കണിക്കൊന്നകള്‍ പൂത്തപ്പോള്‍
ജ്യോതിര്‍മയി ശങ്കരന്
വര്‍ഷങ്ങള്‍ ഒരുപാടായി നാട്ടില്‍ ഒരു വിഷുക്കണി കണ്ടിട്ട്. വിഷുക്കണിയെക്കുറിച്ചു ഓര്‍ത്താല്‍ മനസ്സില്‍ ആദ്യം ഓടിയെത്തുന്നതു കണിക്കൊന്ന തന്നെ. വര്‍ഷങ്ങള്‍ക്കു മുന്‍പായി ഇവിടെ മുംബൈ നഗരത്തില്‍ ആദ്യമായി വന്നെത്തിയപ്പോഴും ആദ്യം കണ്ണില്പ്പെട്ടവയില് ഒന്നു കണിക്കൊന്നയായിരുന്നു. കണിക്കൊന്നയോടു സാദൃശ്യം വഹിയ്ക്കുന്ന മറ്റൊരു തരം മഞ്ഞപ്പൂക്കള്‍ നിറഞ്ഞ വൃക്ഷങ്ങളും ഇവിടെ റോഡരികുകളില്‍ കാണുന്നുണ്ട്. വിഷുവെത്തുന്നതു നമ്മള് മറക്കാതിരിയ്ക്കാനാണൊ ആവോ കൊന്ന ഇങ്ങനെ ഉടുത്തൊരുങ്ങി വരുന്നതെന്നു പലപ്പോഴും തോന്നാറുണ്ട്. നഗരത്തില്‍ അതു ശരിയ്ക്കും ആവശ്യം തന്നെ. പക്ഷികളും എത്തും വിഷുഗീതം പാടി മനസ്സിനെ തയ്യാറാക്കാന്‍.ആദ്യത്തെ പാട്ടു കേട്ടാല്‍ കിളി എവിടെയിരുന്നു പാടുന്നു എന്നു തിരക്കിപ്പോകാറുണ്ട് കുട്ടിക്കാലത്ത്. എന്നും മനസ്സു കുളിര്പ്പിയ്ക്കുന്ന രണ്ടു കാര്യങ്ങളായിരുന്നു കൊന്നപ്പൂവും വിഷുപ്പാട്ടു പാടുന്ന കിളികളും.
ഇവിടെയോ? വിഷുവിനും ഒരു പാടു മുന്‍പായാണു പലപ്പോഴും കൊന്നപ്പൂക്കള്‍ എന്റെ കണ്ണില്പ്പെടാറ്, എന്നിട്ടോ? വിഷുക്കണിയുടെ സമയത്തു എന്നും കൊന്നപ്പൂക്കള്‍ക്കു ദാരിദ്യ്രം തന്നെ. മലയാളിക്കടക്കാരന് വിഷുക്കണിയ്ക്കായി കൊച്ചു പ്ളാസ്റിക് കൂടുകളില്‍ സ്റാപ്പിള് ചെയ്തു തരുന്ന കൊന്നപ്പൂവിനു സ്വര്‍ണ്ണത്തേക്കാള്‍ വില. കൈ നിറയെ പൂ കിട്ടാറേ ഇല്ല. പേരിന്നു മാത്രം വയ്ക്കാനേ കഴിയൂ. ഇവിടെത്തുടങ്ങുന്നുവോ പ്രവാസിയുടെ ക്ഷാമം? ചുരുക്കിപ്പിടിയ്ക്കല്? നല്ല നാളെയ്ക്കായി കരുതി വയ്ക്കല്‍? ഇന്നിന്റെ സമൃദ്ധി കാണിയ്ക്കാന്‍ മറന്നുപോകുന്നുവോ നാം? ഇന്നിനെ ചുരുക്കി നാളെ നന്നാവാനൊരു പ്രാര്‍ത്ഥനയോടെയാണോ പ്രവാസി പുതു വര്‍ഷം തുടങ്ങുന്നത്?
