മുംബൈ പൾസ്-40

Posted by & filed under മുംബൈ പൾസ്.

ഒന്നു നാട്ടിൽ‌പ്പോയാൽ ഇങ്ങു തിരിച്ചെത്താൻ മനസ്സെന്തേ കൊതിയ്ക്കുന്നത് എന്നു തോന്നാറുണ്ട്. ഇത്രയ്ക്കും ആകർഷണം സൃഷ്ടിയ്ക്കാൻ നഗരത്തിനു  കഴിയുന്നതെന്തു കൊണ്ടാകാം, അറിയില്ല. പക്ഷേ വിട്ടു നിന്നാൽ തിരിച്ചെത്തി നഗരത്തുടിപ്പിലലിയുന്നതു വരെ ഒരു നഷ്ടബോധം  വിടാതെ പിന്തുടരുന്നു. ഒരു പക്ഷേ ഈ നഗരിയുമായി  അറിയാതെ തന്നെ പറയാനാകാത്ത എന്തോ ഒരടുപ്പം ഉടലെടുക്കുന്നതിനാലാണോ? നഗരത്തിന്റെ തിരക്കിലൂടെയുള്ള ഓട്ടത്തിൽ സ്വന്തം ജീവിതത്തെ കൂട്ടിയിണക്കുമ്പോൾ കിട്ടുന്ന ഉൾപ്പുളകം ഇത്രയക്കധികമാകാൻ കാരണം അതിജീവനത്തിന്നയുള്ള തൃഷ്ണ തന്നെയോ? അതോ നാട്ടിലെത്തിയാൽ മനസ്സിൽ വേരുറയ്ക്കുന്ന നഷ്ടബോധത്തിന്റെ ചിന്തകളെ പിഴുതെറിയാനായി ബോധപൂർവ്വം നടത്തുന്ന ഒരു ഒളിച്ചോട്ടമോ? എന്തായലും എന്റെ നഗരമേ, നീയെന്നെ വല്ലാതെ വ്യാമോഹിപ്പിച്ചുകൊണ്ട് നിന്നിലേയ്ക്കു തന്നെ വലിച്ചടുപ്പിയ്ക്കാൻ ശ്രമിയ്ക്കുന്നത് ഞാനറിയുന്നു.

പ്രവാസി മനസ്സിൽ കുളിരു പകരാനെന്നോണം അവിടേയുമിവിടെയുമായി കാണാനാകുന്ന പച്ച വിരിച്ച നെൽ‌പ്പാടങ്ങൾ , പള്ളിപ്പെരുനാളുകളും വേലകളും കൊണ്ട് ശബ്ദമുഖരിതമായ  നാട്ടിൻ പുറങ്ങൾ, സുഖ ശീതളമായ കാലാവസ്ഥ. മനസ്സുകൊണ്ട് നാടിനെ കൂടുതൽക്കൂടുതൽ ഇഷ്ടപ്പെട്ടു പോകുന്ന സമയം തന്നെ. പക്ഷേ ബേവറെജ് ഷോപ്പുകൾക്കു മുന്നിൽ സന്ധ്യാസമയങ്ങളിൽ കാണാവുന്ന നീണ്ട ക്യൂ മനസ്സിൽ അസ്വസ്ഥത തന്നെയാണ് സൃഷ്ടിയ്ക്കുന്നത്. പലപ്പോഴും ചിന്തിയ്ക്കാറുണ്ട്, സമ്പൂർണ്ണ സാക്ഷരതയുടെ അഭിനന്ദനങ്ങളേറ്റു വാങ്ങിയ കൊച്ചു കേരളത്തിന് ഇങ്ങിനെയും ഒരു വിധി വരാനെന്താകും കാരണമെന്ന്. പ്രവാസിയുടെ മനസ്സിൽ വരച്ചിടപ്പെട്ട വർണ്ണചിത്രങ്ങൾക്കു മേൽ പടർന്നു കയറുന്ന കറുത്ത മഷി കണ്ട് നാട് ഒരു വേദനയായി ഉള്ളിൽ അള്ളിപ്പിടിയ്ക്കുന്ന ചിന്താവേളകൾ നമുക്കുണ്ടാകാനിവ കാരണമാകുന്നു. ഒപ്പം തിരിച്ചു വന്ന് നഗരത്തിന്റെ മിടിപ്പേറ്റു വാങ്ങാനായി തിടുക്കവുമേറുന്നു. ഒരു തരം തൃശങ്കു സ്വർഗ്ഗത്തിൽ‌പ്പെട്ടവരുടെ അവസ്ഥയിലല്ലേ നമ്മളിപ്പോഴെന്നു തോന്നിപ്പോകുകയാണ്. ഒരേ സമയത്തു തന്നെ സ്വന്തം നാടും ഈ നഗരിയും നമുക്കു പ്രിയമേറിയതായി മാറുന്നുവെന്നതാണ് സത്യം.

