ദു:ഖങ്ങളേ…ഇനിയുറങ്ങൂ…..

Posted by & filed under കവിത.

ഉറങ്ങിക്കിടക്കുമെന്നാത്മ നൊമ്പരങ്ങളേ
യെനിയ്ക്കോതിടാനില്ലയൊന്നും,സുഖമാ-
യുറങ്ങൂ, വിളിച്ചില്ലയാരും ,പതുക്കെ
മറന്നൊരു നാ‍ളെ തന്‍ സ്വപ്നങ്ങള്‍ കാണൂ!
സഹിയ്ക്കാന്‍ പഠിപ്പിച്ചു നീയെന്നെ,യൊട്ടു
ത്യജിയ്ക്കാന്‍, മറക്കാന്‍, മനസ്സിന്റെയുള്ളി-
ലൊരൊട്ടു മറച്ചിതു വയ്ക്കാന്‍, കഴിഞ്ഞി-
ല്ലൊരിയ്ക്കലും വാളൊന്നു മൂര്‍ച്ചകൂട്ടീടാന്‍,
മനസ്സില്‍ വിദ്വേഷത്തിന്‍ വിത്തൊന്നു പാകാന്‍,
കഴുത്തൊന്നുവെട്ടാന്‍, കുതിച്ചുപൊങ്ങീടും-
കടുത്ത വിഷാദം കടിഞ്ഞാണിലേറ്റാന്‍
എനിക്കാവതില്ലല്ലോ,യിന്നും നിനച്ചാ-
ലെനിയ്ക്കില്ല ധൈര്യം പലതും നിനച്ചീ-
കരുക്കളെ നീക്കാന്‍, കുരുക്കാ,നരിയ്ക്കു
തലയ്ക്കു മുകളിലായ് ഖഡ്ഗം പിടിയ്ക്കാന്‍,
തനിയ്ക്കു താന്‍പോരിമയിന്നിതു കാട്ടാന്‍!
എനിയ്ക്കു വഴി നേരെയൊന്നിതുമാത്രം,
എനിയ്ക്കു തുണയായിതെന്‍ നിഴല്‍ മാത്രം,
മിഴിയ്ക്കു നനവെന്‍ വിധി തന്റെ കോട്ടം,
മൊഴിയ്ക്കു മധുരമതിന്നെന്റെ നേട്ടം!

11 Responses to “ദു:ഖങ്ങളേ…ഇനിയുറങ്ങൂ…..”

 1. smitha adharsh

  ദു:ഖങ്ങള്‍ അവിടെ കിടന്നു ഉറങ്ങിക്കോട്ടെ…ജ്യോതിര്‍മയീ..ഒന്നിനേയും വിളിച്ചുനര്തണ്ട…എല്ലാം അവിടെ തന്നെ മറച്ചു വക്കാം..ഇങ്ങനെ കവിതയ്ക്ക് വിഷയമാക്കാന്‍ മാത്രം പുറതെടുക്കാം….എന്നിട്ട് നമുക്കു ചിരിച്ചു കളിച്ചു നടക്കാം..
  നല്ല കവിത കേട്ടോ..ഇനിയും എഴുതൂ..ഇനിയും ഇതിലെ വരാം..

 2. Tito George

  oru book adichu erakkikoode…

 3. Kichu & Chinnu | കിച്ചു & ചിന്നു

  ഇനിയും എഴുതുക…. ദു:ഖങ്ങള്‍ ഉറങ്ങട്ടെ….
  ആശംസകള്‍

 4. മുരളീകൃഷ്ണ മാലോത്ത്‌

  കരുക്കളെ നീക്കാന്‍, കുരുക്കാ,നരിയ്ക്ക
  തലയ്ക്കു മുകളിലായ് ഖഡ്ഗം പിടിയ്ക്കാന്‍,
  തനിയ്ക്കു താന്‍പോരിമയിന്നിതു കാട്ടാന്‍!..???? u mean??

 5. jyothirmayi

  നന്ദി, സ്മിതാ…നല്ലവാക്കുകള്‍ക്കു.തീര്‍ച്ച്യായും വരണം.സന്തോഷമുണ്ടു.

