു ഇനിയും നാമകരണമായില്ലെന്നറിയുന്നു. പെർഫെക്റ്റ് ആയ പേർ ഇനിയും കിട്ടിയില്ലെന്നോപ്പ്? നമുക്കൊന്നു സജ്ജസ്റ്റ് ചെയ്താലോ?”

“അതൊക്കെ എന്നേ തീരുമാനിച്ചു കാണും. ഇതൊക്കെ സസ്പ്പെൻസ് നിലനിർത്താനുള്ള ഒരു സൂത്രം മാത്രം. ആമീർഖാൻ-കിരൺ ദമ്പതികൾ കുട്ടിയുണ്ടാകാൻ സറോഗേറ്റ് രീതി ഉപയോഗിച്ചതിലെ തെറ്റു ശരികൾ നമുക്ക് വിവക്ഷിയ്ക്കാനാകുന്നില്ലല്ലോ.എന്തു തോന്നുന്നു?”

“ പത്തു മാസം ചുമന്നവൾ, പെറ്റ അമ്മ എന്നീ വാക്കുകൾ അമ്മയുടെ നിർവചനങ്ങളിൽ നിന്നും അപ്രത്യക്ഷമാകുമെന്ന ഒരു കാലം വരുകയാണോ?”

” ബോളിവൂഡ് രീതികൾ വിചിത്രമായിത്തോന്നുന്നു.10 വർഷം ഒന്നിച്ചു ജീവിച്ച ജോൺ അബ്രഹാം-ബിപാഷ  വേർപിരിയൽ എനിയ്ക്കൊട്ടും വിശ്വസിയ്ക്കാനായില്ല. തീരെ ചുഴികൾ കുറഞ്ഞ ഒരു ഒഴുക്കായിരുന്നല്ലോ ഇവരുടെ പ്രണയത്തിന്റേത്?”

“ ദൃഢമായ ബന്ധങ്ങൾ വേർപെടുന്നതും ഏറെ തകർന്നു കൊണ്ടിരിയ്ക്കുന്നവ  പെട്ടെന്ന് ദാർഢ്യമേറിയതാകുന്നതും ബോളിവൂഡിന്റെ മാത്രം പ്രത്യേകതയൊന്നുമല്ല. മനുഷ്യരുടെ സാഹചര്യങ്ങളും ചുറ്റുമുള്ളവരുടെ സ്വാധീനവും അതിനു വഴിവച്ചെന്നു വരാം. കണ്ടില്ലേ, അമ്മയുടെ ആഗ്രഹപ്രകാരം പരസ്പ്പരം കടികൂടിയിരുന്ന അംബാനി സഹോദരന്മാർ ഒരുമിയ്ക്കാൻ തയ്യാറാകുന്നത്?”

“ താരങ്ങൾ തമ്മിലുള്ള സൌന്ദര്യപ്പിണക്കങ്ങൾ പലപ്പോഴും സീരിയസ് ആയി മാറുന്നതാണ് കഷ്ടം. ഒന്നാം സ്ഥാനത്തിനായി നടികളും നടന്മാരും മത്സരിയ്ക്കുന്നത് അവരുടെ പ്രൊഫഷണൽ ഫീൽഡിൽ നിന്നും വ്യക്തിഗത മത്സരത്തിലേയ്ക്കെത്തുന്നത്  പലപ്പോഴും ദൌർഭാഗ്യകരമായ സംഭവ വികാസങ്ങളിലേയ്ക്കെത്തിച്ചേരാനിടയാകുന്നു. അതും നോക്കിയിരിയ്ക്കുന്ന വാർത്താമാദ്ധ്യമങ്ങൾക്കവയാണല്ലോ ആവശ്യവും..”

” അതെയതെ..താരങ്ങൾ തമ്മിലുള്ള പരസ്പരം ചെളി വാരിയെറിയൽ,നിഷേധങ്ങൾ, വാക്കേറ്റം, കയ്യേറ്റം, പിന്നെയൊരൊത്തു തീർപ്പ, സിനിമ- ക്രിക്കറ്റ് ഗ്ലാമർ പ്രേമങ്ങൾ, അവയുടെ തകർച്ചകൾ, സിനിമാ ഫീൽഡിലെ നവാഗതർ, വിജയകഥകൾ, രംഗമൊഴിയലുകൾ…ഇതൊക്കെയില്ലെങ്കിൽ പേജ് 3 എങ്ങനെ രസകരമാവും…അൽ‌പ്പം മസാലയില്ലെങ്കി്ല് എൺഗിനെ രുചികരമാകാൻ..?..”

സംസാരം നീണ്ടു പോയതറിഞ്ഞില്ല. ഇറങ്ങുമ്പോൾ സുഹൃത്തു ചോദിച്ചു:

“എന്താ തന്റെ ന്യൂ ഇയർ പ്ലാൻ?

“അടിച്ചു പൊളിയ്ക്കാതിരിയ്ക്കുന്നതെന്തിനാ ,രംഗമൊഴിയുന്നതു വരെ…. ഹാപ്പി ന്യൂ ഇയർ…….സുഹൃത്തേ…..”

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

Leave a Reply

Your email address will not be published. Required fields are marked *