നഗരവിശേഷങ്ങളിൽ അദ്നാൻ പത്രാവാലയുടെ കൊലപാതകത്തിന്റെ വിധി എല്ലാവരേയും ഞെട്ടിയ്ക്കുന്നവിധത്തിലുള്ളതു തന്നെയെന്നതിൽ സംശയമില്ല..നാലര വർഷം മുൻപ് അദ്നാനെ കഴുത്തു ഞെരിച്ചു കൊന്ന കുറ്റമാരോപിച്ചു അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന നാലുപേരേയും കോടതി തക്ക തെളിവുകളുടെ കുറവിനാൽ വെറുതെ വിട്ടപ്പോൾ  നീതിന്യായത്തിലെ വിശ്വാസം തന്നെ നഷ്ട്പ്പെട്ട പ്രതീതിയായിരുന്നു നഗരവാസികൾക്കെല്ലാം തന്നെ. നിയമത്തിന്റെ പഴുതുകൾ കണ്ടെത്തി രക്ഷപ്പെടാൻ കുറ്റവാളികൾക്കു സാധിച്ചപ്പോൾ  പത്രാവാലാകുടുംബത്തിനൊപ്പം നമുക്കും രോഷം തോന്നിപ്പോകുന്നു. കുറ്റാന്വേഷണത്തിൽ സ്കോട്ട്ലാൻഡ് യാർഡിനു കിടപിടിയ്ക്കുമെന്നഹങ്കരിയ്ക്കുന്ന മുംബൈ പോലീസിന്റെ കുറ്റാന്വേഷണത്തിലെ അനാസ്ഥ തന്നെയല്ലേ കുറ്റവാളികൾക്ക് രക്ഷപ്പെടാൻ അവസരമുണ്ടാക്കിക്കൊടുത്തത്?

നഗരത്തിലെ ഓട്ടോറിക്ഷകളിലെല്ലാം ഫിബ്രവരി പകുതിയോടെ ഇ-മീറ്റർ നിർബന്ധമാക്കുമെന്ന വാർത്ത ഏറെ ആശ്വാസകരം തന്നെ. ഒരിയ്ക്കലെങ്കിലും ഓട്ടോറിക്ഷക്കാരുടെ തട്ടിപ്പുകൾക്കിരയാകാത്തവർ നഗരത്തിലുണ്ടാകില്ല. എന്തായാലും ഓട്ടോറിക്ഷകൾ പതിവായി ഉപയോഗിയ്ക്കുന്നവർ ദീർഘശ്വാസം വിടുന്നുണ്ടാകും, ഇനിയെങ്കിലും ഓട്ടോറിക്ഷക്കാരുമായി അടിപിടി കൂടേണ്ടി വരില്ലല്ലോ എന്നോർത്ത്.നഗരത്തിലെ ഒരു ലക്ഷത്തിലധികം ഓട്ടോ റിക്ഷകളിൽ ഈ സംവിധാനം നടപ്പിലാക്കാനുള്ള ഉപകരണങ്ങൾ സ്ഥാപിയ്ക്കുന്നതിന്നായി അൽപ്പം കാലതാമസമെടുത്തെന്നു വരാമെന്നു മാത്രം. മുബെ മഹാനഗരത്തിൽ ഈ സംവിധാനം എത്രയോ മുൻപു തന്നെ വരേണ്ടതായിരുന്നു.