വിഷുക്കണിയിലെ ഏറ്റവും പ്രധാനമായ ഒരു ‘ഭാഗമാണു കണിക്കൊന്ന. മഞ്ഞപ്പട്ടുടുത്ത കണ്ണനുമുന്പില് വെള്ളോട്ടുരുളിയിലെ സ്വര്‍ണ്ണവര്‍ണ്ണമാര്‍ന്ന കണിവെള്ളരിയ്ക്കക്കൊപ്പം കണിക്കൊന്ന, സ്വര്‍ണ്ണാഭരണം,അഷ്ടമംഗല്യം, പുതിയ വസ്ത്രം, വാല്‍ക്കണ്ണാടി, ഗ്രന്ഥക്കെട്ടു, വെള്ളിനാണയം,സംരുദ്ധിയെ സൂചിപ്പിയ്ക്കാനായി ധാന്യങ്ങള്‍, ചക്ക, മാങ്ങ എല്ലാമൊരുക്കി
കണി കാണുമ്പോള്‍ പ്രപഞ്ചത്തിനേയും അതിന്റെ സ്രഷ്ടാവിനെത്തന്നെയുമല്ലേ നാം പുതുവര്‍ഷത്തില്‍ കാണുന്നതും അനുസ്മരിയ്ക്കുന്നതും? വെള്ളോട്ടുരുളിയെ വിശാലമായ പ്രപഞ്ചമായും,അതിനുള്ളില്‍ വയ്ക്കുന്നവ കാലപുരുഷന്റെ പ്രതീകമായവയുമാണ്. കാലപുരുഷന്റെ മുഖമാണത്രെ കണിവെള്ളരി. വാല്‍ക്കണ്ണാടി മനസ്സും ഗ്രന്ഥങ്ങള്‍ വാക്കുകളും ദീപനാളങ്ങള്‍ കണ്ണുകളുമാണ്. അപ്പോള്‍ കണിക്കൊന്നയോ? കാലപുരുഷന്റെ ശിരസ്സിലണിയുന്ന പൊന്‍ കിരീടം. എത്ര സുന്ദരമായ ഭാവന, അല്ലെ? കുടുംബത്തിലെ കാരണവര്‍ അരിയും കൊന്നപ്പൂവും നാണയവും ചേര്‍ത്തു കയ്യില്‍ തരുന്ന വിഷുക്കൈനീട്ടം തലമുറകളിലൂടെ കൈമാറുന്ന ഈ വിശ്വാസം കൂടിയല്ലേ? പ്രകൃതിയെ ആദരിയ്ക്കാന്‍ , പ്രകൃതിയോടു നന്ദി പറഞ്ഞു പുതിയ വര്‍ഷത്തിനു തുടക്കം കുറിയ്ക്കാനൊരു ദിവസം കൂടിയാണു വിഷു. മനുഷ്യര്‍ സ്വാര്‍ത്ഥലാഭത്തിനായി പ്രകൃതിയെ ദുരുപയോഗപ്പെടുത്തി അതിന്റെ കെടുതികളനുഭവിയ്ക്കുന്ന ഇക്കാലത്തു ഇത്തരമൊരു ദിനത്തിന്റെ പ്രസക്തി നമുക്കു ഊഹിയ്ക്കാവുന്നതേയുള്ളൂ.
നിഷ്ക്കളങ്കതയുടെ സന്ദേശവുമായെത്തുന്നു ഏപ്രില്‍ ഏപ്രില്‍ മാസത്തില്‍ വരുന്ന വിഷു. സൂര്യപ്രകാശത്തെ ബഹിര്സ്ഫുരിപ്പിയ്ക്കുന്ന വജ്രത്തിന്റെ തിളക്കം പോലെ അറിവിന്റെ, ബുദ്ധിശക്തിയുടെ ദേവതയായ സൂര്യഭഗവാന് തന്റെ തീക്ഷ്ണരശ്മികളാല്‍ പ്രകൃതിയെ സ്വച്ഛമാക്കുന്ന സമയം. ഉള്ളില്‍ ആഹ്ളാദം നിറയ്ക്കുന്ന വേനലിലെ സ്വര്‍ണ്ണ രശ്മികള്‍ക്കു മഞ്ഞ നിറം. മഞ്ഞ നിറം എന്നും സന്തോഷദായകമാണ്. കാണുന്ന ആളുടെ മനസ്സില്‍ സന്തോഷം ഉണര്‍ത്താന്‍ ഇതിനുകഴിവുണ്ട്. മുന്നോട്ടു കുതിയ്ക്കാനുള്ള ത്വരയുണ്ട്. കൊന്നപ്പൂവു കണ്ടാല്‍ മനസ്സില്‍ കവിത വിരിയാത്ത മലയാളി ഉണ്ടാവില്ല.ഞാന്‍ ഇവിടെയുണ്ടേ…എന്നു വിളിച്ചു പറഞ്ഞു ശ്രദ്ധയാകര്ഷിയ്ക്കുന്നതുപോലെ , മഹാനഗരത്തിലും വിഷുവിനെ അനുസ്മരിപ്പിച്ചുകൊണ്ടു കൊന്നപ്പൂക്കളും കൊന്നമരങ്ങളും കാണാം.. ഒരു പാടു കഥകള്‍ ഓര്‍മ്മകളിലൂടെ ചികഞ്ഞെടുത്തു പുറത്തു കൊണ്ടു വരാനും ഈ പൂക്കള്‍ക്കു കഴിവുണ്ട്. ഇതു തന്നെയല്ലേ കണിയ്ക്കായി കൊന്നപ്പൂക്കള്‍ ഒരുക്കാന്‍ കാരണം? ഒരു സന്തോഷദായകമായ തുടക്കത്തിനായി?
കണിക്കൊന്ന എന്ന പേരു തന്നെയല്ലേ ഈ ഓണ്‍ലൈന്‍ മാഗസിന് ഇത്രയധികം ശ്രദ്ധ പിടിച്ചെടുക്കാനും കാരണമെന്നു തോന്നാറുണ്ട്. ഏതു മലയാളിയ്ക്കും എന്റെ സ്വന്തം എന്ന തോന്നലുളവാക്കുന്ന പദമാണല്ലോ ഇത്. നല്ല നിലവാരം പുലര്‍ത്തുന്ന ഉള്ളടക്കങ്ങള്‍ പുറത്തേയ്ക്കു സ്വര്‍ണ്ണപ്രഭ വിതറിയപ്പോള്‍ കണിക്കൊന്ന അക്ഷരാര്‍ത്ഥത്തില്‍ വായനക്കാരുടെ ഹൃദയം കവര്‍ന്നു
Leave a Reply