ഇരുളും വെളിച്ചവും

Posted by & filed under കവിത.

പൊട്ടിവിടരും പ്രഭാതത്തിലാമുനി-

യൊട്ടു നദിക്കരയെത്തവേ, നിശ്ചല,

സ്വച്ഛ സലിലത്തെയാകെയിളക്കുന്ന

വൃശ്ചികമൊന്നിനെക്കണ്ടു, രക്ഷിയ്ക്കുവാൻ

ഇച്ഛ പൂണ്ടൊട്ടു കരത്തിലെടുത്തപ്പോ-

ളക്ഷണം കുത്തൊന്നുകിട്ടി, കുടയവേ

വിഡ്ഡിയാം തേൾ നിപതിച്ചു ജലത്തിലേ,

യ്ക്കൊട്ടേറെ വട്ടം ശ്രമിച്ചു  മുനിവരൻ.

തൊട്ടടുത്തായ് നിന്നു തെല്ലത്ഭുതമ്പൂണ്ടി-

തൊട്ടു വീക്ഷിച്ചൊരു വേടൻ കഥിച്ചിദം:

“തെറ്റെങ്കിൽ മാപ്പാക്കിടേണം പറയുകിൽ,

വിട്ടുകൂടേ, യതു മുങ്ങി മരിയ്ക്കട്ടെ!

എത്രവട്ടം ശ്രമിച്ചീടിലുംകുത്തുമെ-

ന്നൊട്ടുറപ്പായ്, വിഫലശ്രമമെന്തിനായ്?”

ചെറ്റു മന്ദസ്മിതം പൂണ്ടു മുനി ചൊന്നാൻ:

“ഒട്ടറിയാത്തപ്രവൃത്തി, യതിൻ സത്യം

വൃശ്ചികമെന്തറിയുന്നു ?രക്ഷിയ്ക്കുവാൻ

ഇച്ഛയാൽ ഞാൻ ശ്രമിയ്ക്കുന്നു, സഹജമായ്.

ഉൾപ്പക കൊണ്ടെന്നെ കുത്തിയതല്ലവ-

നൊട്ടു സഹജമാ ദംശം, ജലമെന്നെ

യൊട്ടീറനാക്കിയ പോലേയറിയുക..

ചുറ്റുമായ്ക്കണ്ടിടും ജീവജാലങ്ങളെ

യൊട്ടു രക്ഷിപ്പതെൻ ധർമ്മ,മിത്തേൾപോലും

സ്പഷ്ടം സ്വധർമ്മം മറക്കാതിരിയ്ക്കവേ,

കഷ്ടം! മറക്കണോ ഞാനെന്റെ ധർമ്മവും?

കർമ്മയോഗത്താ,ലറിവിൻ കുറവിനാൽ,

വിങ്ങും പക, സ്വാർത്ഥമോഹ,മലംഭാവ,

മെന്തുമാകാം ചിലർ ധർമ്മം മറന്നിടു-

ന്നെന്നാലതൊന്നും നമുക്കേശിടാതെ നാം

സ്വന്തധർമ്മം പരിപാലിയ്ക്ക,ഹൃത്തിലേ

യ്ക്കന്ധകാരത്തെത്തടഞ്ഞു പ്രകാശത്തി-

നുള്ളിലേറാൻ വീഥിയൊന്നൊരുക്കീടുക.

നിന്റെ പ്രവൃത്തികൾ,  വാക്കുകൾ, ചിന്തകൾ

നിന്റെ രോഷം,വ്യഥയൊന്നാലധിഷ്ഠിതം

തള്ളുവാനാകണം തിന്മ, വിദ്ധ്വംസക-

മെല്ലാവികാരവും മഞ്ഞായുരുകണം.”

Leave a Reply

Your email address will not be published. Required fields are marked *