ടൈംസ് ഓഫ് ഇന്ത്യ കേരളത്തിലും എത്തിച്ചേരാൻ പോകുന്നുവെന്ന വാർത്ത നമുക്കെല്ലാം വളരെയേറെ സന്തോഷം തരുന്ന ഒന്നു തന്നെ. ഒരൽ‌പ്പം നീണ്ടൊരു വെക്കേഷനിൽ നാട്ടിൽ‌പ്പോകുമ്പോൾ പ്രഭാതത്തിലെ ടൈംസ് പേപ്പർ വായന മുടങ്ങുന്നത് നമുക്കെന്നും വിഷമം തോന്നിപ്പിയ്ക്കാറുണ്ടല്ലോ? ഇപ്പോഴിതാ ടൈംസും മാതൃഭൂമിയു കൈ കോർത്തു പിടിച്ച് വിലയിൽ ഇളവോടു കൂടിയ വായനാസുഖം നമുക്കായൊരുക്കുന്നു. കൂടിയ സാക്ഷരതാനിരക്കും കുറഞ്ഞ ജനപ്പെരുപ്പ നിരക്കും ഉണ്ടായിട്ടു കൂടി തെക്കേ ഇന്ത്യയിൽ മറ്റു പലസ്ഥലങ്ങളിലും സ്ഥാനമുറപ്പിച്ച ടൈംസിന് കേരളത്തിലെത്താൻ ഇത്രയും കാലം എടുക്കേണ്ടി വന്നതെന്തു കൊണ്ടാണാവോ? എന്തായാലുംകേരളത്തിലെ 10 പ്രമുഖ സിറ്റികളിൽ ഈ പേപ്പർ ലഭ്യമാകുമെന്നതിൽ നമുക്കു സന്തോഷിയ്ക്കാം. നമ്മുടെ നാട്ടിലെ വെക്കേഷനുകൾ കൂടുതൽ ഹൃദ്യമാക്കാൻ ഇതിനു കഴിഞ്ഞെന്നും വരാം.

നഗരത്തിലെ കുട്ടികളിലും മാതാപിതാക്കളിലും ദിനം പ്രതി ടെൻഷൻ കൂട്ടിക്കൊണ്ട് പരീക്ഷാക്കാലങ്ങൾ വന്നണയുകയായല്ലോ. ഒരു പക്ഷേ മാതാപിതാക്കളായിരിയ്ക്കും ഇവിടെ കുട്ടികളേക്കാൾ കൂടുതൽ ആകംക്ഷാഭരിതരായി മാറുകയെന്നു തോന്നുന്നു. ഈ വർഷം ഫെബ്രുവ രി 21ന് എച്ഛ് എസ് സിയുടേയും  മാർച് ഒന്നിന് എസ് എസ് സിയുടേയും പരീക്ഷകൾ തുടങ്ങുകയാണ്. വിദ്യാഭ്യാസ കാലഘട്ടത്തിലെ ഈ കടമ്പ ഏറ്റവും ഉയർന്ന മാർക്കോടെ കടക്കാനായുള്ള ശ്രമങ്ങളുടെ അവസാന ഘട്ടം സ്വാഭാവികമയും ടെൻഷൻ നിറഞ്ഞതായി മാറാതിരിയ്ക്കില്ല. മറ്റു മഹാനഗരികളായ ഡെൽഹി, കൊൽക്കത്ത, ചെന്നൈ, ബാംഗളൂർ എന്നിവിടങ്ങളിലേക്കാൾ കമ്മേഴ്സ്യൽ ക്യാപിറ്റലായ മുംബൈ നഗരിയിലെ വിദ്യാർത്ഥികൾ കൂടുതൽ  ടെൻഷൻ ഉള്ളവരാണെന്നാണ് ഈയിടെ നടത്തിയ സർവ്വേയിൽ കണ്ടെത്താനായത്.അവസാന തയ്യാറെടുപ്പുകളിൽ മുഴുകിയിരിയ്ക്കുന്ന ഈ കുട്ടികളുടെയും മാതാപിതാക്കളുടെയും ടെൻഷൻ മുംബെയുടെ പൾസിനെ ക്രമാതീതമായി ഉയർത്തുന്നു. അവരുടെ ചുണ്ടുകളിലെ പ്രാർത്ഥനകൾ നമുക്കും ഏറ്റുവാങ്ങാം. ആശംസകൾ നേരാം.

