2009 നവരാത്രി മുംബെയില്‍-1

Posted by & filed under മുംബൈ ജാലകം.

കഴിഞ്ഞ വര്‍ഷം മുംബൈ ജാലകത്തില്‍ നവരാത്രിയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുരിച്ചും ഞാന്‍ എഴുതിയിരുന്നു. കന്നി മാസത്തിലെ വെളുത്തപക്ഷത്തിലെ പ്രതിപദം മുതല്‍ നവമി വരെ ഒമ്പതു ദിവസങ്ങളാണു നവരാത്രി… ഭക്തി ഭാവത്തിന്റെയും, സംഗീതം, നൃത്തമെന്നിവയുടെയും അതിമനോഹരമായ ഒരു സങ്കലനമാണു ഈ നാളുകളില്‍ ഇവിടെ ദര്‍ശിയ്ക്കാന്‍ കഴിയുന്നതു.  ശക്തിയുടെ വിവിധരൂപങ്ങളുടെ ആരാധന  പ്രതിപദം മുതല്‍ തുടങ്ങി വിജയദശമിയായ പത്താം ദിവസം വരെ നീളുന്നു. ശരത്ക്കാലത്തിന്റെ ആഗമനം കുറിയ്ക്കുന്ന ഈ നവരാത്രി മഹാനവരാത്രിയെന്നറിയപ്പെടുന്നു.ഇതുകൂടാതെ വസന്ത നവരാത്രിയും ആഷാഢ നവരാത്രിയും ആഘോഷിയ്ക്കുന്നവരും ഉണ്ടു.

നവരാത്രി…ഒമ്പതു രാത്രങ്ങള്‍, പ്രകൃതിയുടെ ആരാധനയ്ക്കായി. അജ്ഞതയുടെ തമസ്സിനെ മനസ്സില്‍ നിന്നും ദൂരീകരിയ്ക്കാനായി ശക്തിയുടെ മൂര്‍ത്തീമദ്ഭാവമായ പ്രകൃതിയെ സന്തോഷിപ്പിച്ചു ആരാധിയ്ക്കുന്ന ഒമ്പതു നാളുകള്‍. ആദ്യത്തെ മൂന്നു ദിവസങ്ങളില്‍ കര്‍മ്മത്തിന്റെയും ഓജസ്സിന്റേയും പ്രതിരൂപിണിയായ പാര്‍വതിയേയും, പിന്നീടുള്ള മൂന്നു ദിവസങ്ങളില്‍ ഐശ്വര്യത്തിന്റെയും സമ്പത്തിന്റേയും പ്രതിനിധിയായ ലക്ഷ്മീദേവിയേയും അവസാനത്തെ മൂന്നുനാളുകളില്‍ വിദ്യയുടെയും അറിവിന്റേയും നാഥയായ സരസ്വതിയേയുമാണു ആരാധിയ്ക്കുന്നതു. ഇവര്‍ മൂന്നുപേരും ചേര്‍ന്ന രൂപമാണു പ്രകൃതി അഥവാ ശക്തി. ശ്രീ പരമേശ്വരന്റെ വാമഭാഗമായ പാര്‍വ്വതിയേയാണു നാം ശക്തിസ്വരൂപിണിയായി കാണുന്നതു. ശക്തിയുടെ 9 ഭാവങ്ങളുടെ ദേവിമാരായ ഭദ്രകാളി, ജഗദംബ, അന്നപൂര്‍ണ്ണ, സര്‍വമംഗള, ഭൈരവി, ചണ്ഡിക, ലളിത, ഭവാനി, മൂകാംബിക എന്നീ രൂപങ്ങളില്‍ ഓരോരോ ദിവസങ്ങളിലായി ആരാധിയ്ക്കുന്നവരുമുണ്ടു. ശക്തിസ്വരൂപിണിയാണു ദുര്‍ഗ്ഗയെങ്കില്‍ പ്രാണസ്വരൂപിണിയാണു ലക്ഷ്മി, സരസ്വതി വാഗ് ദേവതയും. ഈ ദിവസങ്ങളില്‍ മൂന്നുപേരും ആരാധിയ്ക്കപ്പെടുന്നു.വിജയദശമിനാളില്‍ അവസാനിയ്ക്കുന്നു.

നവരാത്രി വന്നെത്തിയെന്നാരും പറഞ്ഞു തരേണ്ടതില്ല, ഇവിടെ. ഒന്നു റോഡിലേയ്ക്കിറങ്ങിയാലറിയാം. നാല്‍ക്കവലകളിലും പ്രധാന സെന്ററുകളിലുമായുയരുന്ന പന്തലുകള്‍. കടകളിലും കൊച്ചു സ്റ്റാളുകളിലും എന്തിനു, റോഡുവക്കത്തുപോലും വില്‍പ്പനയ്ക്കായി നിരത്തി വയ്ച്ചിരിയ്ക്കുന്ന അതി മനോഹരമായ ആടയാഭരണങ്ങളും, പൂജാവസ്തുക്കളും മനോഹരമായി അലങ്കരിച്ച കലശങ്ങളുമൊക്കെ നവരാത്രി വന്നെത്തിയെന്നു വിളിച്ചോതുന്നു. ഇന്നു വൈകീട്ടു മുതല്‍ പാട്ടുകള്‍ ഒഴുകിയെത്തും അതുവരേയ്ക്കും അവസാന നിമിഷം വരെ തകൃതിയായി ഡ്രസ്സുകളും മാലകളും വള, കര്‍ണ്ണാഭരണങ്ങള്‍ എന്നിവയുമൊക്കെ വാങ്ങുന്നതിനായി കടകളില്‍ നല്ല തിരക്കാണു. ഇതു മുതലെടുത്തു കടകളും സജ്ജമായിത്തന്നെ കാണാനുണ്ടു. പുതിയ തരം സാധനങ്ങളിലൂടെ, ഡിസ്കൌണ്ട് ഓഫ്ഫറുകളിലൂടെ ഉപഭോക്താക്കളെ വലിച്ചടുപ്പിയ്ക്കാനുള്ള ശ്രമത്തില്‍ അവരും മുഴുകിയിരിയ്ക്കുന്നു. ഇവ നവരാത്രിയ്ക്കു വേണ്ടവ മാത്രമല്ല, ഇലക്ട്രോണിക് സാധനങ്ങള്‍, കാര്‍, ഫ്ലാറ്റ് എന്നു വരെയാകാം. വില്‍പ്പന കൂട്ടാന്‍ ഒരു കാരണത്തിന്റെ ആവശ്യം മാത്രം.

