ദർപ്പണം (സിൽവിയാ പ്ലാത്ത്)

Posted by & filed under മൊഴിമാറ്റങ്ങൾ.

ദർപ്പണം (സിൽവിയാ പ്ലാത്ത്) ( My attempt to translate)വെള്ളിയല്ലോ ഞാൻ, കണിശക്കാരിയറിയുക
തെല്ലുമില്ലല്ലോ പൂർവ്വ കൽപ്പനയെനി,യ്ക്കെന്നാൽ
എന്തുനിങ്ങൾ കണ്ടീടുമെല്ലാം ഞാൻ വിഴുങ്ങുന്നു
തെല്ലു താമസമെന്യേ,എങ്ങിനെയിരിയ്ക്കിലു
ഇല്ലയിഷ്ടാനിഷ്ടത്തിൻധൂമിക തീർക്കും മൂടൽ.

ക്രൂരയല്ല ഞാൻ, സത്യവാദിയെന്നറിയുക,
നാലുമൂലയ്ക്കുള്ളിലായ്സ്ഥിതിചെയ്തീടും കൊച്ചു
ദേവന്റെ നയനമായെതിർഭിത്തിയിൽ ധ്യാന-
ലീനയായ്മരുവുന്നു,ശ്വേതരക്തവർണ്ണാഭം പുള്ളി-
ക്കുത്തുകൾ നോക്കും നേരമേറവേ യവയെന്റെ
മാനസത്തിൻ ഭാഗമായെനിയ്ക്കു തോന്നീടുന്നു

ചഞ്ചലസ്ഫുരണത്തിൽ വദനങ്ങളുമന്ധ-
കാരവും നമ്മേ വീണ്ടും വേർപെടുത്തീടുന്നല്ലോ

പൊയ്കയായ്മാറുന്നു ഞാൻ, എന്റെമേൽ ചായും സ്ത്രീയോ
എൻ പരപ്പിലായ് സ്വയം തേടുന്നു സ്വരൂപത്തെ
പിന്നെ കള്ളമോതിയ മെഴുകുതിരി, ചന്ദ്ര-
ബിംബത്തെ,യെതിർക്കവേ,കണ്ടിടും പുറംഭാഗം
അങ്ങറ്റം വിശ്വസ്തയായ് പകർത്തീടുന്നു ഞാനും.

എനിയ്ക്കു പ്രതിഫലം കണ്ണുനീർ, വിക്ഷോഭത്താൽ
ചലിയ്ക്കും കൈകൾ,നീ നൽകുന്ന പ്രാധാന്യം , വന്നും
തിരിച്ചും നീ പോകുന്നിതന്ധകാരത്തെ നിത്യം
തുടച്ചു മാറ്റുന്നു നിൻ മുഖഭാവമൊന്നിനാൽ.

എന്നുള്ളിൽ സ്വയം മുങ്ങി മരിച്ചാൾ യുവതിയായ്
പിന്നെയോ,യവൾക്കായെന്നുള്ളിലായ്നേരിട്ടങ്ങു
പൊങ്ങിടുന്നല്ലോ വൃദ്ധതന്നുടെരൂപം, ഭയം
തന്നീടും മഹാമത്സ്യമൊന്നുപോൽ ദിനം പോകെ.

Leave a Reply

Your email address will not be published. Required fields are marked *