ബൃഹദ് മുംബൈ മുനിസിപ്പൽ കോർപ്പററേഷന്റെ തിരഞ്ഞെടുപ്പിനായുള്ള സ്ഥാനാർത്ഥിലിസ്റ്റിന്റെ അവസാന ഘട്ടം  നഗരത്തിലുടനീളം ചലനങ്ങൾ സൃഷ്ടിയ്ക്കുന്നുണ്ട്.സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിലെ  പ്രശ്നങ്ങൾ പാർട്ടികൾക്കുള്ളിൽ വിടവുകൾ സൃഷ്ടിയ്ക്കുന്നുവോ? ആരു ഭരണത്തിൽ വന്നാലും സാധാരണക്കാരനായ മുംബൈറ്റിയ്ക്കൊരു പ്രാർത്ഥന മാത്രം. മുടങ്ങാത്ത ശുദ്ധമായ കുടിവെള്ളവും ആരോഗ്യപരിപാലനവും  വിദ്യാഭ്യാസ സൌകര്യങ്ങളുമെങ്കിലും തരാൻ ഇവർക്കു കഴിഞ്ഞെങ്കിൽ എന്ന്. നഗരത്തെ സൌന്ദര്യവൽക്കരിയ്ക്കുകയോ ജീവിതനിലവാരം കൂട്ടുകയോ ചെയ്യണമെന്ന മോഹത്തിലധികം പൊട്ടിത്തകർന്ന പൈപ്പുകൾക്കിടയിലൂടെ വന്നെത്തുന്ന കുടിവെള്ളത്തിൽ അഴുക്കുജലം കലരാതിരിയ്ക്കാൻ മുൻസിപ്പാലിറ്റി ശ്രദ്ധിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനെ. മറ്റു പല ലോകരാഷ്ട്രങ്ങളിലേതു പോലെ വൃത്തിയും ഭഗിയുമേറിയ റോഡുകളും പരിസരങ്ങളും  മുംബൈ നഗരിയ്ക്കൊരിയ്ക്കലും സ്വപ്നം കാണാൻ പോലുമാകില്ലെന്ന് തോന്നാറുണ്ട്. മാലിന്യങ്ങൾ കൂടിക്കിടന്നു ഈച്ചയാർക്കുന്ന വഴിയോരക്കാഴ്ച്ചകൾ നമുക്കെന്നും കണ്ടുകൊണ്ടേയിരിയ്ക്കാം.ഇവിടെ പുതിയ നേതാക്കൾ വന്നും പൊയ്ക്കൊണ്ടിരിയ്ക്കുമെങ്കിലും മുംബൈനഗരത്തിന്റെ പ്രശ്നങ്ങൾ  പഴയതു പോലെ തന്നെ തുടർന്നു കൊണ്ടെയിരിയ്ക്കും എന്നും നമുക്കറിയാവുന്നത് തന്നെ.