രസകരമായ പല സംഭവങ്ങളും ഇക്കാലത്തിവീടെ കാണാം. യുവത്വത്തിന്റെ പ്രസരിപ്പിന്റെ പ്രതീകമായ ഈ ആഘോഷം ഒരു ഫ്രീ-സെക്സിന്റെ സമയമായി കണ്ടെത്തുന്ന റ്റീനേജ് -യുവ തലമുറയും അവരെക്കുറിച്ചു വേവലാതിപ്പെടുന്ന മാതാപിതാക്കളും ഒരേപോലെത്തന്നെ ഈ ആഘോഷത്തെ എതിരേല്‍ക്കുന്നു. ശബ്ദമുഖരിതവും തിരക്കേറിയതുമായ അന്തരീക്ഷത്തില്‍ നിന്നും അല്‍പ്പനേരത്തേയ്ക്കു മാറി നിന്നു പരസ്പ്പരം അറിയാന്‍ സമയം കണ്ടെത്തുന്ന യുവ മിഥുനങ്ങളെ എവിടെയും കാണാം.ഒരു നവരാത്രി കഴിഞ്ഞാല്‍ ഓരോ ക്ലിനിക്കുകളിലും പലപ്പോഴും ഗര്‍ഭമലസിപ്പിയ്ക്കുന്നതിനുള്ള നീണ്ട നിര കാണുമെന്നു കേള്‍ക്കാറുള്ളതില്‍അത്ര  അതിശയോക്തിയൊന്നുമില്ലെന്നാണറിയാന്‍ കഴിഞ്ഞിട്ടുളളതു. അതു തന്നെ മാതാ പിതാക്കളുടെ വേവലാതിയ്ക്കൂളള കാരണവുമെന്നു മനസ്സിലായിക്കാണുമല്ലോ? പലപ്പോഴും കൂട്ടുകാരൊത്തു പല സ്ഥലങ്ങളിലും കറങ്ങി നടക്കുന്ന പെണ്‍കുട്ടികളെ ട്രാക് ചെയ്യാനായി പല മാതാപിതാക്കളും ഡിറ്റക്ടീവുകളെ വരെ നിയോഗിയ്ക്കാറുണ്ടു. ഇത്തവണ പലരും മൊബൈലില്‍ ട്രാകിംഗ് ചെയ്യാനായി ഒരു പുതിയ ഡിവൈസ് ഉപയോഗിയ്ക്കുന്നുവെന്നു കേട്ടു.

അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി പതിവായി ഈ കോളം വായിയ്ക്കുമല്ലോ? നവരാത്രിക്കാലത്തെ മുംബൈയിലെ കൂടുതല്‍ വിവരങ്ങള്‍  കാണുന്നവയും കേള്‍ക്കുന്നവയും വായിയ്ക്കുന്നവയുമായി ഏറെ ഉണ്ടാവും. ഒമ്പതു ദിവസവും അവ ഇവിടെ എഴുതുന്നതാണു. എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍!

2 Responses to “2009 നവരാത്രി മുംബെയില്‍-1”

 1. പാവപ്പെട്ടവന്‍

  ഒരു നവരാത്രി കഴിഞ്ഞാല്‍ ഓരോ ക്ലിനിക്കുകളിലും പലപ്പോഴും ഗര്‍ഭമലസിപ്പിയ്ക്കുന്നതിനുള്ള നീണ്ട നിര കാണുമെന്നു കേള്‍ക്കാറുള്ളതില്‍അത്ര അതിശയോക്തിയൊന്നുമില്ലെന്നാണറിയാന്‍ കഴിഞ്ഞിട്ടുളളതു
  അങ്ങനെ ഒരു മുഖം ഈ ആഘോഷത്തിനുണ്ടെങ്കില്‍ അത് ഒരു ദുരന്തമായെ കാണാന്‍ കഴിയു .ഈ പറഞ്ഞതൊക്കെ ഒരു പുതിയ അറിവാണ്‌ ആശംസകള്‍

 2. Santhosh Nampoothiri

  Congrats!!!!
  The article is informative as well as realistic. Nobody is bothered about the business tycoons, who are encashing festivals like Navarathri, Holy etc.. We can easily observe, aggressive youth, both male and female, wandering in pursuit of their physiological thirst during these eves.. Parents are also not much concerned about these type of roaming.. My experience in Gujarth, taught me the real pictures over there…
  Congrats for the article…

Leave a Reply

Your email address will not be published. Required fields are marked *