  ടിട്ടൊ ജോര്‍ജ്ജ്…വേണമെന്നു കരുതുന്നു.നന്ദി.
  കിച്ചു/ചിന്നു…അതന്നെ,അല്ലെ?നന്ദി.
  മുരളീകൃഷ്ണ..പക, തിരിച്ചടി…ഇതിനുഞാനാളല്ല എന്നു.കരു നീക്കുക…പ്ലാന്‍ ചെയ്യുക
  കുരുക്കുക…വലയില്‍ പെടുത്തുക
  അരിയുടെ(ശത്രുവിന്റെ) തലയ്ക്കു ……ഭീഷണി കൊടുക്കുക….അത്രെ ഉദ്ദേശിച്ചുള്ളൂ.തനിയ്ക്കുതാന്‍….ഞാനെന്ന ഭാവം…ഇതൊന്നും എന്റെ നൊമ്പരങ്ങളെന്നെ പഠിപ്പിച്ചില്ല.

 6. അമൃതാ വാര്യര്‍

  മനസ്സിന്റെ
  അകത്തളങ്ങള്‍
  നിശിതാഗ്രങ്ങള്‍
  കൊണ്ട്‌ മുറിപ്പെടാന്‍
  കാത്തുനില്‍ക്കരുത്‌…

  ജീവിതത്തിലെ
  നേരമ്പോക്കുകള്‍ക്കും
  ആഹ്ലാദങ്ങള്‍ക്കും
  ചിതയൊരുക്കി
  കാത്തിരിക്കുന്ന
  ദുഃഖമെന്ന
  വികാരത്തെ
  നിര്‍ദ്ദയം പടിയടച്ച്‌
  പുറത്താക്കാന്‍ ശ്രമിക്കുക…
  നിസ്സഹായതയും ജീവിതവിജയവും
  ഒരിക്കലും ഒരുമിച്ച്‌ സഞ്ചരിച്ച
  ചരിത്രമില്ല…ഇനിയുണ്ടാവുകയുമില്ല..

 7. Senu Eapen Thomas, Poovathoor

  ദു:ഖങ്ങള്‍ ഉറങ്ങട്ടെ…. ദുഖങ്ങള്‍ ഉറങ്ങുമോ…ഉറങ്ങിയിരുന്നെങ്കില്‍…

  ആശംസകളോടെ.
  പഴമ്പുരാണംസ്‌

 8. MULLASSERY

  ലളിതവും ശക്തവുമത്രേ മനോനൊമ്പരങ്ങളെ തൊട്ടുണര്‍ത്താന്‍ കെല്‍പ്പുള്ള ഈ കവിത.
  അല്പം കൂടി ശ്രദ്ധച്ചിരുന്നുവെങ്കില്‍ അതിമനോഹരവുമാകുമായിരുന്നു..

  എന്‍ , എനിക്ക് മുതലായ പദങ്ങള്‍ ആവര്‍ത്തന വിരസതയുളവാകും വിധം കടന്നു കൂടിയത് ശ്രദ്ധിക്കൂ…

  എന്തൊക്കെപ്പറഞ്ഞാലും “മൊഴിയ്ക്ക് മധുരിമ കൂടിയിട്ടുണ്ട് ”എന്നത് നേട്ടം തന്നെ!
  അഭിനന്ദനങ്ങള്‍…

 9. jyothirmayi

  അമൃതാവാര്യര്‍…അതു വേണമെന്നു വിചാരിച്ചതുകൊണ്ടുമാത്രം കാര്യമില്ലല്ലൊ?ദു:ഖമെന്നും ക്ഷണിയ്ക്കപ്പെടാത്ത അതിഥിയായി പടിവാതുക്കല്‍ തന്നെ പലപ്പോഴും കാത്തു നില്‍ക്കുന്നു.
  സേനു…നന്ദി…എന്റെ താരാട്ടുകേട്ടു ഉറങ്ങാതിരിയ്ക്കില്ല…
  മുല്ലശ്ശേരി മാഷേ…സന്തോഷായി…തീര്‍ച്ചയായും ശ്രദ്ധിയ്ക്കാം…അനുഗ്രഹിച്ചോളൂ…നേരെയാവാന്‍..

 10. Sri Garudan

  Excellent. Kavitha…. vayichappol real bhavam and feeling…

 11. sunithsomasekhaar

  nalla varikal..nannayi ezhuthaan kazhiyunna aaralum shradhikkaatha ethra pere blogiloode kanan kazhiyunnu…ashamsakal….

Leave a Reply

Your email address will not be published. Required fields are marked *