നവരാത്രി മുംബെയില്‍-2

Posted by & filed under മുംബൈ ജാലകം.

ഇന്നലെ വൈകീട്ടു ഏഴര മണിയോടു കൂടി പടക്കം പൊട്ടുന്ന ശബ്ദവും അതിനെത്തുടര്‍ന്നു പാട്ടുകളും ഒഴുകിയെത്തി. ദേവിയെ പ്രതിഷ്ഠിയ്ക്കുന്ന സമയത്തെ കലശസ്ഥാപനത്തിന്റെ നാന്ദി കുറിയ്ക്കലിനെയാണിതു വഴി സൂചിപ്പിയ്ക്കുന്നതു. പ്രതിഷ്ഠയും പൂജയും നൈവേദ്യം നേദിയ്ക്കലും കഴിഞ്ഞാല്‍ പിന്നെ അന്തരീക്ഷം ഹരം പിടിപ്പിയ്ക്കുന്ന പാട്ടുകളാല്‍ മുഖരിതമാകും. സന്ധ്യകഴിഞ്ഞാല്‍ വിവിധനിറങ്ങളിലെ വിളക്കുകളാല്‍ അലംകൃതമായ  അങ്കണത്തില്‍ കുട്ടികള്‍ ആകാക്ഷയോടെ വന്നെത്താന്‍ തൂടങ്ങും.

ഞങ്ങളുടെ ഹൌസിംഗ് കോമ്പ്ലെക്സില്‍ പത്തു പതിനഞ്ചു മള്‍ട്ടി സ്റ്റോറി ബില്‍ഡിംഗുകള്‍ ഉണ്ടു. അതിന്റെ അവസാനം രെയില്‍ വേ ട്രാക്കിനു തൊട്ടാണു. ശല്യം കൂടാതെസുഖമായി കളിയ്കാന്‍ സ്ഥലം ഉള്ളതിനാല്‍ എല്ലാ വര്‍ഷവും ഇവിടെ പൂജയും നൃത്തവും പതിവാണു. രാത്രി ഊണു കഴിഞ്ഞ ശേഷം ഇന്നലെ നടക്കാന്‍ പോയപ്പോള്‍  ദേവിയെ വന്ദിയ്ക്കാനും അല്‍പ്പ സമയം നൃത്തം കാണാനുമായി ചിലവഴിച്ചു. പ്രത്യേകം കെട്ടിയുണ്ടാക്കിയ മണ്ഡപത്തില്‍ ദേവിയുടെ രൂപം . നന്നായി അലങ്കരിച്ചു വച്ചിട്ടുണ്ടു. കളിയ്ക്കാനുള്ള സ്ഥലം വര്‍ണ്ണ ശബളിതമായി അലങ്കരിച്ചു നല്ല വിളക്കുകളാല്‍ പ്രകാശപൂരിതമാക്കിയിരിയ്ക്കുന്നു. നടുവിലായി ബാന്‍ഡു സെറ്റ്.. കളിയ്ക്കുന്നവരുടെ  നിര്‍ദ്ദേശത്തിനനുസരിച്ചു ഇവര്‍ പാട്ടുകള്‍ മാറ്റിക്കൊണ്ടിരിയ്ക്കുന്നു.

ആദ്യ ദിവസങ്ങള്‍ കുട്ടികളുടെയും നൃത്തച്ചുവടുകള്‍ പഠിയ്ക്കുന്നവരുടെയും അഭ്യാസക്കളരി മത്രമാണു. അവര്‍ നേരത്തെ തന്നെ വന്നു താളത്തിനൊപ്പിച്ചു  ചുവടുകള്‍ വയ്ക്കാനും പുതിയ തരം സ്റ്റെപ്പുകള്‍ പഠിയ്ക്കാനും താല്പര്യം കാണിയ്ക്കുന്നു. മുറുകിയ താളത്തിലെ യഥാര്‍ത്ഥ കളി കാണണമെങ്കില്‍ കുറെ നേരം കഴിയണം. ഊണെല്ലാം കഴിഞ്ഞു പല സ്ഥലങ്ങളില്‍ നിന്നായി കാറിലും ഓട്ടോയിലുമായി ആള്‍ക്കാര്‍ വന്നു കൊണ്ടേയിരിയ്ക്കും. ഓരോ  സംഘത്തിലും വിദഗ്ദ്ധരായ കളിക്കാരെ അവരുടെ താളച്ചുവടുകളില്‍ നിന്നും പ്രത്യ്യേകം തിരിച്ചറിയാം. അവര്‍ മനസ്സിനെയാകര്‍ഷിയ്ക്കുന്ന പാട്ടുകള്‍ക്കൊപ്പം കളിയ്ക്കുന്നതു കാണുമ്പോള്‍  നമ്മളും അറിയാതെ താളം ചവുട്ടിപ്പോകും. ഫാല്‍ഗുനി പഥക്കിന്റെ നവരാത്രി പ്രോഗ്രാം വളരെ വ്യഖ്യാതമാണു.

പുറത്തിരങിയപ്പോള്‍ പലസ്ഥലങ്ങളില്‍ നിന്നുമായി പാട്ടുകള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം നൃത്തം ആസ്വദിച്ച ശേഷം തിരിച്ചു പോന്നു. ഇന്നലെ ആദ്യ ദിവസമായതിനാല്‍ കാണാനായി അത്ര രസമൊന്നും തോന്നിയില്ല. ഇനിയും ഓരോദിവസവും കഴിയുംതോറും അണിഞ്ഞൊരുങ്ങലിന്റെ ഭംഗിയും കൂടുതല്‍ നന്നായി നൃത്തം ചെയ്യുന്നവരുടെ പങ്കെടുക്കലും വര്‍ദ്ധിച്ചു വരും. അപ്പോള്‍ ഇവിടെ നിന്നും പോരാനേ തോന്നുകയില്ല. കൂട്ടത്തില്‍ക്കൂടാന്‍ എല്ലാവരും നിര്‍ബന്ധിച്ചെങ്കിലും ഒഴിഞ്ഞുമാറി നിന്നു ആസ്വദിയ്ക്കാനാണു എനിയ്ക്കിഷ്ടം.

കൂടുതല്‍ വിശേഷങ്ങളുമായി നാളെ വരാം, ട്ടോ! ഇപ്പോള്‍ ഒഴുകിയെത്തുന്ന പാട്ടു എന്നെ വിളിയ്ക്കുന്നു. ഇത്തിരി നേരം ഗര്‍ബാഡാന്‍സ് ഒന്നു കണ്ടിട്ടു വരാം , ട്ടോ!

Leave a Reply

Your email address will not be published. Required fields are marked *