മനസ്സിന് അൽ‌പ്പം സന്തോഷം തരുന്ന കേരളത്തെക്കുറിച്ചുള്ള വാർത്തയിൽ ജന്മമെടുക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ ഏറ്റവും നല്ല സ്ഥലമായി കേരളത്തിനെയും ഗോവയേയും ചൂണ്ടിക്കാട്ടിയിരിയ്ക്കുന്നു. ശിശു മരണ നിരക്കിന്റെ കുറവാണിതിനു കാരണം. (ഇൻഫന്റ് മോർട്ടാലിറ്റി റേറ്റ്) . ജനിയ്ക്കുന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മാത്രമാവില്ല മറ്റുപല സംസ്ഥാനങ്ങളിലും ശിശു മരണനിരക്ക് കൂടുന്നതിനുള്ള കാരണമെന്നും നമുക്കറിയാവുന്നതാണ്.  ആൺകുഞ്ഞിനായുള്ള അദമ്യ മായ മോഹം വരുത്തി വയ്ക്കുന്ന ക്രൂരകൃത്യങ്ങളും കേരളത്തിൽ കുറവു തന്നെ.

നഗരത്തിൽ പകലിന് ചൂടു കൂടിത്തുടങ്ങിയിരിയ്ക്കുന്നു. തണുപ്പുകാലം വിട പറയാൻ തയ്യാറായി നിൽക്കുന്നു. വേനൽ  ഇങ്ങെത്താറായി.ദൈനം ദിന ജീവിതത്തിന്റെ പ്രശ്നങ്ങളിൽ മാത്രം കണ്ണും നട്ടിരിയ്ക്കുന്ന മുംബൈറ്റി കാലത്തിന്റെ ഒഴുക്കിനെപ്പോലും കാണുന്നില്ലെന്നുണ്ടോ? അതോ നഗരത്തിന്റെ ഒഴുക്കിനൊത്തുള്ള കുതിപ്പിൽ സ്വന്തം ചലനത്തെപ്പോലും മറക്കാൻ പഠിയ്ക്കുകയാണോ? കടന്നുപോയ വഴികളെ ഒന്നു പിന്തിരിഞ്ഞു നോക്കുമ്പോൾ കാലത്തിന്റെ ഒഴുക്കിന്റെ ശക്തിയെക്കുറിച്ചോർത്തു അത്ഭുതം തോന്നിപ്പോകും. ഇവിടെ നഗരത്തിന്റെ ഭാഗമായി ഒഴുകുന്നതിലെ സുഖം മറ്റെവിടെയും കിട്ടില്ലെന്ന സത്യവും നമുക്കറിയാനാകുന്നു. പ്രിയപ്പെട്ട നഗരമേ, ആരേയും ഒരേപോലെ യാതൊരുവിധ വ്യത്യാസവും കൂടാതെ സ്വീകരിയ്ക്കാനുള്ള നിന്റെ കഴിവു തന്നെയാണ് ഞങ്ങളെ നിന്നിലേയ്ക്കാകർഷിയ്ക്കുന്നത്. നന്ദി, ഐ ലവ് യൂ മുംബൈ…

(Published in’ WHITELINE VARTHA’ (print) Newspaper weekly tabloid from Mumbai .See www.whitelineworld.com)

One Response to “മുംബൈ പൾസ്-40”

  1. പാവപ്പെട്ടവൻ

    നഗരത്തിന്റെ പ്രത്യേകിച്ചും ബോംബയുടെ ഒരു വശ്യത തിരക്കിനെ സ്നേഹിക്കുന്നവർക്കാണ് ഒരു പക്ഷേ കൂടുതലും ഇഷ്ടപ്പെടുക. നല്ല കാഴ്ചപാടുകൾ

Leave a Reply

Your email address will not be published. Required fields are marked *